city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദിവസവേതനത്തിന് ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല; സാങ്കേതിക തടസമെന്ന് വിശദീകരണം

കാസര്‍കോട്: (www.kasargodvartha.com 21.12.2017) ദിവസവേതനത്തിന് ഏറ്റവും കൂടുതല്‍ അധ്യാപകര്‍ ജോലി ചെയ്യുന്ന ജില്ലയില്‍ അധ്യാപകര്‍ക്ക് രണ്ട് മാസമായി ശമ്പളമില്ല. സംസ്ഥാനത്തൊട്ടാകെയും ഇതുതന്നെയാണവസ്ഥ. ശമ്പളം ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ തയ്യാറാക്കിയ സ്പാര്‍ക്ക് സോഫ്റ്റ് വെയറിന്റെ തകരാറെന്ന സാങ്കേതിക പ്രശ്‌നമാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പിന്നെ ശമ്പളം ട്രഷറിയില്‍ നിന്ന് മാറ്റി നേരെ ബാങ്കുകള്‍ വഴി ആക്കിയതിനാല്‍ ഹെഡ് ഓഫ് അക്കൗണ്ടില്‍ വന്ന മാറ്റമാണ് ശമ്പളം വിതരണം ചെയ്യുന്നതിന് തടസമെന്നാണ് പുതിയ പറച്ചില്‍.

മുമ്പത്തേ പോലെ ശമ്പളം ട്രഷറിയില്‍ നിന്ന ബില്ല് മാറിയെടുത്ത് നേരിട്ട് വിതരണം ചെയ്യുന്ന രീതി അവസാനിപ്പിച്ച് ഓണ്‍ലെനായിട്ട് വിതരണം ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളേ ആയുള്ളൂ. അധ്യാപകര്‍ക്കും മറ്റ് സ്‌കൂള്‍ ജോലിക്കാര്‍ക്കും എയ്ഡഡ് മേഖലയിലായാലും സര്‍ക്കാര്‍ മേഖലയിലായാലും ശമ്പളം ഓണ്‍ലൈനായി നല്‍കുന്ന സോഫ്റ്റ് വെയറിന്റെ പേരാണ് സ്പാര്‍ക്ക്. വലിയ കമ്പനികളില്‍ മാസം അവസാനമാകുമ്പോള്‍ ജീവനക്കാരുടെ ശമ്പളം അവര്‍ക്ക് നല്‍കിയ പ്രത്യേക കോഡ് ഉപയോഗിച്ച് പിന്‍വലിക്കുന്ന പോലുള്ള ഒരു ഏര്‍പ്പാടാണ് സ്പാര്‍ക്ക്. താല്‍ക്കാലിക ജീവനക്കാര്‍ക്കും ദിവസവേതനക്കാര്‍ക്കും, അധ്യാപകേതര ജീവനക്കാര്‍ക്കും, പെര്‍മെനന്റ് അധ്യാപകര്‍ക്കും ഈ സ്പാര്‍ക്ക് സിസ്റ്റം വഴിയാണ് ശമ്പളം അയക്കുന്നത്.

ദിവസവേതനത്തിന് ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല; സാങ്കേതിക തടസമെന്ന് വിശദീകരണം


എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി ഈ സിസ്റ്റത്തിന് സാങ്കേതിക തകരാറുണ്ടെന്നും, ശരിയില്ലെന്നുമാണ് പറയുന്നത്. അതിനാലാണ് താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള ശമ്പളം മുടങ്ങിയതെന്നാണ് ഒരു കാരണം. രണ്ടാമത്തെ കാരണം ട്രഷറിയില്‍ നിന്ന് അക്കൗണ്ട് മാറ്റുമ്പോള്‍ വന്ന അക്കൗണ്ട് നമ്പറിന്റെ മാറ്റമാണത്രേ. ശമ്പളം നല്‍കേണ്ട ധനകാര്യ വകുപ്പ് സ്പാര്‍ക്ക് വഴി ശമ്പളം നല്‍കണമെങ്കില്‍ മറ്റൊരു അക്കൗണ്ട് നമ്പര്‍ നല്‍കണമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിദ്യാഭ്യാസ വകുപ്പ് രണ്ടു മാസമായിട്ടും പുതിയ അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്. ഇതും താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം വൈകാന്‍ കാരണമാകുന്നുവെന്നാണ് വിശദീകരണം.

എന്തായാലും ധനകാര്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പരസ്പരവിരുദ്ധമായ ഉത്തരവുകള്‍ കാരണം രണ്ടു മാസമായി കഷ്ടത്തിലായത് ദിവസ വേതന താല്‍ക്കാലിക അധ്യാപകരാണ്. പലരും കടം വാങ്ങിയാണത്രേ സ്‌കൂളുകളിലേക്ക് പഠിപ്പിക്കാന്‍ എത്തുന്നത്. ദിവസക്കൂലിയുള്ള വ്യത്യാസവും ഇവരുടെ ശമ്പള വിതരണത്തിന് തടസമാവുന്നുണ്ട്. ധനകാര്യവകുപ്പിന്റെ കണക്കുപ്രകാരം ഒരു ദിവസം 895 രൂപയാണ് ദിവസവേതനം. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം 850 രൂപയാണ് ദിവസവേതനക്കാരുടെ കൂലി. ഇതു ശരിയാക്കാനും ഇതുവരെ ഒരു ഉത്തരവും ഇറങ്ങിയിട്ടില്ല. ചില ഹെഡ്മാസറ്റര്‍മാരും പ്രിന്‍സിപ്പാളുമാരും എന്തു ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കുകയാണ്.

895 രൂപ ദിവസവേതനം നല്‍കിയാല്‍ അവസാനം പിരിയാന്‍ നേരത്ത് ഓഡിറ്റിങ്ങില്‍ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ശമ്പളമായി കൊടുത്ത പണം തിരിച്ചു പിടിക്കുമോ എന്ന ആശങ്കയില്‍ ശമ്പളം വിതരണം മുടങ്ങിക്കിടക്കുകയാണെന്നും പറയുന്നു. ഏതായാലും ഈ ക്രിസ്തുമസ് കാലത്തുപോലും കടം വാങ്ങിക്കേണ്ടി വരുന്നത് കഷ്ടമാണെന്നാണ് അധ്യാപകരുടെ പക്ഷം. ശമ്പളകുടിശിക പലിശയടക്കം വിതരണം ചെയ്യണമെന്നും താല്‍ക്കാലിക അധ്യാപകരുടെ ദിവസവേതനത്തെ സംബന്ധിച്ച് കൃത്യമായ ഉത്തരവ് പുറത്തിറക്കണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു. ക്രിസ്തുമസിന് മുമ്പ് ശമ്പളം നല്‍കിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിന് മുന്നറിയിപ്പു നല്‍കി.

യോഗത്തില്‍ കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ടി ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു. ടി കെ എവ്ജിന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ ഒ രാജീവന്‍, കെ അനില്‍കുമാര്‍, ജോര്‍ജ്കുട്ടി ജോസഫ്, കെ രാജീവന്‍, എന്‍ എം തോമസ്, അലോഷ്യസ് ജോര്‍ജ്ജ്, ലിസി ജേക്കബ്ബ്, കെ വി രവീന്ദ്രന്‍, കെ സി സെബാസ്റ്റ്യന്‍, പി എ സെബാസ്റ്റ്യന്‍, കെ കെ പിഷാരടി, സന്തോഷ്‌കുമാര്‍ പി എസ്, പി ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Keywords:  Kerala, kasaragod, news, Teachers, Education, Top-Headlines, No salary for daily wage teachers 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia