വിദ്യാർത്ഥിനിയുടെ കത്തിന് ഫലം കണ്ടു; മൊഗ്രാൽ സ്കൂളിൽ സംഗീത അധ്യാപികയെത്തി
● പി.ടി.എയുടെയും വിദ്യാർത്ഥിനിയുടെയും സജീവ ഇടപെടൽ നടപടികൾ വേഗത്തിലാക്കി.
● കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപിക സജീവമായി പങ്കെടുത്തിരുന്നു.
● സംഗീതത്തിൽ ഏറെ താല്പര്യമുള്ള കുട്ടികളാണ് മൊഗ്രാലിലുള്ളതെന്ന് അധ്യാപിക.
● ഇശൽ പാരമ്പര്യമുള്ള ഗ്രാമത്തിൽ സംഗീത പഠനം കൂടുതൽ ഊർജ്ജിതമാകും.
● വിദ്യാർത്ഥികളും രക്ഷിതാക്കളും നിയമനത്തിൽ വലിയ ആഹ്ലാദത്തിലാണ്.
മൊഗ്രാൽ: (KasargodVartha) ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ മൊഗ്രാൽ സ്കൂളിന് ഒരു സംഗീത അധ്യാപികയെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പിടിഎയും നാട്ടുകാരും. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി റസിയ നൂഹ ജില്ലാ വിദ്യാഭ്യാസ അധികൃതർക്ക് അയച്ച കത്തിനുള്ള നടപടിയാണ് ഈ നിയമനത്തിന് നിമിത്തമായത്.
നിയമനം സംബന്ധിച്ച് വിദ്യാർത്ഥിനിയുടെ കത്തിന് വിദ്യാഭ്യാസ വകുപ്പ് മേധാവി മറുപടി കുറിപ്പും നൽകിയിരുന്നു. മൊഗ്രാൽ സ്കൂളിൽ സംഗീത അധ്യാപികയെ നിയമിക്കാൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നായിരുന്നു കത്തിലെ സൂചന. നിയമനം യാഥാർത്ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് റസിയ നൂഹ.
ഇശൽ ഗ്രാമത്തിലെ സ്കൂളിൽ സംഗീത അധ്യാപിക ഇല്ലാത്തതിനെക്കുറിച്ച് നാട്ടുകാരും വിദ്യാർത്ഥികളും നേരത്തെ തന്നെ പിടിഎയിൽ പരാതിപ്പെട്ടിരുന്നു. മുൻ പിടിഎ കമ്മിറ്റിയുടെ ഇടപെടലിനൊപ്പം വിദ്യാർത്ഥിനിയുടെ കത്ത് കൂടിയായപ്പോൾ നടപടികൾ വേഗത്തിലായി.
നിയമനം കുറച്ചുകൂടി നേരത്തെയായിരുന്നുവെങ്കിൽ കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ സ്കൂളിന് കൂടുതൽ മികച്ച ഫലം ലഭിക്കുമായിരുന്നുവെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ചുമതലയേറ്റു കുറഞ്ഞ കാലയളവിൽ തന്നെ വിദ്യാർത്ഥികളെ സംഗീത ലോകത്തേക്ക് നയിക്കാൻ കഴിഞ്ഞുവെന്ന പ്രത്യാശ അധ്യാപിക സുസ്മിത പി ജെ പങ്കുവെച്ചു.
കഴിഞ്ഞ റവന്യൂ ജില്ലാ കലോത്സവ നഗരിയിൽ കുട്ടികളോടൊപ്പം പാട്ടുപാടിയും ആടിയും ടീച്ചർ സജീവമായിരുന്നു. സ്വാഗതഗാന സംഘത്തിനൊപ്പവും സംഗീത അധ്യാപികയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇശൽ ഗ്രാമമായതിനാൽ കുട്ടികളെ സംഗീതം പഠിപ്പിക്കാൻ വലിയ പ്രയാസം നേരിടേണ്ടി വരുന്നില്ലെന്നും കുട്ടികൾ ഇതിൽ വലിയ താല്പര്യം കാണിക്കുന്നുണ്ടെന്നും അധ്യാപിക പറഞ്ഞു.
ഒരു വിദ്യാർത്ഥിനിയുടെ ഇച്ഛാശക്തി ഫലം കണ്ട വാർത്ത ഷെയർ ചെയ്യൂ.
Article Summary: Mogral School gets a new music teacher following a letter from 10th-grade student Raziya Nuha to the Education Department.
#MogralSchool #MusicTeacher #RaziyaNuha #KasaragodNews #EducationDepartment #SchoolNews






