Education | എഡ്യൂടോപിയ - ഇന്‍വിന്‍ഷ്യ ഗണിതശാസ്ത്ര പ്രദര്‍ശനവും പഠനോത്സവവും ബദിയഡുക്ക മാന്യ ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളില്‍
● ഗണിതശാസ്ത്ര പഠനം ലളിതവും ആകര്‍ഷകവും.
● വിവിധ സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സ്റ്റാളുകള്‍ സന്ദര്‍ശിക്കാം.
● മികച്ച പ്രോജെക്ട് അവതരിപ്പിക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കും.
കാസര്‍കോട്: (KasargodVartha) ദേശീയ ഗണിത ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 'നിത്യ ജീവിതത്തിലെ ഗണിതം' പ്രമേയമാക്കി കാസര്‍കോട് മാന്യയിലെ ദി ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ഡിസംബര്‍ 21 ന് ഗണിതശാസ്ത്ര പ്രദര്‍ശനവും പഠനോത്സവവും സംഘടിപ്പിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗണിതശാസ്ത്ര പഠനം ലളിതവും ആകര്‍ഷകവുമാക്കി മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍, ജ്യോമട്രിക്കല്‍ ആര്‍ട്‌സ്, നമ്പര്‍ ചാര്‍ട്ട്‌സ്, കളക്ഷന്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായിട്ടാണ് പ്രദര്‍ശനം നടക്കുക. നാസ ഗ്ലെന്‍ റിസര്‍ച്ച് സെന്റര്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ. ഇബ്രാഹിം ഖലീല്‍ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും.
പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പുകളായി വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന 'എഡ്യൂടോപിയ പഠനോത്സവവും' സംഘടിപ്പിക്കും. പഠനം രസകരമാക്കാനും വിവിധ വിഷയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പഠിപ്പിക്കാനും കുട്ടികള്‍ തന്നെ തയ്യാറാക്കിയ മോഡലുകള്‍ ഉപയോഗിച്ച് നടത്തുന്ന പ്രസ്തുത പരിപാടി ചന്ദ്രഗിരി സഹോദയ പ്രസിഡന്റ് പി അബ്ദുള്ള കുഞ്ഞിയും ഉദ്ഘാടനം ചെയ്യും.
വിവിധ സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സ്റ്റാളുകള്‍ സന്ദര്‍ശിക്കാം. സ്‌കൂളിലെ പ്രൈമറി - മിഡില്‍ വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒരുപോലെ പങ്കെടുക്കുന്ന പ്രസ്തുത പരിപാടി ഏറെ വ്യത്യസ്തമായ അനുഭവം നല്‍കുന്നതാണെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. മികച്ച പ്രോജെക്ട് അവതരിപ്പിക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി എച് ഖദീജ, കോര്‍ഡിനേറ്റര്‍മാരായ ജസീറ തസ്നീം വൈ, ബി ഫഹീമ ശരീഫ്, സ്‌കൂള്‍ അധ്യാപകരായ സവിത ഡിസൂസ, പി മനോജ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
#math, #education, #school, #Kerala, #STEM, #exhibition, #project, #students, #learning