Inequality | മാനദണ്ഡം തിരിച്ചടി; യുഎഇയിലെ വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക സ്‌കോളര്‍ഷിപ്പ് പ്രയോജനപ്പെടുത്താനാകുന്നില്ല; തുടര്‍പഠനം പ്രതിസന്ധിയില്‍; അടിയന്തര നടപടി വേണമെന്ന് കെസെഫ്
● നോർക്ക സ്കോളർഷിപ്പ് യുഎഇ വിദ്യാർത്ഥികളെ പുറത്താക്കി
● കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് മാത്രം അവസരം
● യുഎഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിസന്ധി
ദുബൈ: (KasargodVartha) നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് പ്രയോജനപ്പെടുത്താനാകാതെ യുഎഇയിലെ പല പ്രവാസി മലയാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഒരു വെല്ലുവിളിയായി മാറുന്നതായി പരാതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇയിലെ സര്‍വകലാശാലകളില്‍ പഠനം തുടരാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നോര്‍ക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് പദ്ധതി, കേരളത്തിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതാണ് ഇവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. 2024-25 അധ്യയന വര്‍ഷത്തില്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരുന്നത്.
എന്നാല്‍, നോര്‍ക്ക റൂട്ട്‌സിന്റെ ഓണ്‍ലൈന്‍ അപേക്ഷയില്‍, കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകളും സ്ഥാപനങ്ങളും മാത്രമാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുകയുള്ളൂ എന്ന അറിയിപ്പ് വന്നതോടെ യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പുറത്തായി. പതിറ്റാണ്ടുകളായി യു.എ.ഇയില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരാണ്.
ഗള്‍ഫ് മേഖലയില്‍ ടോപ് റാങ്കുകള്‍ നേടിയവരും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുമുണ്ട്. എന്നിട്ടും, യുഎഇയിലെ സര്‍വകലാശാലകളിലെ ഉയര്‍ന്ന ഫീസ് താങ്ങാനാവാത്തതിനാല്‍ അവര്‍ക്ക് പഠനം തുടരാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, യു.എ.ഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നോര്‍ക്കയുടെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇയിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെസെഫ് രംഗത്തെത്തി.
യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നോര്‍ക്കയുടെ സ്‌കോളര്‍ഷിപ്പ് നല്‍കണമെന്ന് കെസെഫ് ജനറല്‍ ബോഡി യോഗത്തില്‍ ഹുസൈന്‍ പടിഞ്ഞാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കേരള മുഖ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രിയോടും അഭ്യര്‍ഥിച്ചു.
ഡിവിഡന്റ് വിതരണം ചെയ്യാന്‍ തീരുമാനം
അല്‍ ഗര്‍ഹുദിയിലെ ഈറ്റ് എന്റ് ഡ്രിന്‍ങ്ക് റെസ്റ്റോറന്റില്‍ നടന്ന കെസെഫിന്റെ ജനറല്‍ ബോഡി യോഗത്തില്‍, നാട്ടിലുള്ള കെസെഫ് അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 6000 രൂപ ഡിവിഡന്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചു. കാസര്‍കോടിന്റെ വികസനവും അംഗങ്ങളുടെ ക്ഷേമവും ലക്ഷ്യമിട്ട് നാട്ടില്‍ പുതിയ പ്രോജക്ടുകള്‍ ആരംഭിക്കാനും യോഗത്തില്‍ ധാരണയായി. സംഘടനയുടെ വളര്‍ച്ച ലക്ഷ്യമിട്ട് അംഗത്വ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കി. യോഗത്തില്‍ ചെയര്‍മാന്‍ നിസാര്‍ തളങ്കര അധ്യക്ഷത വഹിച്ചു, സെക്രട്ടറി ജനറല്‍ മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും കെ സി.ഹനിഫ് നന്ദിയും പറഞ്ഞു.
#NORKA #scholarship #UAE #Kerala #education #inequality #protest #KSEF