NEET PG | നീറ്റ് പിജി പരീക്ഷ ഓഗസ്റ്റില്‍ നടത്താന്‍ നീക്കം; പുതുക്കിയ തീയതി ഉടന്‍
വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്‍ഡ്യാമുന്നണി ഘടക കക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയ നോടീസ് നല്‍കും.
ന്യൂഡെല്‍ഹി: (KasargodVartha) നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി ചൊവ്വാഴ്ച (02.07.2024) പ്രഖ്യാപിച്ചേക്കും. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം ശക്തമായതോടെയാണ് തീയതി പ്രഖ്യാപിക്കാന്‍ എന്‍ബിഇ തീരുമാനിച്ചത്. പരീക്ഷ ഉടന്‍ നടത്തണമെന്ന വിഷയം ഐഎംഎ അടക്കം സംഘടനകളും കേന്ദ്രത്തെ അറിയിച്ചു. ഇതോടെയാണ് പരീക്ഷയ്ക്കായുള്ള പുതിയ തീയതിക്കായി ചര്‍ച തുടങ്ങിയത്. ഓഗസ്റ്റില്‍ പരീക്ഷ നടത്താനാണ് നീക്കം.
പരീക്ഷയ്ക്ക് 12 മണിക്കൂര്‍ മുന്‍പ് ക്രമക്കേടുകള്‍ ഉണ്ടായിയെന്ന സംശയത്തെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചത്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികളും ഇതിനിടെ പുരോഗമിക്കുകയാണ്. ഗുജറാത്, മഹാരാഷ്ട്ര അടക്കം വിവിധ സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച (01.07.2024) സിബിഐ പരിശോധന നടത്തിയിരുന്നു.
മെയ് അഞ്ചിന് രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി നടന്ന നീറ്റ്-യുജിയില്‍ 24 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. പ്രതീക്ഷിച്ച തീയതിക്ക് 10 ദിവസം മുന്‍പ് ജൂണ്‍ 4 നാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷാഫലം വന്നയുടന്‍ തന്നെ ചോദ്യപേപര്‍ ചോര്‍ച്ചയും ക്രമക്കേടും സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 67-ലധികം വിദ്യാര്‍ഥികള്‍ പരമാവധി മാര്‍ക് നേടി. അവരില്‍ ചിലരില്‍ ഒരേ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നുള്ളവരായിരുന്നു.
സംഭവം വിവാദമായതോടെ, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ബീഹാറില്‍ ക്രമക്കേടുകളും പേപര്‍ ചോര്‍ച്ചയും കണ്ടെത്തി. കൂടാതെ പരീക്ഷയുടെ തലേന്ന് ചോദ്യപേപറുകള്‍ ലഭിച്ചെന്ന് അവകാശപ്പെട്ട് ചില ഉദ്യോഗാര്‍ഥികള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങള്‍ പല നഗരങ്ങളിലും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
അതേസമയം നീറ്റ് വിഷയത്തിലെ പ്രതിഷേധം ചൊവ്വാഴ്ചയും സഭകളില്‍ തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചൊവ്വാഴ്ച വിഷയത്തില്‍ അടിയന്തര പ്രമേയ നോടീസ് ഇന്‍ഡ്യാമുന്നണി ഘടക കക്ഷികള്‍ നല്‍കും. നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത വാര്‍ത്താസമ്മേളനം ഡെല്‍ഹിയില്‍ നടക്കും.