city-gold-ad-for-blogger

കൂക്കാനം എന്ന ദേശവും റഹ്മാൻ എന്ന മാഷും

Cover image of the book Nisha Thazhvarayile Venthooval by Rajan Kodakkad.
Photo: Special Arrangement

● 1960-70 കാലഘട്ടത്തിലെ കരിവെള്ളൂരിന്റെ വിദ്യാഭ്യാസ മുന്നേറ്റമാണ് പ്രമേയം.
● കാൻഫെഡിന്റെ നേതൃത്വത്തിൽ നടന്ന തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രേഖ.
● ബീഡി തൊഴിലാളികളെയും കൽപ്പണിക്കാരെയും ഉദ്യോഗസ്ഥരാക്കിയ ചരിത്രം.
● കരിവെള്ളൂരിന്റെ ഗൃഹാതുരമായ ഓർമ്മകൾ പുസ്തകം പങ്കുവെക്കുന്നു.
● അധ്യാപകനും ശിഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സാക്ഷ്യപത്രം.

പുസ്തക പരിചയം/ പ്രകാശൻ കരിവെള്ളൂർ

എഴുത്തിലെ അക്ഷരവിപ്ലവം

വായന കഥയേക്കാൾ ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ എഴുത്ത് നോവലോളം വളരുന്ന കാലഘട്ടമാണിത്. എഴുത്തും ഒരുതരം വായനതന്നെ. കാലത്തെയും ദേശത്തെയും ജീവിതത്തെയും വായിക്കുന്ന പ്രവർത്തനമാണ് സാഹിത്യരചന. എഴുത്തിന്റെ സാർവത്രികത, അതിന്റെ അനൗപചാരികത ഒരു അക്ഷരവിപ്ലവമാണ്. രാജൻ കൊടക്കാട് എഴുത്തുകാരനായതിന് പിന്നിലും ആ വിപ്ലവത്തിന്റെ സാന്നിധ്യമുണ്ട്.

കരിവെള്ളൂർ ദേശം ഇന്ന് കേരളത്തിൽതന്നെ തിളങ്ങുന്ന അക്ഷരഗ്രാമമായി വളർന്നിട്ടുണ്ടെങ്കിൽ അതിന് കാരണം ഔപചാരിക വിദ്യാഭ്യാസ മണ്ഡലം മാത്രമല്ല. സർക്കാർ - എയിഡഡ് വിദ്യാലയങ്ങൾക്ക് സമാന്തരമായി ത്യാഗോജ്ജ്വല പ്രവർത്തനങ്ങൾ കാഴ്ചവെച്ച നിരവധി ട്യൂട്ടോറിയലുകളും പാരലൽ കോളേജുകളും ഈ നാടിനെ സാമൂഹികവും സാംസ്കാരികവും ഔദ്യോഗികവുമായി ജ്വലിപ്പിച്ചു നിർത്തി. അതിൽ വേറിട്ട ഒരധ്യായമാണ് 1960-കൾ തൊട്ട് കാൽ നൂറ്റാണ്ടിലേറെക്കാലം കരിവെള്ളൂരിൽ കാൻഫെഡിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച തുടർവിദ്യാകേന്ദ്രം.

നിശാതാഴ്വരയിലെ വെൺതൂവൽ

തുടർവിദ്യാകേന്ദ്രത്തിന്റെ അമരക്കാരനായ കൂക്കാനം റഹ്മാൻ മാഷെക്കുറിച്ച് അവിടെ പഠിച്ച് അധ്യാപകനും എഴുത്തുകാരനുമായി വളർന്ന രാജൻ കൊടക്കാട് എഴുതിയ 'നിശാതാഴ്വരയിലെ വെൺതൂവൽ' ഒരു ജീവചരിത്ര നോവൽ എന്നതിനപ്പുറം കരിവെള്ളൂർ ജനകീയമായി കൈവരിച്ച എല്ലാ ഔന്നത്യങ്ങളുടെയും ചരിത്രരേഖ തന്നെയായിത്തീരുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ സംഘാടനവും സമാർജ്ജനവും നാട്ടുപ്പതിനായിരത്തിന്റെ കൊട്ടിഘോഷങ്ങൾക്കിടയിൽ അതിന്റെ നന്മകളും മേന്മകളുമെല്ലാം കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത്, ഒട്ടും പ്രകടന പ്രഹസന ബഹളങ്ങളില്ലാതെ എന്നാൽ അത്രയ്ക്ക് മമതയോടെയും ആത്മാർത്ഥതയോടെയും പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത സത്യസന്ധമായ ഒരു കാലഘട്ടത്തെയാണ് ഈ നോവൽ ഗൃഹാതുരതയോടെ ഓർമ്മിച്ചെടുക്കുന്നത്. കൂക്കാനം എന്ന ദേശവും റഹ്മാൻ എന്ന മാഷും ദേശചരിത്രത്തിൽ രചിച്ച ആവേശോജ്ജ്വലമായ ഒരധ്യായത്തിൽ നിന്നും ചീന്തിയെടുത്തൊരേട് എന്ന് ഈ നോവലിനെ തീർച്ചയായും വിശേഷിപ്പിക്കാം.

കരിവെള്ളൂർ എന്ന ഗ്രാമത്തിനൊപ്പമാണ് റഹ്മാൻ എന്ന വിദ്യാർത്ഥിയുടെ വളർച്ചയും വികാസവും. തനിക്ക് ഈ നാട് തന്ന വെളിച്ചത്തിന്റെ കരുത്തും കാന്തിയും തുടർ തലമുറകൾക്ക് പകരുക എന്ന കേവലദൗത്യം നിർവ്വഹിക്കാൻ ഒരു യുവാവിന് തന്റെ ഔപചാരികമായ അധ്യാപന ജോലിതന്നെ ധാരാളമാണ്. എന്നാൽ, സാമൂഹികോന്മുഖമായ ഒരു മനോഭാവം റഹ്മാൻ മാഷെ ഇടപെടലുകളുടെ തുറസ്സിലേക്ക് നയിച്ചു. കേരളത്തിലെ ആയിരക്കണക്കിന് വായനശാലകളുടെ വളർത്തച്ഛനായ പി.എൻ. പണിക്കരുമായുള്ള അടുപ്പവും ആ ജീവിതവും പ്രവർത്തനങ്ങളും ചെലുത്തിയ സ്വാധീനവും മാഷെ സ്കൂളിന് പുറത്തേക്ക് വളരുന്ന വെളിച്ചമാക്കി മാറ്റി.

മുടങ്ങിപ്പോയ പഠനത്തിന് തണലായി

ആ വെളിച്ചമാണ് പഠനം പാതിയിൽ മുടങ്ങിയ 1960-70 കാല ബാല്യ കൗമാരങ്ങൾക്ക് താങ്ങും തണലുമേകിയത്. പഠിക്കാൻ മിടുക്കരായിട്ടും വീട്ടിലെ ദാരിദ്ര്യവും കൂട്ടുകുടുംബ പെടാപ്പാടും അനാഥത്വവും നിമിത്തം കണ്ണീരോടെ സ്കൂളിനോട് വിട പറയേണ്ടി വന്നവർക്ക് തുടർന്ന് പഠിക്കാൻ ഒരവസരം ലഭിച്ചു. കാലം പട്ടിണിപ്പാവങ്ങൾക്കായി ഒരുക്കിവെച്ച ഈ കാവ്യനീതി കരിവെള്ളൂർ അനുഭവിച്ച അളവിൽ കേരളത്തിൽ മറ്റൊരു ദേശവും അനുഭവിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നില്ല.

പകൽ മുഴുവൻ ബീഡി തെരച്ചും കല്ല് കൊത്തിയും ചെത്തിയും കെട്ടിയും തേച്ചും ചുമരുകൾക്ക് നിറം ചാലിച്ചും അധ്വാനിച്ച് തളർന്ന കുറെ യുവാക്കൾ അന്ന് വിദ്യാഭ്യാസപരവും തൊഴിൽപരവുമായി ഒരുപാട് സ്വപ്നങ്ങൾ കാത്തു വെച്ചിരുന്നു. അത് വിളയിച്ചെടുക്കാനുള്ള അക്ഷരപ്പാടങ്ങളായി സി.ഇ.സി.യുടെ (CEC) ക്ലാസ് മുറികൾ. വൈകുമോ എന്ന് പേടിച്ച് സന്ധ്യയ്ക്ക് സൈക്കിളിലും നടന്നും വിയർത്തു കുളിച്ചെത്തുന്ന ആ അക്ഷരോൽക്കണ്ഠകൾക്ക് കുറച്ചു കാലം സാക്ഷിയാവാൻ ഇത് കുറിക്കുന്നയാൾക്കും ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നേക്കാൾ എത്രയോ മുതിർന്ന ആ 'കുട്ടികൾക്ക്' ക്ലാസ്സെടുക്കുമ്പോൾ ഉള്ളാലെ ഞാൻ കൊണ്ട ചാരിതാർത്ഥ്യം - അതൊന്ന് വേറെ. അതിനും പതിറ്റാണ്ടുകൾ മുമ്പുള്ള അനുഭവങ്ങളാണ് രാജൻ കൊടക്കാട് ഈ നോവലിൽ അവതരിപ്പിക്കുന്നത്.

ഗൃഹാതുരമായ കരിവെള്ളൂർ സ്മരണകൾ

'കുഞ്ഞുണ്ണി മാഷും കുട്ട്യോളും' എന്നൊക്കെ പറയും പോലെ റഹ്മാൻ മാഷും ശിഷ്യരും എന്നത് ഈ നോവലിലൂടെ കരിവെള്ളൂരിന്റെ ഒരു നൊസ്റ്റാൾജിയയായി മാറാൻ പോവുകയാണ്. മൺമറഞ്ഞ പഴയ ദേശീയ പാത പോലെ, റോഡിന്റെ ഓരങ്ങളിലായി നീണ്ടു കിടന്ന ഓടിട്ട ഇരുനിലക്കെട്ടിടങ്ങൾ പോലെ, അവിടെ പ്രവർത്തിച്ച ബീഡിക്കമ്പനിയിലെ പത്രവായനയും ന്യായവില ഷാപ്പിലെ മേശയ്ക്ക് മേൽ തിരിച്ചു വെക്കാനായി അട്ടിവെച്ച റേഷൻ കാർഡും പോലെ, ലീനാ ടാക്കീസിൽ ഫസ്റ്റ് ഷോയ്ക്ക് മുമ്പ് വെച്ച പാട്ട് പോലെ, 'ഇറച്ചിയെടുക്കട്ടെ? വെള്ളേപ്പം ഒന്നോ രണ്ടോ?' എന്ന് ചോദിച്ച ഹോട്ടൽ ഗ്രീൻലാൻഡ് പോലെ, പി.പി. രാമചന്ദ്രന്റെ കവിതയിൽ നിന്ന് 'ഒരു പുലർച്ചെ കാണാതായ' പാർട്ടി വളപ്പിന് മുന്നിലെ കുന്ന് പോലെ... നാട് അനുഭവിച്ച ഒരു സൗഭാഗ്യ കാലം. അതിന്റെ അടയാളപ്പെടുത്തൽ കൂടിയാവുന്നുണ്ട് ഈ നോവൽ.

ഒരു മാഷുടെ കഥ അയാൾ പഠിപ്പിച്ച വിദ്യാർത്ഥികളുടെ മാത്രമല്ല, അയാൾ പ്രവർത്തിച്ച വിദ്യാലയങ്ങളുടെ, യാത്ര ചെയ്ത വഴികളുടെ, രചിച്ച പുസ്തകങ്ങളുടെ, നേടിയ ബഹുമതികളുടെ ഒക്കെ കഥയായി പരിണമിക്കുമ്പോൾ വായനക്കാർ പഴയ കൂക്കാനത്തെയും മണക്കാട്ടെയും പള്ളിക്കൊവ്വലിലെയും ഏതൊക്കെയോ ഊടുവഴികളിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കുമെന്നുറപ്പ്.

അക്ഷരങ്ങളിലൂടെയുള്ള നവോത്ഥാനം

തമസ്സിൽ നിന്നും ജ്യോതിസ്സിലേക്ക് മുന്നേറാനുള്ളതാണ് വിദ്യാഭ്യാസം. ഒരു നൂറ്റാണ്ടിന് മുമ്പ് കേരളത്തിൽ കട്ട പിടിച്ചു കിടന്ന പല ഇരുട്ടുകളെയും തിരുത്തിയും തുരത്തിയുമാണ് നമ്മുടെ പൂർവികർ നവോത്ഥാനത്തിന്റെ വെളിച്ചം സൃഷ്ടിച്ചത്. നിരവധി ബീഡിക്കാരെയും കൽപ്പണിക്കാരെയും കൃഷിക്കാരെയും ടൈലർമാരെയും ആശാരിമാരെയും പഠിപ്പിച്ച് അധ്യാപകരും ക്ലർക്കുമാരും ഓഫീസർമാരും സാങ്കേതിക വിദഗ്ധരുമാക്കാൻ കൂക്കാനം മാഷ് നടത്തിയ അക്ഷര വിപ്ലവം കരിവെള്ളൂരിൽ സവിശേഷമായ മറ്റൊരു നവോത്ഥാനം സൃഷ്ടിച്ചു. ഇരുട്ടിന്റെ താഴ്വരകളിലെങ്ങും വെളിച്ചത്തിന്റെ പൊട്ടും പൊടിയും വിതറി പറന്ന നനുമൃദുവായൊരു തൂവൽ പോലെ മാഷിന്റെ ജീവിതം. അതിന് മുന്നിൽ സമർപ്പിക്കപ്പെട്ട രാജൻ കൊടക്കാടിന്റെ അക്ഷരാദരം നിങ്ങളുടെ വായനയ്ക്ക് ഒരു നവ്യാനുഭവമായിത്തീരട്ടെ.

ഈ ലേഖനം സുഹൃത്തുകൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: A review by Prakashan Karivellur on Rajan Kodakkad's book 'Nisha Thazhvarayile Venthooval', which chronicles the life of Kookkanam Rahman Mash and the educational revolution in Karivellur during the 1960s and 70s.

#Karivellur #BookReview #KookkanamRahman #RajanKodakkad #Education #KeralaHistory #Literature

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia