Education Expansion | ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 28 യുജി/പിജി പ്രോഗ്രാമുകള്‍ക്ക് ഈ അധ്യയന വര്‍ഷം അപേക്ഷ ക്ഷണിച്ചു
● ഒരു ലക്ഷം പഠിതാക്കളെ എത്തിക്കുക എന്നതാണ് ലക്ഷ്യം.
● പ്രായപരിധി ഇല്ലാതെ അര്‍ഹരായ എല്ലാവര്‍ക്കും പഠിക്കാന്‍ അവസരം.
● സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം.
കാസര്‍കോട്: (KasargodVartha) കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്‌കാരങ്ങള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചു വരുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (Sree Narayana Guru Open University) നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന ഈ വേളയില്‍ കേരളത്തെ സമ്പൂര്‍ണ്ണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 28 യു.ജി/പി.ജി പ്രോഗ്രാമുകള്‍ക്ക് ഈ അധ്യയന വര്‍ഷം അപേക്ഷ ക്ഷണിച്ചതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ 23 പഠന കേന്ദ്രങ്ങളിലായി 45,000 ത്തോളം പഠിതാക്കള്‍ പഠിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഒരു ലക്ഷം പഠിതാക്കളെ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. പ്രായപരിധി ഇല്ലാതെ അര്‍ഹരായ എല്ലാവര്‍ക്കും പഠിക്കാന്‍ അവസരം ഒരുക്കുന്നു എന്നുള്ളതാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സ്വീകാര്യത കൂട്ടുന്നത്.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണമേന്മയുള്ള ഉന്നത വിദ്യാഭാസം ഉറപ്പു വരുത്തുക, അത് വഴി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബും വിജ്ഞാന സമൂഹവുമാക്കി മാറ്റുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നിടത്താണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പങ്ക് നിര്‍ണായകമാകുന്നത്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്നുള്ളത് കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍, ആരാധ്യനായ മുഖ്യമന്ത്രി, ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ബഹു. ധനകാര്യമന്ത്രി, സ്ഥലം എം.എല്‍.എ, എം.പി, അതുപോലെ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പൂര്‍ണ്ണ പിന്തുണയും സഹായ സഹകരണവും യൂണിവേഴ്‌സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്നു എന്നുള്ളത് ഞങ്ങളുടെ കരുത്തും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവുമാണ്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഈ അധ്യയന വര്‍ഷം അപേക്ഷ ക്ഷണിച്ചിരിക്കുന്ന 28 യു.ജി /പി.ജി പ്രോഗ്രാമുകളില്‍ 16 യു.ജി പ്രോഗ്രാമുകളും, 12 പി.ജി പ്രോഗ്രാമുകളും ആണുള്ളത്. ഇതില്‍ 6 യു.ജി പ്രോഗ്രാമുകള്‍ ഈ വര്‍ഷം മുതല്‍ നാലുവര്‍ഷ ഓണേഴ്‌സ് ഘടനയിലേക്കു മാറുകയാണ്. ഇന്ത്യയിലെ സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളില്‍ ആദ്യമായി 4 വര്‍ഷ ബിരുദം നടപ്പിലാക്കുന്നത് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയാണ് എന്ന് അഭിമാനത്തോടെ അറിയിക്കട്ടെ. നാലു വര്‍ഷ ഓണേഴ്‌സ് ബിരുദത്തിന് ചേരുന്നവര്‍ക്ക് 3 വര്‍ഷം കഴിഞ്ഞാല്‍ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റോടു കൂടി ഋഃശ േഓപ്ഷന്‍ നല്‍കുന്നുണ്ട്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ എല്ലാ യു.ജി/പി.ജി പ്രോഗ്രാമുകളും യു ജി സി / ഡി ഇ ബി യുടെ അംഗീകാരത്തോട് കൂടിയാണ് നടത്തുന്നത്. ആയതിനാല്‍ പി എസ് സി/യു പി എസ് സി യുടെ അംഗീകാരം ഈ പ്രോഗ്രാമുകള്‍ക്ക് ഉണ്ട്. മറ്റ് എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും ഓപ്പണ്‍ സര്‍വകലാശാലയുടെ ബിരുദം സ്വീകാര്യമാണ്.
നാലു വര്‍ഷ ഓണേഴ്‌സ് ഘടനയിലേക്ക് മാറുന്ന പ്രോഗ്രാമുകള്‍.
1. ബിബിഎ ഓണേഴ്‌സ് (എച്ച്.ആര്‍, മാര്‍ക്കറ്റിംഗ്, ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്മന്റ്)
2. ബികോം ഓണേഴ്‌സ് (ഫിനാന്‍സ്, കോ-ഓപ്പറേഷന്‍, ലോജിസ്റ്റിക്‌സ്&സപ്ലൈ ചെയിന്‍ മാനേജ്മന്റ്
3. ബി എ ഇംഗ്ലീഷ് ഓണേഴ്‌സ് ലാംഗ്വേജ് & ലിറ്ററേച്ചര്‍
4. ബി എ മലയാളം ഓണേഴ്‌സ് ലാംഗ്വേജ് & ലിറ്ററേച്ചര്‍
5. ബി എ ഹിസ്റ്ററി ഓണേഴ്‌സ്
6. ബി എ സോഷ്യോളജി ഓണേഴ്‌സ്
മൂന്ന് വര്‍ഷ ബിരുദ ഘടനയില്‍ തുടരുന്ന 10 യു ജി പ്രോഗ്രാമുകള്‍.
1. ബി എ നാനോ എന്റര്‍പ്രെണര്‍ഷിപ്പ്
2. ബി സി എ
3. ബി എ അറബിക് ലാംഗ്വേജ് & ലിറ്ററേച്ചര്‍
4. ബി എ ഹിന്ദി ലാംഗ്വേജ് & ലിറ്ററേച്ചര്‍
5. ബി എ സംസ്‌കൃതം ലാംഗ്വേജ് & ലിറ്ററേച്ചര്‍
6. ബി എ അഫ്‌സല്‍ ഉല്‍ ഉലമ
7. ബി എ എക്കണോമിക്‌സ്
8. ബി എ ഫിലോസഫി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ശ്രീനാരായണഗുരു സ്റ്റഡീസ്
9. ബി എ പൊളിറ്റിക്കല്‍ സയന്‍സ്
10. ബി എ സൈക്കോളജി
അടുത്ത വര്‍ഷം എല്ലാ യു.ജി പ്രോഗ്രാമുകളും 4 വര്‍ഷ ഘടനയിലേക്ക് മാറും.
പി ജി പ്രോഗ്രാമുകള്‍
1. എം കോം
2. എം എ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍
3. എം എ മലയാളം ലാംഗ്വേജ് & ലിറ്ററേച്ചര്‍
4. എം എ അറബിക് ലാംഗ്വേജ് & ലിറ്ററേച്ചര്‍
5. എം എ ഹിന്ദി ലാംഗ്വേജ് & ലിറ്ററേച്ചര്‍
6. എം എ സംസ്‌കൃതം ലാംഗ്വേജ് & ലിറ്ററേച്ചര്‍
7. എം എ ഹിസ്റ്ററി
8. എം എ സോഷ്യോളജി
9. എം എ എക്കണോമിക്‌സ്
10. എം എ ഫിലോസോഫി
11. എം എ പൊളിറ്റിക്കല്‍ സയന്‍സ്
12. എം എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍
പുതിയ കാലഘട്ടത്തിന് അനുസരിച്ചു ആവശ്യമായ നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത സ്‌കില്‍, വ്യവസായ ശാലകളിലെ പരിശീലനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയ പരിഷ്‌കരിച്ച സിലബസ് എല്ലാ പ്രോഗ്രാമുകളുടേയും പ്രതേകതയാണ്. Multi-Disciplinary & Inter Disciplinary Subjects തിരഞ്ഞെടുത്തു പഠിക്കാനുള്ള അവസരം ഈ പ്രോഗ്രാമുകള്‍ക്ക് ഉണ്ട്. MOOC കോഴ്‌സുകള്‍ പഠിക്കുവാനും, ഇന്റേണ്‍ഷിപ് ചെയ്യുവാനുമുള്ള അവസരങ്ങളും ഈ പ്രോഗ്രാമുകള്‍ പഠിക്കുന്നതിലൂടെ സാധ്യമാകും.
യു ജി സി റെഗുലേഷന്‍സ് 2020 ന്റെ റെഗുലേഷന്‍ 22 പ്രകാരം റെഗുലര്‍ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പണ്‍ & ഡിസ്റ്റന്‍സ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്. നിലവില്‍ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവര്‍ക്കും യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാന്‍ സാധിക്കും. യു ജി സി യുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്‌സിറ്റി ഇത്തരത്തില്‍ ഡ്യൂവല്‍ ഡിഗ്രി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ടി സി നിര്‍ബന്ധമല്ല, പ്രായപരിധിയോ, മാര്‍ക്ക് മാനദണ്ഡങ്ങളോ യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിക്കുന്നില്ല എന്നത് കൊണ്ട് തന്നെ മിനിമം ക്വാളിഫിക്കേഷന്‍ ഉള്ള എല്ലാവര്‍ക്കും പഠനത്തിന് അവസരം ലഭിക്കുന്നു.
-ബിഎ നാനോ എന്റര്‍പ്രെണര്‍ഷിപ്പ് പ്രോഗ്രാം യു ജി സി അംഗീകാരത്തോടെ ഇന്ത്യയില്‍ തന്നെ ആദ്യമായി നടത്തുന്ന യൂണിവേഴ്‌സിറ്റിയായി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി മാറി. പല കാരണങ്ങള്‍ കൊണ്ട് പഠനം പാതി വഴിയില്‍ നിറുത്തേണ്ടി വന്നവര്‍ക്ക് ഒരു ബിരുദം നേടുന്നതിനോടൊപ്പം ഒരു സംരംഭം വിജയകരമായി എങ്ങനെ നടത്താം എന്ന് പ്രായോഗികമായി പഠിക്കാനും ഈ പ്രോഗ്രാം സഹായിക്കും. ഇതിന് കുടുംബശ്രീ പോലുള്ള സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കും.
-ബി എസ് സി ഡാറ്റ സയന്‍സ് & അനലിറ്റിക്സ്, ബി എസ് സി മള്‍ട്ടി മീഡിയ എന്നീ ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുവാന്‍ വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ്. യു ജി സി യുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ അധ്യയന വര്‍ഷം തന്നെ തുടങ്ങുവാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ. എംബിഎ, എംസിഎ എന്നീ പ്രോഗ്രാമുകള്‍ അടുത്ത വര്‍ഷം തുടങ്ങും.
-യു.ജി, പി.ജി പ്രോഗ്രാമുകള്‍ കൂടാതെ വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ളതും തൊഴിലധിഷ്ഠിതവുമായ സര്‍ട്ടിഫിക്കറ്റ് & ഡിപ്ലോമ പ്രോഗ്രാമുകള്‍ ഈ അധ്യയന വര്‍ഷം തുടങ്ങും, ഇതിനായി ICT അക്കാഡമി, കെല്‍ട്രോണ്‍, അസാപ്, റ്റി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കില, കേരളം യൂത്ത് ലീഡര്‍ഷിപ് അക്കാഡമി, കേരളം സ്റ്റാര്‍ട്ടപ്പ് മിഷന്‍, IHRD പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെ ശക്തമായ പിന്തുണ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ ഊര്‍ജമാണ് നല്‍കുന്നത്. എല്ലാ സര്‍ട്ടിഫിക്കറ്റ് & ഡിപ്ലോമ പ്രോഗ്രാമുകള്‍ക്കും NCVET യുടെ certification കൂടി ലഭ്യമാക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഫലത്തില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്ക് ചേരുന്നവര്‍ക്ക് Dual Certification ആയിരിക്കും ലഭിക്കുക. യൂണിവേഴ്‌സിറ്റി നടത്തുന്നതും ഇനി നടത്താന്‍ ഉദ്ദേശിക്കുന്നതുമായുള്ള സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍ ഉള്‍പ്പെടെ എല്ലാ പ്രോഗ്രാമുകളും Credit Based Choice System ത്തില്‍ ആണെന്നതിനാല്‍ എല്ലാ പഠിതാക്കളേയും ABC പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നത് കൊണ്ട് തന്നെ തുടര്‍ന്ന് പഠിക്കുന്ന എല്ലാ പ്രോഗ്രാമുകള്‍ക്കും ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സാധ്യമാകുന്നു.
-കേരള ഹിന്ദി പ്രചാര സഭയുമായി ചേര്‍ന്ന് കോഴ്‌സ് തുടങ്ങാന്‍ തീരുമാനമായി. അതുപോലെ തന്നെ Cambridge University Press മായി സഹകരിച്ചു ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകളും, വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജര്‍മന്‍ ഭാഷാ കോഴ്‌സുകളും നടപ്പിലാക്കും. ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് അക്കാഡമികമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
-സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പഠിതാക്കളുടെ ഒരു റഫറന്‍സ് ലൈബ്രറിയാക്കി മാറ്റുവാന്‍ വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. കൊല്ലം ജില്ലാ ലൈബ്രറി യൂണിവേഴ്‌സിറ്റിയുടെ പ്രധാന റഫറന്‍സ് ലൈബ്രറി ആകുകയാണ്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ജില്ലാ ലൈബ്രറി കൗണ്‍സിലുകളുമായി ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ലൈബ്രറികളേയും ഇത്തരത്തില്‍ റഫറന്‍സ് ലൈബ്രറിയായി മാറ്റുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ CSR ഫണ്ട് ഉപയോഗിച്ച് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു ഡിജിറ്റല്‍ ലൈബ്രറി ഉടന്‍ പ്രാവര്‍ത്തികമാക്കും. എഗ്രിമെന്റ് ഒപ്പ് വച്ചു കഴിഞ്ഞു.ഇതുവഴി പഠിതാക്കള്‍ക്കു എവിടിരുന്നും ലൈബ്രറി ബുക്കുകള്‍ റെഫര്‍ ചെയ്യുവാനുള്ള സൗകര്യം ഒരുങ്ങുകയാണ്. കൂടാതെ ഡിജിറ്റയ്‌സ് ചെയ്യുന്നത് വഴി ഓഡിയോ ഫോര്‍മാറ്റിലും ബുക്കുകള്‍ ലഭ്യമാക്കും. കാഴ്ചപരിമിതി ഉള്ള പഠിതാകള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
-ഓപ്പണ്‍ എഡ്യൂക്കേഷന്റെ സാദ്ധ്യതകള്‍ വിശകലനം ചെയ്യുന്ന ഒരു ഇന്റര്‍നാഷണല്‍ അക്കാഡമിക് കോണ്‍ക്ലേവ് ഈ അധ്യയന വര്‍ഷം നടത്തും. ഈ കോണ്‍ക്ലേവിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ഒരു വിഷന്‍ ഡോക്യുമെന്റ് പുറത്തിറക്കുകയും ഇതിനെ അടിസ്ഥാനപ്പെടുത്തി സ്ട്രാറ്റജിക് പ്ലാന്‍ തയ്യാറാക്കുകയും ചെയ്യും. യൂണിവേഴ്‌സിറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് രൂപപ്പെടുത്തും.
- മാര്‍ച്ചില്‍ നടത്തിയ കലോത്സവം ഒരു വിജയമാക്കി തീര്‍ക്കുവാന്‍ നിങ്ങളുടെ മികച്ച പിന്തുണ ഉണ്ടായിരുന്നു. ഈ വര്‍ഷം തന്നെ സ്‌പോര്‍ട്‌സ് മീറ്റും സംഘടിപ്പിക്കും. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളും കൃതികളും പുതുതലമുറയ്ക്ക് ആഴത്തില്‍ മനസിലാക്കുവാനായി ഇന്റര്‍നാഷണല്‍ ശ്രീനാരായണഗുരു ലിറ്റററി ഫെസ്റ്റ് ഈ വര്‍ഷം നടത്തും.
- ജയില്‍ അന്തേവാസികളുടെ തുടര്‍പഠനം സാധ്യമാക്കുന്ന സമന്വയ പദ്ധതി കണ്ണൂര്‍ ജയിലില്‍ തുടക്കം കുറിച്ചിരുന്നു. ഈ അധ്യയന വര്‍ഷം ഈ പദ്ധതിയുടെ പ്രയോജനം സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും വ്യാപിപ്പിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 50 ഓളം ജയില്‍ അന്തേവാസികള്‍ ഇതിനോടകം തുടര്‍പഠനത്തിന് താല്പര്യം അറിയിച്ചിട്ടുണ്ട്.
-അനാഥാലയത്തിലെ അന്തേവാസികളായ പഠിതാകള്‍ക്ക് ഫീസ് കണ്‍സെഷനോടെ പഠിക്കുവാനുള്ള അവസരം ഒരുക്കും. സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അവരുമായി സഹകരിച്ചു വരും വര്‍ഷങ്ങളില്‍ ഇത് സൗജന്യമാക്കുവാനും ആലോചനയുണ്ട്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിലവില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും പഠനത്തില്‍ മികവ് പുലര്‍ത്തുന്നതുമായ ഭവനരഹിതരായ എല്ലാ പഠിതാക്കള്‍ക്കും ഒപ്പം പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ ഈ അധ്യയന വര്‍ഷം തുടക്കം കുറിച്ചു.14 പഠിതാക്കള്‍ക്ക് ഈ വര്‍ഷം വീട് നിര്‍മിച്ചു നല്‍കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പഠിതാവിന്റെ കുടുംബാംഗങ്ങള്‍ക്കും വീട് നഷ്ടപ്പെട്ട പഠിതാവിനും യൂണിവേഴ്‌സിറ്റി അധികൃതര്‍ നേരിട്ടെത്തി ധനസഹായം നല്‍കി.
- വിവിധ ജില്ലാ പഞ്ചായത്തുകളുമായി ചേര്‍ന്ന് അര്‍ഹരായ പഠിതാക്കളെ കണ്ടെത്തി ഫീസ് ഇളവോടെ പഠിപ്പിക്കുവാന്‍ വിവിധ പദ്ധതികള്‍ നിലവിലുണ്ട്. കുറ്റ്യാടി ജില്ലാപഞ്ചായത്തുമായി ചേര്‍ന്ന് 'സ്മാര്‍ട്ട് കുറ്റ്യാടി', കാസര്‍ഗോഡ് ജില്ലാപഞ്ചായത്തുമായി സഹകരിച്ചു 'ദര്‍പ്പണം' അതുപോലെ കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലട പഞ്ചായത്തുമായി സഹകരിച്ചും പഠിതാക്കളെ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടു എല്ലാ LSG കള്‍ക്കും കത്ത് അയച്ചു കഴിഞ്ഞു. മങ്കട പഞ്ചായത്തുമായും കാട്ടാക്കട പഞ്ചായത്തുമായും സഹകരിച്ചു പഠനം പാതിവഴിയില്‍ നിലച്ചു പോയവരെ കണ്ടെത്തി തുടര്‍പഠനത്തിന് അവസരമൊരുക്കുന്നുണ്ട്. മങ്കട പഞ്ചായത്ത് ബഹു എം എല്‍ എ ശ്രീ. മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ ജെംസ് കോളേജുമായി സഹകരിച്ചാണ് മങ്കടയില്‍ 'ഞങ്ങളും കോളേജിലേക്ക്' എന്ന തുടര്‍ പഠന പദ്ധതി നടപ്പിലാക്കുന്നത്. അതേ മാതൃകയില്‍ ഐ. ബി. സതീഷ് എം.എല്‍.എ യുടെ സഹകരണത്തോടെയാണ് കാട്ടാക്കടയില്‍ ''എല്ലാവര്‍ക്കും ബിരുദം'' പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് എം.എല്‍.എ മാരുടെയും അധികാര പരിധിയില്‍ വരുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ തുടര്‍പഠനം സാധ്യമാക്കുവാന്‍ യൂണിവേഴ്‌സിറ്റി മുന്‍കൈ എടുക്കുന്നുണ്ട്.
- വനിതാ ശിശു ക്ഷേമ വകുപ്പുമായി സഹകരിച്ച് അര്‍ഹരായ കുടുംബശ്രീ അംഗങ്ങളുടെ തുടര്‍ പഠനവും, സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം ഒരുക്കുവാനുമുള്ള പദ്ധതികളും അന്തിമ ഘട്ടത്തില്‍ ആണ്.
- യൂണിവേഴ്സിറ്റിക്ക് പുതിയ ക്യാമ്പസ് ഉടനെ യാഥാര്‍ഥ്യമാക്കും. അനുയോജ്യമായ സ്ഥലം കൊല്ലം ജില്ലയില്‍ കണ്ടെത്തി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അക്കാഡമിക് ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ വേണ്ട നടപടികള്‍ നടന്നു വരുന്നു. ഇതിനു വേണ്ട താല്പര്യപത്രം ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. അനുയോജ്യമായ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ NIT കാലിക്കറ്റ്‌നെ ഏല്‍പ്പിക്കുവാന്‍ വേണ്ട തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
-കൊല്ലം കുരീപ്പുഴയിലെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെ 5 റീജിയണല്‍ സെന്ററുകള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് ഉണ്ട്. ഈ റീജിയണല്‍ സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നവീകരിച്ച തൃപ്പൂണിത്തുറ റീജിയണല്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 22-07-2024 ന് ബഹു. എം എല്‍ എ ശ്രീ. കെ. ബാബു നിര്‍വഹിച്ചു. പട്ടാമ്പി റീജിയണല്‍ സെന്ററിന്റെ ഉദ്ഘാടനം ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു സെപ്റ്റംബര്‍ 9 ന് നിര്‍വഹിച്ചു.കോഴിക്കോട്, കണ്ണൂര്‍ റീജിയണല്‍ കേന്ദ്രങ്ങളുടെ ഉദ്ഘാടനങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ നടത്തും.
- ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ രണ്ടാം ഘട്ടം വികസ്വര സമൂഹത്തിന്റെ വിദ്യാഭ്യാസ നൈപുണ്യ ആവശ്യങ്ങള്‍ക്ക് പ്രയോഗക്ഷമമായ വൈവിധ്യമാര്‍ന്ന ഒട്ടേറെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. കേരളം ഒരുങ്ങുകയാണ്.
-സമ്പൂര്‍ണ്ണ ബിരുദ സംസ്ഥാനമാകാന്‍ അതിനായി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സജ്ജമാണ് എന്ന് അഭിമാനത്തോടെ നിങ്ങളെ അറിയിക്കുകയാണ്.
പ്രൊഫ. ഡോ.വി. പി. ജഗതി രാജ് (വൈസ് ചാന്‍സിലര്‍), പ്രൊഫ. ഡോ. എസ്. വി. സുധീര്‍ ( പ്രോ. വൈസ് ചാന്‍സിലര്‍), പ്രൊഫ. ടി. എം. വിജയന്‍ ( സിന്‍ഡിക്കേറ്റ് അംഗം ), ഡോ. അബ്ദുല്‍ ഗഫൂര്‍ സി വി (റീജിയണല്‍ ഡയറക്ടര്‍, കണ്ണൂര്‍ ) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.