Education | മിനിമം മാര്‍ക് ഏര്‍പ്പെടുത്തുന്നതിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ജാഥ അസംബന്ധമെന്ന് അഖിലേന്‍ഡ്യ സേവ് എഡ്യുകേഷന്‍ കമിറ്റി
● നിലവാരത്തകര്‍ച്ചയുടെ കാരണം ഡിപിഇപിയും ബോധനസമ്പ്രദായവും.
● ഓള്‍ പ്രമോഷന്‍ വഴി വിദ്യാഭ്യാസ നിലവാരം തകര്‍ന്നു.
● കുട്ടികളെ പഠിപ്പിക്കാതെ പാസാക്കി വിടുന്ന സമ്പ്രദായം അവസാനിപ്പിക്കണം.
കാസര്‍കോട്: (KasargodVartha) 'തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ' എന്ന ചോദ്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (Kerala Sasthra Sahithya Parishad)
വ്യാഴാഴ്ച കാസര്‍കോട്ട് നിന്നും ആരംഭിച്ച വാഹനപ്രചരണ ജാഥ ഒരു അസംബന്ധ ജാഥയാണെന്ന് അഖിലേന്‍ഡ്യാ സേവ് എഡ്യൂകേഷന്‍ കമിറ്റി (All India Save Education Committee) ആരോപിച്ചു.
ഡിപിഇപി മുതലുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച ശാസ്ത്ര സാഹിത്യ പരിഷത്താണ് പരീക്ഷകളില്‍ മിനിമം മാര്‍ക് ഏര്‍പെടുത്തുന്നതിനെതിരെ ജാഥ നടത്തി വിദ്യാഭ്യാസത്തെ വെല്ലുവിളിക്കുന്നത്.
കുട്ടികളെ പഠിപ്പിക്കാതെ പാസാക്കി വിടുന്ന ഓള്‍ പ്രൊമോഷന്‍ സമ്പ്രദായം അവസാനിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്നവരുടെ മുദ്രാവാക്യം. പരിഷത്തുള്‍പെടെയുള്ള സംഘടനകളുടെ ഒത്താശയോടെ നടപ്പിലാക്കിയ പുതിയ പാഠ്യപദ്ധതി സൃഷ്ടിച്ച നിലവാരത്തകര്‍ച്ചയില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസത്തെ രക്ഷിക്കുവാന്‍ വിദ്യാഭ്യാസ സ്‌നേഹികള്‍ ഒത്തൊരുമിക്കേണ്ട സന്ദര്‍ഭമാണിതെന്ന് സേവ് എഡ്യുകേഷന്‍ കമിറ്റി നേതാക്കള്‍ പറയുന്നത്.
വിദ്യാഭ്യാസ സ്‌നേഹികളുടെ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസിലും അടുത്തവര്‍ഷം ഒമ്പതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും പരീക്ഷകളില്‍ മിനിമം 30% മാര്‍ക് ഏര്‍പെടുത്തുന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍കാര്‍ നിര്‍ബന്ധിതമായത്. ഓള്‍ പ്രമോഷന്‍ വഴി വിദ്യാഭ്യാസനിലവാരം ഉയരുകയല്ല മറിച്ച് തകരുകയാണ് ചെയ്തതെന്ന കാര്യം പകല്‍ പോലെ വ്യക്തമാണെന്ന് സേവ് എഡ്യുകേഷന്‍ കമിറ്റി പറഞ്ഞു.
മിനിമം മാര്‍ക് ഏര്‍പെടുത്തിയാല്‍ അത് ആദിവാസി - ദളിത് വിദ്യാര്‍ഥികളെ ബാധിക്കും എന്നുള്ള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വാദം തികഞ്ഞ കാപട്യമാണ്. പഠിപ്പിക്കാതെ ക്ലാസ് കയറ്റം നല്‍കുന്ന സമ്പ്രദായം നിലവാരത്തെ മാത്രമല്ല വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഭാവിയെയും തകര്‍ത്ത് കഴിഞ്ഞുവെന്ന കാര്യം പരിഷത്ത് മറച്ചുവയ്ക്കുകയാണ്.
ഡിപിഇപിയില്‍ തുടങ്ങിയ പുതിയ പാഠ്യപദ്ധതിയും പുതിയ ബോധന സമ്പ്രദായവും വികലമായ നിരന്തര മൂല്യനിര്‍ണയവുമാണ് നിലവാരത്തകര്‍ച്ചയുടെ കാരണം. അതിനാല്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക് ഏര്‍പെടുത്തിയത് കൊണ്ട് മാത്രം സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരം ഉയരില്ല. പകരം 10-ാം ക്ലാസ് ഉള്‍പെടെ എല്ലാ ക്ലാസുകളിലും പരീക്ഷക്കും മൂല്യനിര്‍ണയത്തിനും ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ പുനഃസ്ഥാപിക്കുകയും ഇപ്പോള്‍ പിന്തുടരുന്ന സ്റ്റേറ്റ് സിലബസും പാഠ്യപദ്ധതിയും അടിമുടി പൊളിച്ച് എഴുതുകയും വേണം.
സമൂഹത്തെ പൊതുവിലും, വിദ്യാഭ്യാസ ലോകത്തെ പ്രത്യേകിച്ചും അവഹേളിക്കുന്ന ഇത്തരം അസംബന്ധ ജാഥയില്‍ നിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പിന്തിരിയണമെന്നും സേവ് എഡ്യുകേഷന്‍ കമിറ്റി പ്രസിഡന്റ് പ്രൊഫ. ജോര്‍ജ് ജോസഫ്, സെക്രടറി അഡ്വ. ഇ എന്‍ ശാന്തിരാജ്, വൈസ് പ്രസിഡന്റ് ജി നാരായണന്‍, വൈസ് പ്രസിഡന്റ് പ്രൊഫ. ഫ്രാന്‍സിസ് കളത്തിങ്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
#KSSP #education #Kerala #minimummarks #controversy #SaveEducationCommittee #educationreforms