city-gold-ad-for-blogger
Aster MIMS 10/10/2023

അവഗണിക്കപ്പെട്ട അരയി ഗവ യു പി സ്‌കൂള്‍ ഒരുമയിലൂടെ മുന്നോട്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.09.2016) 'മരണത്തിന് അവധി നല്‍കരുത്. പകരം കൂടുതല്‍ സമയം പ്രവര്‍ത്തിക്കണം'. മഹാനായ എ പി ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ നടപ്പിലാക്കുന്നത് ഒരു ദിവസമല്ല. ഒരു വര്‍ഷം മുഴുവനും! അധ്യാപകര്‍ ഒരു കുടുംബത്തിലെ പോലെ സ്‌നേഹത്തോടെയും ഒരുമയോടെയും കഴിയുന്ന വിദ്യാലയങ്ങള്‍ക്കേ ഇത്തരം സ്വപ്നം കാണാനും യാഥാര്‍ത്ഥ്യമാക്കാനും കഴിയൂ.

അവഗണിക്കപ്പെട്ട അരയി ഗവ. യു പി സ്‌കൂളിനെ രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റിയതിനു പിന്നില്‍ ഈ കൂട്ടായ്മയാണ്. അധ്യാപകരിലെ ഈ അപൂര്‍വ കൂട്ടായ്മ രക്ഷിതാക്കളും നാട്ടുകാരും ഏറ്റെടുത്തു. 'അരയി ഒരുമയുടെ തിരുമധുരം' വിജയം കണ്ടു. നൂറില്‍ താഴെ മാത്രം കുട്ടികളുണ്ടായിരുന്ന വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം രണ്ടു വര്‍ഷം കൊണ്ട് ഇരട്ടിയിലധികമായി. കാഞ്ഞങ്ങാട് നഗരസഭ വരുന്ന അഞ്ചു വര്‍ഷം കൊണ്ട് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും.

രാവിലെ ഒമ്പത് മണിക്ക് മണി മുഴങ്ങുമ്പോള്‍ തന്നെ അധ്യാപകരും കുട്ടികളും റെഡി. കുട്ടികളുടെ റേഡിയോ അരയി വാണിയോടെയാണ് തുടക്കം. കൊച്ചുവാര്‍ത്തകള്‍, കുഞ്ഞിച്ചിറകുകള്‍, കിളിമൊഴി... എല്ലാ പരിപാടികളും നിശ്ചയിക്കുന്നതും അവതരിപ്പിക്കുന്നതും കുട്ടികള്‍ തന്നെ. അതിനായി ഒരു കുഞ്ഞു എഡിറ്റോറിയല്‍ ബോഡ് തന്നെയുണ്ട് അവര്‍ക്ക്. എല്ലാ കാര്യത്തിലും ഒരുമയോടെ നീങ്ങുന്ന അധ്യാപകര്‍ക്കിടയില്‍ ഒരു കാര്യത്തില്‍ മാത്രം കടുത്ത മത്സരമുണ്ട്. അത് തങ്ങളുടെ ക്ലാസ് മുറിയില്‍ ഏറ്റവും മികച്ച പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും മാത്രം.

ക്ലാസില്‍ നടക്കുന്ന കാര്യങ്ങള്‍ തത്സമയം രക്ഷിതാക്കളെ അറിയിക്കാന്‍ രക്ഷിതാക്കളുടെ വാട്ട്‌സ് ആപ് കൂട്ടായ്മയുമുണ്ട്. അധ്യാപകര്‍ക്ക് കുട്ടികളുടെ ഗൃഹപാഠങ്ങള്‍ മോണിറ്റര്‍ ചെയ്യാനും ഈ സ്മാര്‍ട്ട് ഫോണ്‍ കൂട്ടായ്മയിലൂടെ കഴിയുന്നു. മികച്ച പഠന നിലവാരത്തിനുള്ള സ്‌റ്റേറ്റ് എക്‌സലന്‍സി അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ലഭിച്ചത് അരയി സ്‌കൂളിനായിരുന്നു.

പഠന പ്രവര്‍ത്തനങ്ങളില്‍ വേറിട്ട മാതൃക സൃഷ്ടിച്ച അരയി ജൈവ കൃഷിയിലും നൂറുമേനി കൊയ്തു. കഴിഞ്ഞ വര്‍ഷം ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം വിദ്യാലയത്തെ തേടിയെത്തി. വിഷമില്ലാത്ത പച്ചക്കറികള്‍ കൊണ്ട് വിഭവസമൃദ്ധമായ ഉച്ചയൂണ് അരയി നടപ്പിലാക്കുന്നത് ഇങ്ങനെയാണ്. വിദ്യാലയം സന്ദര്‍ശിച്ച നൂറിലേറെ പ്രഥമാധ്യാപകരും പി ടി എ ഭാരവാഹികളും ഉച്ചഭക്ഷണ മെനു കണ്ട് അന്തം വിട്ടു. ദിവസവും മൂന്നും നാലും കറികള്‍. ആഴ്ചയില്‍ ഒരു ദിവസം സ്‌പെഷല്‍ പായസം. പിറന്നാള്‍ സദ്യ വേറെയും. തറവാടുകളും രക്ഷിതാക്കളും വിദ്യാലയത്തിലേക്ക് നാടന്‍ വിഭവങ്ങള്‍ എത്തിക്കാന്‍ മത്സരത്തിലാണ്. പാചകത്തിനുമുണ്ട് അമ്മമാരുടെ കൂട്ടായ്മ.

തീര്‍ന്നില്ല അരയി വിശേഷം. ദിനാചരണങ്ങളും മേളകളും തുടങ്ങി വിദ്യാലയത്തിലെ എല്ലാ പരിപാടികളിലും ജനപങ്കാളിത്തം കാണാം. കഴിഞ്ഞ വര്‍ഷത്തെ ദേശീയ അധ്യാപക അവാര്‍ഡ് കൊടക്കാട് നാരായണന്‍ പ്രഥമാധ്യാപകനായി എത്തിയതോടെയാണ് അരയിയുടെ ശനിദശ മാറിയത്. മികച്ച പി ടി എയ്ക്ക് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം, സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലാതല പുരസ്‌കാരം, മികച്ച ബ്ലോഗിനുള്ള പുരസ്‌കാരം, സീഡ്, വണ്ടര്‍ലാന്റ് പുരസ്‌കാരം... അരയിയിലേക്ക് സമ്മാനങ്ങളുടെ പെരുമഴ തന്നെയായിരുന്നു.

ശോഭന കൊഴുമ്മല്‍, കെ വനജ, പ്രകാശന്‍ കരിവെള്ളൂര്‍, കെ വി സൈജു, എ വി ഹേമാവതി, പി ബിന്ദു, സിനി എബ്രഹാം, കെ ശ്രീജ, ടി ഷീബ, ടി വി സവിത, ടി വി രസ്‌ന എന്നിവരാണ് അധ്യാപകര്‍. കെ അനിതയാണ് ഓഫീസ് അറ്റന്‍ഡര്‍. പി രാജന്‍ പി ടി എ പ്രസിഡന്റ്, എസ് സി റഹ് മത്ത് മദര്‍ പി ടി എ പ്രസിഡന്റ് കെ അമ്പാടി ചെയര്‍മാനായി വികസന സമിതിയുമുണ്ട്.

അവഗണിക്കപ്പെട്ട അരയി ഗവ യു പി സ്‌കൂള്‍ ഒരുമയിലൂടെ മുന്നോട്ട്

Keywords : School, Education, Students, Kasaragod, Programme, Celebration, Arayi School.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL