city-gold-ad-for-blogger

പിഎസ്‌സി പരീക്ഷ മാറ്റിവെച്ചതിൽ ഉദ്യോഗാർഥികൾ വലഞ്ഞു; പുലർച്ചെ മുതൽ എത്തിയവർ നിരാശരായി മടങ്ങി

Frustrated candidates returning from a PSC exam center.
Photo: Special Arrangement

● ഫീമെയിൽ കെയർ ടേക്കർ പരീക്ഷയാണ് മാറ്റിവെച്ചത്.
● പുലർച്ചെ വലിയ തുക മുടക്കിയാണ് ഉദ്യോഗാർഥികൾ എത്തിയത്.
● പിഎസ്‌സി വെബ്സൈറ്റിൽ അറിയിപ്പ് നൽകിയിരുന്നുവെന്ന് അധികൃതർ.
● പലർക്കും അറിയിപ്പ് ലഭിച്ചില്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
● മുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ആരോപണം.

കാസർകോട്: (KasargodVartha) പിഎസ്‌സി പരീക്ഷ മാറ്റിവെച്ചതിനെ തുടർന്ന് പുലർച്ചെ മുതൽ എത്തിയ നൂറുകണക്കിന് ഉദ്യോഗാർഥികൾ നിരാശരായി മടങ്ങി. വനിതാ ശിശു വികസന വകുപ്പിലെ ഫീമെയിൽ കെയർ ടേക്കർ (കാറ്റഗറി നമ്പർ 586/2024) പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർഥികളാണ് പരീക്ഷ മാറ്റിവെച്ചതറിയാതെ വലഞ്ഞത്.

കാസർകോട് തളങ്കര ഗവ. മുസ്ലിം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് നിരവധി പേർ പരീക്ഷ എഴുതാനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ 8.50 വരെയായിരുന്നു പരീക്ഷാ സമയം. കിഴക്കൻ മലയോര പ്രദേശമായ വെള്ളരിക്കുണ്ടിൽ നിന്നടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി വനിതാ ഉദ്യോഗാർഥികൾ എത്തിയിരുന്നു. 

അതിരാവിലെ ആവശ്യത്തിന് ബസ് ഇല്ലാത്തതിനാൽ പലരും ഓട്ടോറിക്ഷയ്ക്കും മറ്റ് വാഹനങ്ങൾക്കും വലിയ തുക വാടക നൽകിയാണ് കൃത്യസമയത്ത് എത്തിയത്. പരീക്ഷാ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് പരീക്ഷ മാറ്റിവെച്ച കാര്യം അറിഞ്ഞെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. 

തങ്ങളുടെ പിഎസ്‌സി പ്രൊഫൈലിൽ തിങ്കളാഴ്ച വരെ പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള ഒരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് അവർ പറയുന്നു. എന്നാൽ, പിഎസ്‌സി വെബ്സൈറ്റിൽ പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള അറിയിപ്പ് 13-ന് രാത്രി തന്നെ നൽകിയിരുന്നുവെന്നാണ് ബന്ധപ്പെട്ടപ്പോൾ പിഎസ്‌സി അധികൃതർ പറഞ്ഞതെന്ന് ഉദ്യോഗാർഥികൾ പ്രതികരിച്ചു.

നേരത്തെ കോഴിക്കോട്ട് ഐസിഡിഎസ് സൂപ്പർവൈസർ പരീക്ഷയ്ക്കും ഇതേ രീതിയിൽ പിഎസ്‌സി തങ്ങളെ ബുദ്ധിമുട്ടിച്ചതായി ചില ഉദ്യോഗാർഥികൾ ആരോപിച്ചു. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലുമടക്കം പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള അറിയിപ്പ് രണ്ട് ദിവസം മുൻപേ നൽകിയിരുന്നുവെന്ന് ഒരു ഉന്നത പിഎസ്‌സി ഉദ്യോഗസ്ഥൻ കാസർകോട് വാർത്തയോട് പ്രതികരിച്ചു. മാധ്യമങ്ങൾക്കും പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള അറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎസ്‌സിയുടെ ഈ നടപടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ.


Article Summary: Hundreds of candidates suffer as PSC exam is postponed without notice.

#PSC #KeralaPSC #ExamPostponed #JobSeekers #KeralaJobs #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia