city-gold-ad-for-blogger
Aster MIMS 10/10/2023

പുനലടുക്കയില്‍ സഹപാഠികള്‍ക്കായുള്ള സ്‌നേഹവീടൊരുങ്ങുന്നു, അവസാന മിനുക്കുപണികള്‍ക്കായി പരീക്ഷകഴിഞ്ഞ് എടനീരിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തി

പൈക്ക: (www.kasargodvartha.com 30.03.2017) പൈക്ക ചൂരിപ്പള്ളം എസ് സി കോളനിയില്‍ താമസിക്കുന്ന മീനാക്ഷിക്കും കുടുംബത്തിനും ഒരുങ്ങുന്ന സ്‌നേഹ വീടിന്റെ പണി പൂര്‍ത്തീകരിക്കാന്‍ പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷ കഴിഞ്ഞ് എടനീരിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും എത്തി. അഞ്ചുവര്‍ഷം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചുപോയ അച്ഛന്റെ സ്വപ്ന വീടാണ് എടനീരിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കൂട്ടുകാരികള്‍ക്കുവേണ്ടി പൂര്‍ത്തീകരിച്ചു നല്‍കുന്നത്.

2014 ജൂണില്‍ കാറ്റത്തും മഴയത്തും മീനാക്ഷിയുടെ ഓലഷെഡ് തകര്‍ന്നു വീഴുകയായിരുന്നു. ഇതാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹവീട് നിര്‍മിക്കാന്‍ പ്രേരണയായത്. 2015 നവംബറിലാണ് എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ മീനാക്ഷിയുടെ വീട്ടിലെത്തിയത്. മക്കളായ മീരയുടേയും (17), രമ്യയുടേയും (15), സഹോദരങ്ങളായ രശ്മിയുടെയും (12), ജ്യോതിഷയുടെയും (ഒമ്പത്) എന്നിവര്‍ക്കൊപ്പമാണ് മീനാക്ഷി ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്.

തുടര്‍ന്ന് ചുമരിനാവശ്യമായ 800 ഓളം കല്ലുകള്‍ പല വീടുകളില്‍ നിന്നുമായി സ്വരൂപിച്ച് ചുമരിന്റെ പണി പൂര്‍ത്തീകരിച്ചു നല്‍കി. 2015 ഡിസംബര്‍ അവസാനവാരത്തില്‍ പൈക്ക എ കെ എം എം എ യു പി സ്‌കൂളില്‍ നടന്ന സപ്തദിന ക്യാമ്പിനിടെ പൊയ്‌നാച്ചി യൂണിയന്‍ ബാങ്കിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ മണല്‍, ജില്ലി, കമ്പി, സിമെന്റ് തുടങ്ങിയവ സ്വരൂപിച്ച് ഒന്നര ലക്ഷം രൂപയോളം ചെലവിട്ട് കോണ്‍ക്രീറ്റ് പണി തീര്‍ത്തു. എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ 'സഹപാഠികള്‍ക്കൊരു സ്‌നേഹവീടൊരുക്കുന്നു' എന്ന മാധ്യമ വാര്‍ത്തകളാണ് 'യൂണിയന്‍ ബാങ്ക്' ജീവനക്കാര്‍ക്ക് പ്രേരണയായത്.

എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ മാതൃകാപരമായ സാമൂഹ്യപ്രവര്‍ത്തിയില്‍ പങ്കുചേര്‍ന്ന് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, വൈസ് പ്രസിഡന്റ് ഇ ശാന്തകുമാരി, വാര്‍ഡ് മെമ്പര്‍ മണിചന്ദ്രകുമാരി തുടങ്ങിയവര്‍ മീനാക്ഷിയുടെ വീട് സന്ദര്‍ശിക്കുകയും പ്രത്യേക വകുപ്പിലൂടെ തേപ്പിനാവശ്യമായ 50,000 രൂപ വീണ്ടും അനുവദിച്ചു നല്‍കുകയും ചെയ്തു. മല്ലം ശ്രീ ദുര്‍ഗാ പരമേശ്വരീ ക്ഷേത്രം ട്രസ്റ്റ് വിഷ്ണു ഭട്ട് ആനെ മജലു, യൂണിയന്‍ ബാങ്ക് മാനേജര്‍ സി ഹരികൃഷ്ണന്‍, പൈക്ക എ കെ എം എം എ യു പി സ്‌കൂള്‍ മാനേജര്‍, ജീവനക്കാര്‍, ഇ അബൂബക്കര്‍ ഹാജി എതിര്‍ത്തോട്, പി ബി എം സ്‌കൂള്‍ ജീവനക്കാര്‍, സ്വാമിജീസ് ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്ലസ്ടു പ്രിന്‍സിപ്പാള്‍ എ എന്‍ നാരായണന്‍, അധ്യാപകരായ എം ഗംഗാധരന്‍, പ്രവീണ്‍ കുമാര്‍, സജി പി മാത്യു, വെങ്കടകൃഷ്ണ പ്രസാദ്, മറ്റു സ്റ്റാഫംഗങ്ങളായ നാരായണ ശര്‍മ, രാധാകൃഷ്ണന്‍ ബാര, രാഘവേന്ദ്ര കെദിലായ, സമീപവാസികള്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുടെ സ്‌നേഹവീടിന് മുഖ്യ പങ്കാളികളായി. സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ തേപ്പ് പൂര്‍ത്തീകരിച്ച മീനാക്ഷിയുടെ വീടിന്റെ അവസാന മിനുക്കുപണിയില്‍ ഏര്‍പെട്ടിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍. 750 ഓളം സ്‌ക്വയര്‍ ഫീറ്റുള്ള വീടിന്റെ താക്കോല്‍ ദാനം വിഷുക്കൈ നീട്ടമായി നല്‍കാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ത്ഥികള്‍. ചുമര്‍ തേയ്ക്കല്‍, വൈറ്റ് സിമെന്റ് അടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസങ്ങളോളമായി വിദ്യാര്‍ത്ഥികള്‍ വീടുപണിയിലേര്‍പ്പെടുന്നു.

പഞ്ചായത്ത് സഹകരണത്തോടെ ആറ് വര്‍ഷം മുന്‍പ് ആരംഭിച്ച വീടുപണി, അഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവായ രാമന്‍ പുനലടുക്കത്തിന്റെ മരണത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിലച്ചിരുന്നു. നിയമതടസങ്ങളാലും സാങ്കേതിക തടസങ്ങളാലും മീനാക്ഷിക്ക് പഞ്ചായത്ത് ഭവനവായ്പ്പ ലഭിക്കാതെ വന്നപ്പോഴാണ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ സഹായവുമായെത്തിയത്. താല്‍ക്കാലികമായി കെട്ടിയ ഷെഡിലാണ് മീനാക്ഷിയും കുട്ടികളും ഇപ്പോള്‍ താമസം. വിദ്യാര്‍ത്ഥികളെ വീടുനിര്‍മാണത്തില്‍ സഹായിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകരായ രവി യു നെല്ലിക്കട്ട, ഷാഫി ചൂരിപ്പള്ളം, മുന്‍ എസ് സി പ്രൊമോട്ടര്‍ സുന്ദരം മാലങ്കി, മുന്‍ വാര്‍ഡംഗങ്ങങ്ങളായ ദിവാകരന്‍ പൈക്ക, ഡി എ റസാഖ്, ഉമേഷ് പൈക്ക, ബി കെ ബഷീര്‍, കൃഷ്ണന്‍, രാജേഷ് ചാത്തപ്പാടി, നിത്യന്‍ നെല്ലിത്തല, കെ പി ഹമീദ്, ബൈജു ബാലടുക്കം തുടങ്ങിയവര്‍ മുഴുവന്‍ സമയവും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ട്. പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, ലീഡര്‍മാരായ എ അമല്‍, പി ഭാവന, സി എച്ച് അശ്വിനി, ഗിരീഷ് എന്നിവരാണ് സ്‌നേഹവീട് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

പുനലടുക്കയില്‍ സഹപാഠികള്‍ക്കായുള്ള സ്‌നേഹവീടൊരുങ്ങുന്നു, അവസാന മിനുക്കുപണികള്‍ക്കായി പരീക്ഷകഴിഞ്ഞ് എടനീരിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തി

Keywords : Paika, Education, School, Students, Kasaragod, Featured, NSS, Punaladukka.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL