പിഎംശ്രീയിൽ നിന്ന് പിന്മാറിയാൽ പൊതുവിദ്യാഭ്യാസം തകരും; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ
● സർക്കാർ സ്കൂളുകളെ തകർക്കുകയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു.
● വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലെ സ്കൂളുകളെ തേടിപ്പോകുന്ന അവസ്ഥയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
● കേന്ദ്ര സർക്കാർ 2022-23 കാലയളവിൽ സ്കൂളുകൾക്കായി 1071 കോടി രൂപ അനുവദിച്ചതായി അദ്ദേഹം ഓർമ്മിപ്പിച്ചു.
● പിഎംശ്രീ നടപ്പാക്കൽ പുനഃപരിശോധിക്കാൻ വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ രൂപവത്കരിച്ചു.
● ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ പദ്ധതി നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കാസർകോട്: (KasargodVartha) കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പിഎംശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറുന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുന്നറിയിപ്പ് നൽകി. കാസർകോട് ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളെ തകർക്കാനാണ് കരാറിൽ നിന്നും പിൻമാറാനുള്ള സംസ്ഥാന സർക്കാരിൻ്റെ ഈ തീരുമാനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകും’
‘പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലെ സ്കൂളുകളെ തേടിപ്പോകുന്ന അവസ്ഥയുണ്ടാകും’ എന്നും ജോർജ് കുര്യൻ മുന്നറിയിപ്പ് നൽകി. എന്നാൽ പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത് സംസ്ഥാന സർക്കാർ സ്വാഗതാർഹമായി കരുതുന്നതായും ആ കരാറിൽ നിന്ന് പിന്മാറില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മാർട്ട് സ്കൂളുകളായി മാറിയത് കേന്ദ്ര തുക കൊണ്ട്
കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് നൽകുന്ന സഹായത്തിൻ്റെ ഭാഗമായി 2022-23 കാലയളവിൽ സർക്കാർ സ്കൂളുകളുടെ വികസനത്തിനായി 1071 കോടി രൂപയാണ് അനുവദിച്ചതെന്ന് ജോർജ് കുര്യൻ ഓർമ്മിപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ നിരവധി സർക്കാർ സ്കൂളുകൾ സ്മാർട്ട് സ്കൂളുകളായി മാറിയതെന്നും പദ്ധതി മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയാൽ സർക്കാർ സ്കൂളുകൾക്ക് വളർച്ചയുണ്ടാകില്ലെന്നും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അതിൻ്റെ പ്രതികൂല ഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴംഗ ഉപസമിതി പുനഃപരിശോധിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച പറഞ്ഞതനുസരിച്ച്, സംസ്ഥാനത്ത് പിഎംശ്രീ പദ്ധതി നടപ്പാക്കൽ പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഏഴംഗ മന്ത്രിസഭാ ഉപസമിതിയും രൂപവത്കരിച്ചു. ഉപസമിതിയിൽ കെ രാജൻ, പി പ്രസാദ്, റോഷി അഗസ്റ്റിൻ, പി രാജീവ്, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി എന്നിവരാണ് അംഗങ്ങൾ.
താൽക്കാലികമായി നിർത്തിവെച്ചു
ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സംസ്ഥാനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ഈ തീരുമാനം കേന്ദ്രസർക്കാരിനെ കത്തുമുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒപ്പിട്ട പദ്ധതിയിൽ നിന്നും ഇനി കേരളത്തിന് മാറിനിൽക്കാൻ കഴിയുമോ എന്ന വിഷയവും നിയമപരമായി ബാക്കി നിൽക്കുകയാണ്. ഇപ്പോൾ ഉണ്ടായിട്ടുള്ള ജനരോഷം തെരെഞ്ഞടുപ്പിൽ ചർച്ചയാകുമെന് മനസ്സിലാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള താൽക്കാലിക പിൻമാറ്റമാണ് ഇതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര പദ്ധതികൾ ആവശ്യമുണ്ടോ? പിഎംശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറുന്നതിനെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? കമൻ്റ് ചെയ്യുക.
Article Summary: Union Minister George Kurian warns that Kerala withdrawing from the PM SHRI scheme will harm public education.
#PMSHRI #GeorgeKurian #KeralaEducation #CentralScheme #StatePolitics #SmartSchool






