ഓണപ്പരീക്ഷ വ്യാഴാഴ്ച തുടങ്ങും; പാഠഭാഗങ്ങൾ തീർക്കാനാവാതെ അധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ
● സ്പെഷ്യൽ ക്ലാസുകൾ നടത്തി പാഠഭാഗങ്ങൾ തീർക്കാമെന്ന പ്രതീക്ഷയെ ശക്തമായ മഴയും റെഡ് അലർട്ടും തടസ്സപ്പെടുത്തി
● പാഠഭാഗങ്ങൾ പഠിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഓണപ്പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് തള്ളി
● ഓണപ്പരീക്ഷ മാറ്റിവെച്ചാൽ അക്കാദമിക് കലണ്ടർ താളം തെറ്റുമെന്നാണ് വകുപ്പിൻ്റെ വിലയിരുത്തൽ
● ഓണപ്പരീക്ഷയിലെ ഫലം കുട്ടികളുടെ തുടർപഠനത്തെ ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്
കാസർകോട്: (KasargodVartha) അധ്യായന വർഷം തുടങ്ങിയത് മുതൽ അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി, അത് കഴിഞ്ഞപ്പോൾ മഴ ശക്തമായതും റെഡ് അലർട്ടിൽ പെട്ട് സ്കൂൾ അവധിയും. ഇതിനിടയിൽ പാഠഭാഗങ്ങൾ ഒന്നും തീർക്കാൻ അധ്യാപകർക്ക് കഴിഞ്ഞതുമില്ല. വ്യാഴാഴ്ച ഓണപ്പരീക്ഷ തുടങ്ങുമ്പോൾ വിദ്യാർഥികളുടെ ചോദ്യം ഇതാണ്. 'എന്താണ് സാർ എഴുതേണ്ടത്..?' നിസ്സഹായരായി കൈമലർത്തുകയാണ് അധ്യാപകർ. വിദ്യാർഥികളുടെ ഭാവിയോർത്ത് ഏറെ ആശങ്കയിലായത് രക്ഷിതാക്കളാണ്.
സെൻസസ് ഡ്യൂട്ടിയും ടൈം ടേബിളും
അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലായതിനാൽ ജൂലൈയിൽ സ്കൂളുകളിൽ കൃത്യമായി അധ്യായനം നടന്നിരുന്നില്ല. ഒരു സ്കൂളിൽ നിന്നും തന്നെ മൂന്നും നാലും അധ്യാപകർ ഒരേസമയം സെൻസസ് ഡ്യൂട്ടിക്ക് പോയതോടെ സ്കൂൾ ടൈം ടേബിൾ പൂർണമായി താളം തെറ്റിയിരുന്നു. ഇത് പിടിഎ കമ്മിറ്റികൾ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.
ചില സ്കൂളുകളിൽ അധ്യാപകരിൽ പകുതി പേർക്ക് വരെ സെൻസസ് ഡ്യൂട്ടി ഉണ്ടായിരുന്നു. സെൻസസ് ഡ്യൂട്ടി പൂർത്തിയാക്കി ഓഗസ്റ്റ് മാസത്തിലെ ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ് നടത്തി ഓണപ്പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കാമെന്ന പ്രതീക്ഷയിലായിരുന്നു അധ്യാപകർ. അപ്പോഴേക്കും കാലവർഷം ശക്തിപ്പെടുകയും, ശക്തമായ മഴയിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു.
പരീക്ഷ മാറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
സെൻസസ് ഡ്യൂട്ടിയും മഴ അവധിയും കാരണം പാഠഭാഗങ്ങൾ പഠിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഓണപ്പരീക്ഷ നീട്ടിവെക്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചില്ല. ഒട്ടേറെ ദിവസത്തെ അവധിക്ക് ശേഷം ഓണപ്പരീക്ഷ കൂടി മാറ്റിവച്ചാൽ സ്കൂൾ അക്കാദമിക് കലണ്ടർ താളം തെറ്റുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിലയിരുത്തൽ.
ഓണപ്പരീക്ഷയിലെ റിസൾട്ട് കുട്ടികളുടെ തുടർപഠനത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. ഈ മാസം 20-ന് പരീക്ഷ അവസാനിപ്പിച്ച് 21-ന് ഓണാഘോഷം സംഘടിപ്പിച്ച് സ്കൂളുകൾ അടക്കും. വീണ്ടും 31-ന് സ്കൂളുകൾ തുറക്കും.
അക്കാദമിക് കലണ്ടർ മാറ്റം ചർച്ചയിൽ
അതിനിടെ മുൻ സർക്കാരിൻ്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മുന്നോട്ടുവെച്ച സ്കൂൾ അക്കാദമിക് കലണ്ടർ മാറ്റം വീണ്ടും ചർച്ചയായിട്ടുണ്ട്. കാലവർഷം തുടങ്ങുന്ന ജൂൺ മാസം സ്കൂൾ തുറക്കുന്നത് ഒഴിവാക്കാൻ കലണ്ടറിൽ മാറ്റം വരുത്തണമെന്നാണ് ഇപ്പോൾ ആവശ്യം ഉയരുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: As Onam exams begin tomorrow in Kasaragod, students and parents are anxious as heavy rain holidays and census duties left parts of the syllabus unfinished, while the education department declined to postpone the exams.
#KasaragodNews #OnamExam2026 #KeralaEducationDepartment #CensusDuty #RainHoliday #KeralaSchools #MalayalamNews #AparnaNews






