city-gold-ad-for-blogger

വിസ്ഡം പ്രൊഫ്കോണിന്‌ മംഗളൂറില്‍ വെള്ളിയാഴ്ച തുടക്കം: ത്രിദിന സമ്മേളനത്തിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും

29th Profcon Global Professional Students Conference Begins Friday in Mangaluru
KasargodVartha Photo

● ദിനേഷ് ഗുണ്ടു റാവു, എസ്.വൈ. ഖുറൈഷി, എം.എല്‍.എ മാരായ എൻ.എ നെല്ലിക്കുന്ന്‌, എ.കെ.എം അഷ്‌റഫ്‌ തുടങ്ങിയവർ അതിഥികളാകും.
● നാല് വേദികളിലായി 50 സെഷനുകളായാണ്‌ സമ്മേളനം നടക്കുന്നത്.
● വിദേശ പഠനത്തിലെ ചതിക്കുഴികൾ, ലൈംഗിക അരാജകത്വം, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവക്കെതിരെ ബോധവൽക്കരണം ലക്ഷ്യം വെക്കുന്നു.
● പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പ്രത്യേക സെഷൻ ഒരുക്കിയിട്ടുണ്ട്.
● എൻ.ഐ.ടി കാലിക്കറ്റ് ഗോൾഡ് മെഡലിസ്റ്റ് മുഹമ്മദ് അമീന്‌ ‘പ്രോഫ്‌ലൂമിന അവാർഡ് ഫോർ എക്സലൻസ്’ സമ്മാനിക്കും.

കാസർകോട്: (KasargodVartha) വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ്‌ ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 29-ാമത് ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം - പ്രൊഫ്കോണിന്‌ വെള്ളിയാഴ്ച (ഒക്ടോബർ 10) മംഗളൂറു മാറോളി സൂര്യ വുഡ്സ് കൺവെൻഷൻ സെൻ്ററിൽ തുടക്കമാകും. ഞായർ വരെ നീണ്ടുനിൽക്കുന്ന ത്രിദിന സമ്മേളനത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ ക്യാമ്പസുകളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ സംബന്ധിക്കും. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതന്മാരും പ്രഭാഷകരും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

സമ്മേളനം നാല് വേദികളിലായി 50 സെഷനുകളായാണ്‌ നടക്കുക. സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ കരിയർ ക്ലബ്ബുകൾ, ഗൈഡൻസ്‌ സെന്ററുകൾ, പാനൽ ചർച്ചകൾ, തുറന്ന സംവാദങ്ങൾ, ക്യാമ്പസ്‌ കോൺക്ലേവുകൾ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. പ്രൊഫഷണല്‍ വിദ്യാർഥി സമൂഹത്തിന് ധൈഷണിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പുതിയ ഉപരിപഠന സാധ്യതകളും തൊഴിൽ മേഖലകളും പരിചയപ്പെടുത്തുക, വിദേശ പഠന പ്രവണതകളിലെ ചതിക്കുഴികൾ, സോഷ്യല്‍ മീഡിയ ദുരുപയോഗം, ലൈംഗിക അരാജകത്വം, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവക്കെതിരെ ബോധവൽക്കരണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

പ്രമുഖർ അതിഥികളാകും

ത്രിദിന സമ്മേളനത്തിൽ കർണ്ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്‌ മന്ത്രി ദിനേഷ്‌ ഗുണ്ടു റാവു, മുൻ ദേശീയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറൈഷി, ഷൈഖ് അബ്ദുസ്സലാം മദനി, എം.എല്‍.എ മാരായ അഷോക് കുമാർ റായ്, എൻ.എ നെല്ലിക്കുന്ന്‌, എ.കെ.എം അഷ്‌റഫ്‌ തുടങ്ങിയവർ അതിഥികളാകും. വെള്ളിയാഴ്ച വൈകീട്ട്‌ നടക്കുന്ന ഉദ്ഘാടന സമ്മേളനം ആസ്പെയർ കോളേജ് ഓഫ് എക്സലൻസ് സി.ഇ.ഒ. യും ഫൗണ്ടറുമായ ഷൈഖ് അബ്ദുസ്സലാം മദനി ഉദ്ഘാടനം ചെയ്യും. ഡോ. ഷഹ്ബാസ് കെ. അബ്ബാസ് അധ്യക്ഷനാകും.

പ്രധാന ചർച്ചാ വിഷയങ്ങൾ

വെള്ളിയാഴ്ച രാത്രി നടക്കുന്ന ‘സർവൈവിങ്ങ് എ ഷേക്കൻ വേൾഡ്’ പാനൽ ചർച്ചയിൽ സി.പി സലീം ഉൾപ്പെടെയുള്ള വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും പങ്കെടുക്കും. ശനിയാഴ്ച എസ്.വൈ. ഖുറൈഷി, എൻ.എ. നെല്ലിക്കുന്ന്‌, എ.കെ.എം അഷ്‌റഫ്‌ എന്നിവർ പങ്കെടുക്കുന്ന സെഷനുകൾ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ‘വെൻ ദി റിജിം ഫെയിൽസ്, ദി പീപ്പിൾ’ സമകാലിക ചർച്ചയിൽ എം.എസ്.എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് പി.വി അഹമ്മദ് സാജു, എസ്.എഫ്.ഐ കേരള സംസ്ഥാന സെക്രട്ടറി പി.എസ് സജ്ഞീവ്, യൂത്ത് കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് ഡോ. ജിന്റോ ജോൺ എന്നിവർ പങ്കെടുക്കും.

പലസ്തീൻ ഐക്യദാർഢ്യവും അവാർഡും

സമ്മേളനം പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കും. ‘എക്കോസ് ഓഫ് അൽ ഖുദ്സ്; ദി പലസ്തീൻ സ്റ്റോറി’ എന്ന സെഷനിൽ ജിയോപൊളിറ്റിക്കൽ അനലിസ്റ്റും ചരിത്ര വിഭാഗം പ്രൊഫസറുമായ ഡോ. പി.ജെ വിൻസന്റ്, ഡോ. അബ്ദുല്ല ബാസിൽ സി.പി എന്നിവർ നയിക്കുന്ന ശില്പശാല ഒരുക്കിയിട്ടുണ്ട്. ‘പ്രോഫ്‌ലൂമിന അവാർഡ് ഫോർ എക്സലൻസ്’ പുരസ്കാരം എൻ.ഐ.ടി കാലിക്കറ്റ് ഗോൾഡ് മെഡലിസ്റ്റ് മുഹമ്മദ് അമീന്‌ പ്രോഫ്കോൺ സ്വാഗതസംഘം ചെയർമാൻ അഡൂർ ബി. ഇബ്രാഹീം ഐ.എ.എസ് (റിട്ട.) സമ്മാനിക്കും. ഞായറാഴ്ച അബൂബക്കർ സലഫി സമ്മേളനം സമാപനം ചെയ്യും.

വിസ്ഡം സ്റ്റുഡന്റ്‌സ് കേരള ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ശമീല്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് തളങ്കര, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഫഹൂം, വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ സെക്രട്ടറി റഹീസ് പട്‌ല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

മംഗളൂറിൽ ആരംഭിക്കുന്ന പ്രൊഫ്കോൺ സമ്മേളനം പുതിയ തലമുറക്ക് എന്ത് ദിശാബോധമാണ് നൽകുക? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: 29th Profcon Global Professional Students Conference begins Friday in Mangaluru.

#Profcon29 #WisdomStudents #MangaluruConference #DineshGunduRao #SVQuraishi #PalestineSolidarity

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia