സ്‌കൂളുകളും കോളജുകളും പൂര്‍ണതോതില്‍ ഫെബ്രുവരി അവസാനത്തോടെ; തയാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശം
Feb 8, 2022, 19:18 IST
തിരുവനന്തപുരം: (www.kasargodvartha.com 08.02.2022) സംസ്ഥാനത്ത് സ്‌കൂളുകളും കോളജുകളും മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കാന്‍ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയാറെടുപ്പുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. അതുവരെ പകുതി വിദ്യാര്‍ഥികളെ മാത്രം ഉള്‍പെടുത്തി ക്ലാസുകള്‍ നടത്തും.
കോവിഡാനന്തര രോഗവിവിരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കോവിഡ് ക്ലിനികുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ഡെപ്യൂടി ഡിഎംഒ തലത്തിലും ചുമതല നല്‍കിയിട്ടുണ്ട്.
ആശുപത്രികളില്‍ പ്രത്യേകിച്ച് മെഡികല്‍ കോളജ് ആശുപത്രികളില്‍ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ചില സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി മോണോ ക്ലോണല്‍ ആന്റി ബോഡി ചികിത്സ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Keywords: Schools, colleges prepare to welcome students back to class, Thiruvananthapuram, News, Education, Students, Top-Headlines, Kerala.