city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആകെയുള്ളത് വിരലിലെണ്ണാവുന്ന കോഴ്‌സുകള്‍; അവഗണനകള്‍ക്കിടയിലും നാക് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മഞ്ചേശ്വരം ഗോവിന്ദപൈ കോളജ്

കാസര്‍കോട്: (www.kasargodvartha.com 08.10.2017) പരിമിതികള്‍ക്കിടയിലും നാക് അംഗീകാരത്തിന്റെ നിറവില്‍ മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ. കോളജ്. ജില്ലയിലെ മൂന്നു സര്‍ക്കാര്‍ കോളജുകളിലൊന്നാണ് ഈ വിദ്യാഭ്യാസസ്ഥാപനം. വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ കലാലയത്തെ അധികാരികള്‍ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. രാഷ്ട്രകവി ഗോവിന്ദപൈയുടെ പേരില്‍ പടുത്തുയര്‍ത്തിയ ഈ കോളജില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനു വേണ്ടത്ര പരിഗണന ഇതുവരെയായി ലഭിച്ചിട്ടില്ല. മലയാളം, തുളു, കന്നഡ, മറാഠി, ബ്യാരി, കറാഡ, കൊങ്കണി ഭാഷകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രദേശത്തുള്ള കോളജില്‍ ഭാഷാ വിഷയങ്ങളില്‍ പോലും ആവശ്യത്തിനു കോഴ്സുകളില്ലാത്തത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കുകയാണ്.

ആകെയുള്ളത് വിരലിലെണ്ണാവുന്ന കോഴ്‌സുകള്‍; അവഗണനകള്‍ക്കിടയിലും നാക് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മഞ്ചേശ്വരം ഗോവിന്ദപൈ കോളജ്

1980 സെപ്റ്റംബര്‍ 22ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ് കോളജ് ഉദ്ഘാടനം ചെയ്തത്. അനന്തേശ്വര ക്ഷേത്രത്തോടനുബന്ധിച്ചുള്ള വനഭോജനശാലയിലാണ് ആദ്യഘട്ടത്തില്‍ കോളജ് തുടങ്ങിയത്. 1990ല്‍ മഞ്ചേശ്വരം താലൂക്കിലെ ഹൊസബെട്ടു വില്ലേജില്‍ ഗോവിന്ദപൈയുടെ കുടുംബം വിട്ടുകൊടുത്ത 33 ഏക്കര്‍ സ്ഥലത്ത് പണിത സ്വന്തം കെട്ടിടത്തിലേക്കു പിന്നീട് കോളജിന്റെ പ്രവര്‍ത്തനം മാറ്റുകയായിരുന്നു. 1996ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തു.

ബിരുദ കോഴ്സുകളായ ബി എ കന്നഡ, ബി കോം, ടി ടി എം, ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ്, പി ജി കോഴ്സുകളായ എം കോം, എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് എന്നിവ മാത്രമാണുള്ളത്. 291 പെണ്‍കുട്ടികളടക്കം 464 വിദ്യാര്‍ത്ഥികളും 20 സ്ഥിരം അധ്യാപകരും 11 താല്‍ക്കാലിക അധ്യാപകരുമാണുള്ളത്. നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മിച്ച വലിയ കെട്ടിടവും മറ്റു പശ്ചാത്തല സൗകര്യവുമുള്ള കോളജില്‍ 35,000 പുസ്തകമുള്ള ലൈബ്രറിയുണ്ട്.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കുന്ന മഞ്ചേശ്വരം താലൂക്കിലെ മിക്ക വിദ്യാര്‍ത്ഥികളും ഏറെ ആശ്രയിക്കുന്നത് മംഗളൂരുവിലെ സ്വാശ്രയ കോളജുകളെയാണ്. അവിടത്തെ പഠനച്ചെലവ് രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ പറ്റാത്തതിനാല്‍ സാധാരണക്കാരായ കുടുംബത്തിലെ വിദ്യാര്‍ത്ഥികളെല്ലാം മഞ്ചേശ്വരം ഗോവിന്ദപൈ കോളജിലാണെത്തുന്നത്. ജില്ലയിലെ മറ്റു കോളജുകളില്‍ ഇരുപതിലേറെ കോഴ്സുകള്‍ ഉണ്ടെങ്കിലും ഇവിടെ വിരലിലെണ്ണാവുന്ന കോഴ്സുകള്‍ മാത്രമാണുള്ളത്.

ശാസ്ത്ര, മാനവിക, ഭാഷാ വിഷയങ്ങളില്‍ കൂടുതല്‍ ബിരുദബിരുദാനന്തര കോഴ്സുകള്‍ തുടങ്ങണമെന്ന കോളജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പി ടി എയുടെയും ആവശ്യം ഇതുവരെയായി പൂര്‍ത്തീകരിച്ചിട്ടില്ല. കോളജില്‍ ആണ്‍കുട്ടികള്‍ക്കായി ഹോസ്റ്റലിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രയാസങ്ങളായതിനാല്‍ ഇതുവരെയായി തുറന്നില്ല. ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധസംഘടനകളും പൂര്‍വവിദ്യാര്‍ത്ഥികളും രംഗത്തിറങ്ങിയാല്‍ ഗോവിന്ദപൈ കോളജിന്റെ സ്ഥിതി മാറ്റാനാവുമെന്ന പ്രതീക്ഷയാണ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ളത്.

പരിമിതികള്‍ക്കിടയിലും കോളജിന്റെ അക്കാദമിക് നിലവാരം മികച്ചതാണ്. കോളജിന് നാക് അംഗീകാരം ലഭിച്ചാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് അധ്യാപകരായ ഡോ. പി എം സലീം, ഡോ. ടി പി സുധീപ്, ഡോ. കെ വി അനൂപ്, ഡോ. വി ഗണേശന്‍ അറിയിച്ചു. നാക് അംഗീകാരം നേടാനുള്ള പരിശ്രമത്തിലാണ് കോളജ് അധികൃതര്‍. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് നാക് അംഗീകാരവുമായി ബന്ധപ്പെട്ട സംഘം കോളജിലെത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, College, Education, Manjeshwaram, M. Govinda Pai, NAK inspection in Manjeshwar Govinda Pai Memorial Government College.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia