Advice | ‘നിനക്ക് വേണ്ടിയാണ് നീ പഠിക്കുന്നത്, എന്നല്ല മക്കളെ ഉപദേശിക്കേണ്ടത്’; പകരം പറയേണ്ടതെന്ത്? മികച്ച മാതാപിതാക്കളാകാൻ പ്രശസ്ത പരിശീലകൻ പങ്കുവെക്കുന്ന രഹസ്യങ്ങൾ
● കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
● മുത്തച്ഛനും മുത്തശ്ശിയും കുട്ടികൾക്ക് മൂല്യങ്ങൾ പകർന്നു നൽകുന്നതിനും സഹായിക്കും.
● മക്കളെ താരതമ്യം ചെയ്യുന്നത് ഒഴിവാക്കണം.
കാസർകോട്: (KasargodVartha) കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് മാതാപിതാക്കളുടെ പങ്ക് നിർണായകമാണെന്നും അവർ അവരുടെ മക്കളുമായി നിലനിർത്തുന്ന ബന്ധം അവരുടെ ഭാവി ജീവിതത്തെ ഗണ്യമായി സ്വാധീനിക്കുമെന്നും പ്രശസ്ത പരിശീലകൻ മനോജ് കുമാർ പിണറായി (മനോജ് മൈഥിലി) പറഞ്ഞു. ചെമനാട് ഗവ. ഹയർ സെകൻഡറി സ്കൂളിൽ സൗഹൃദ ക്ലബ് സംഘടിപ്പിച്ച രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ മുന്നിൽ അധ്യാപകരെയോ സ്‌കൂളിനെയോ കുറ്റം പറയുന്നത് ഒഴിവാക്കണം. ഇത് കുട്ടികളിൽ അധ്യാപകരോടുള്ള അനാദരവ് വളർത്തിയെടുക്കാൻ ഇടയാക്കും. അവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മക്കളെ മുത്തച്ഛനും മുത്തശ്ശിയുമായും അടുപ്പിച്ച് ബന്ധം വളർത്തുന്നത് അവരുടെ വികാസത്തിന് ഏറെ ഗുണകരമാണ്. മാതാപിതാക്കളേക്കാളും കൂടുതൽ ജീവിതവും പക്വതയും ഉള്ളവരാണ് ഇവർ. മുത്തച്ഛനും മുത്തശ്ശിയും കുട്ടികൾക്ക് മൂല്യങ്ങൾ പകർന്നു നൽകുന്നതിനും അവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കും.
കുട്ടികൾക്ക് സ്നേഹം, സുരക്ഷ, അഭിനന്ദനം എന്നിവ അനിവാര്യമാണ്. അവർ ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് പോലും അവരെ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
മക്കളെ മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുന്നത് അവരിൽ അസൂയയും മത്സരബുദ്ധിയും വളർത്തിയെടുക്കാൻ ഇടയാക്കും. ഓരോ കുട്ടിയും വ്യത്യസ്തരാണെന്നും അവരുടെ കഴിവുകളും താല്പര്യങ്ങളും വ്യത്യസ്തമായിരിക്കുമെന്നും മാതാപിതാക്കൾ മനസ്സിലാക്കണം. മൂത്ത കുട്ടിയെയും ഇളയ കുട്ടിയേയും തമ്മിൽ താരതമ്യം ചെയ്യുന്ന പ്രവണത നല്ലതല്ല. ഏതൊരമ്മയ്ക്കും ചെറിയ കുട്ടിയോടായിരിക്കും കൂടുതൽ സ്നേഹം. പക്ഷേ ഇത് പ്രകടിപ്പിക്കുന്നത് മൂത്ത കുട്ടിയെ അവഗണിക്കുന്ന തരത്തിലാകരുത്.
‘നിനക്ക് വേണ്ടിയാണ് നീ പഠിക്കുന്നത്’, എന്ന രീതിയിലുള്ള ഉപദേശങ്ങൾ കുട്ടികളെ മാനസികമായി അസ്വസ്ഥരാക്കും. പകരം, ‘നീയാണ് നമ്മളെ നോക്കേണ്ടത്’ എന്ന തരത്തിലുള്ള പ്രചോദനം നൽകുന്നത് അവരിൽ ഉത്തരവാദിത്തബോധം വളർത്തിയെടുക്കും. ഇതിലൂടെ കുട്ടികൾക്ക് ജീവിതത്തിന് ഒരു പ്രതീക്ഷ ഉണ്ടാവും, എന്നെ കാത്ത് ആളുണ്ട് എന്ന ബോധം ഉണ്ടാവും.
കുട്ടികൾക്ക് വീട്ടിൽ പഠിക്കാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നത് അവരുടെ പഠനത്തെ സഹായിക്കും. കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ മാതൃകയാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് മാതാപിതാക്കൾ തങ്ങളുടെ പെരുമാറ്റത്തിലും വാക്കുകളിലും ജാഗ്രത പാലിക്കണം. കുട്ടികളെ സ്നേഹിക്കുകയും അവരുടെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്താൽ അവർ സമൂഹത്തിന് ഉപകാരപ്രദമായ വ്യക്തിത്വങ്ങളായി വളർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടി പ്രിൻസിപൽ കെ ജി ബീന ഉദ്ഘാടനം ചെയ്തു. നോട്സ് ഉൾപ്പടെയുള്ള പഠനസംബന്ധമായ കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള മാധ്യമങ്ങളിൽ പങ്കിടുന്നത് ബാലവകാശ കമീഷൻ നിരോധിച്ച സാഹചര്യത്തിൽ പ്രത്യേകിച്ച്, സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അതിന് രക്ഷ്തിതാക്കളുടെ സഹകരണം ഉണ്ടാകണമെന്നും അവർ അഭ്യർഥിച്ചു. ഇതിന് രക്ഷിതാക്കൾ ഒന്നടങ്കം പൂർണപിന്തുണ നൽകുകയും ചെയ്തു. കലോത്സവ ദിവസങ്ങളിലും മൊബൈൽ ഫോൺ നിരോധനം ബാധകമാണെന്നും പ്രോഗ്രാമുകളുടെ ഫോട്ടോഎടുപ്പിന് അധ്യാപകരുടെ ഫോൺ ഉപയോഗിക്കാമെന്നും പ്രിൻസിപ്പൽ അറിയിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പി സി കൈലാസ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ സംസാരിച്ചു. സൗഹൃദ ക്ലബ് കോർഡിനേറ്റർ ദിവ്യ ടീചർ സ്വാഗതവും മിനി ടീചർ നന്ദിയും പറഞ്ഞു.
#parentingtips #childdevelopment #psychology #manojkumar #kasaragod #education #mentalhealth #family