Teacher Welcome | സ്‌കൂളിൽ പുതുതായി വന്ന അധ്യാപകരുടെ വക വിദ്യാർഥികൾക്ക് വേറിട്ട സമ്മാനം!
● ഭക്ഷണം തയ്യാറാക്കുന്നതിനുള്ള എല്ലാ ജോലികളും അധ്യാപകർ തന്നെ ഏറ്റെടുത്തു.
● സ്കൂളിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ഭക്ഷണ പൊതികൾ വീട്ടിൽ എത്തിച്ചു നൽകിയത് ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകതയായിരുന്നു.
മൊഗ്രാൽ: (KasargodVartha) ജിവിഎച്ച്എസ്എസ് മൊഗ്രാലിൽ പുതുതായി ചേർന്ന അധ്യാപകർ ഒരുക്കിയ ജോയിനിങ് പാർട്ടി, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമായി മാറി. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ, എല്ലാ കുട്ടികൾക്കും ബിരിയാണി വിളമ്പി നൽകി അധ്യാപകർ വേറിട്ട സ്വാഗതം ഒരുക്കി.
രാത്രി മുഴുവൻ നീണ്ടു നിന്ന കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വലിയ പരിപാടി വിജയിപ്പിച്ചെടുത്തത്. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള എല്ലാ ജോലികളും അധ്യാപകർ തന്നെ ഏറ്റെടുത്തു. ഭക്ഷണ സാധനങ്ങൾ ഒരുക്കുന്നതും, പാചകക്കാരെ സഹായിക്കുന്നതും, വിളമ്പുന്നതും അടക്കം എല്ലാ കാര്യങ്ങളിലും അധ്യപകർ സജീവമായി പങ്കെടുത്തു. സ്കൂളിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ഭക്ഷണ പൊതികൾ വീട്ടിൽ എത്തിച്ചു നൽകിയത് ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകതയായിരുന്നു.
ഭക്ഷണം കഴിക്കാൻ വിദ്യാർത്ഥികൾക്കൊപ്പം പിടിഎ, എസ്എംസി, മദർ പിടിഎ അംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികളോട് സംസാരിച്ചും, കുശലം പറഞ്ഞും അധ്യാപകർ കാണിച്ച വാത്സല്യം കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി മാറി.
#TeacherEvent, #GVHSSMogral, #SchoolActivities, #BiryaniParty, #WelcomeEvent, #StudentExperience