ജീവശാസ്ത്രം പഠിക്കാൻ സ്കൂളുകളില്ല; മഞ്ചേശ്വരത്ത് വിദ്യാർഥികൾ ദുരിതത്തിൽ
● കഴിഞ്ഞ വർഷം കുമ്പളയിലെ 120 സീറ്റിലേക്ക് നാലായിരത്തോളം അപേക്ഷകർ
● ജിഎച്ച്എസ്എസ് മൊഗ്രാൽ പുത്തൂരിലെ സയൻസ് കോഴ്സിൽ ബയോളജിയില്ല
● പുത്തിഗെ, മീഞ്ച, വോർക്കാടി പഞ്ചായത്തുകളിൽ ഒരൊറ്റ സയൻസ് ബാച്ചുമില്ല
● മഞ്ചേശ്വരം മണ്ഡലത്തിലെ 16 സ്കൂളുകളിൽ ആറിടത്ത് മാത്രം സയൻസ്
● ജിഎച്ച്എസ്എസ് മംഗൽപാടിയിൽ പുതുതായി കംപ്യൂട്ടർ സയൻസ് ബാച്ച് അനുവദിച്ചു
മഞ്ചേശ്വരം: (KasargodVartha) കാസർകോടിന്റെയും മഞ്ചേശ്വരത്തിന്റെയും ഇടയിലുള്ള തീരദേശ പ്രദേശത്ത് ജീവശാസ്ത്രം ഉൾപ്പെടെയുള്ള സയൻസ് വിഷയങ്ങൾ എടുത്തു പ്ലസ് ടു പഠിക്കാൻ ഒരേ ഒരു സ്കൂൾ മാത്രമാണുള്ളത്. ഹയർ സെക്കൻഡറി സ്കൂളുകളായ മൊഗ്രാൽ, ഷിറിയ, മംഗൽപാടി, ഉപ്പള എന്നിവിടങ്ങളിലൊന്നും സയൻസ് ബാച്ചില്ല. ഈ മേഖലയിൽ ആകെയുള്ളത് കുമ്പളയിൽ മാത്രമാണ്.
തൊട്ടടുത്ത ജിഎച്ച്എസ്എസ് മൊഗ്രാൽ പുത്തൂറിൽ സയൻസ് ഉണ്ടെങ്കിലും അത് ബയോളജി ഇല്ലാത്ത കോഴ്സാണ്. അതുകൊണ്ടുതന്നെ കുമ്പള ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വർഷം 120 സീറ്റുകളിൽ നാലായിരത്തിനടുത്ത് അപേക്ഷകരുണ്ടായി. ഫുൾ എ പ്ലസ് കുട്ടികൾക്ക് വരെ അഡ്മിഷൻ കിട്ടിയിരുന്നില്ല.
വിദ്യാർഥികൾ പ്രതിസന്ധിയിൽ
കുമ്പള, അംഗടിമൊഗർ, സൂരമ്പയൽ, കൊടിയമ്മ, മൊഗ്രാൽ, ഷിറിയ എന്നീ ഹൈസ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഏറ്റവും അടുത്തായി കുമ്പളയിലുള്ള സയൻസ് ബാച്ച് മാത്രമേ ഉള്ളൂ. മഞ്ചേശ്വരം മണ്ഡലത്തിലെ പുത്തിഗെ, മീഞ്ച, വോർക്കാടി പഞ്ചായത്തുകളിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഒരൊറ്റ സയൻസ് ബാച്ച് പോലുമില്ല.
ജില്ലയിൽ 116 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 74 ഇടത്ത് (64 ശതമാനം), തൊട്ടടുത്ത കാസർകോട് മണ്ഡലത്തിൽ 16 ഹയർ സെക്കൻഡറി സ്കൂളുകളിൽ 12 ഇടത്തും (75 ശതമാനം) സയൻസ് പഠന സൗകര്യം ഉള്ളപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിൽ 16-ൽ ആറിടത്ത് (37.50 ശതമാനം) മാത്രമേ സൗകര്യം ഉള്ളൂ.
അനുവദിച്ചത് മാത്‍സ് ബാച്ച്
സംസ്ഥാനത്ത് വലിയ പഞ്ചായത്തുകളിൽ നാലും അഞ്ചും ഹയർ സെക്കൻഡറി സ്കൂളുകളിൽ സയൻസ് ബാച്ചുകൾ ഉള്ളപ്പോൾ ജനസംഖ്യ വളരെ കൂടുതലുള്ള മംഗൽപാടി പഞ്ചായത്തിൽ ഒരു അറ്റത്ത് ഒരു ബാച്ച് മാത്രമാണ് ഉള്ളത്. ചുറ്റുമുള്ള മീഞ്ച, വോർക്കാടി, പുത്തിഗെ പഞ്ചായത്തുകളിൽ ഒന്നുപോലുമില്ല.
ഇപ്രാവശ്യം മംഗൽപാടി പഞ്ചായത്തിലെ ജിഎച്ച്എസ്എസ് മംഗൽപാടിയിൽ പുതുതായി ഒരു സയൻസ് ബാച്ച് അനുവദിച്ചതായി അറിയിപ്പ് ലഭിച്ചെങ്കിലും അത് ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, കംപ്യൂട്ടർ സയൻസ് ബാച്ചിനാണ്. ആവശ്യമാകട്ടെ ബയോളജിയുള്ള ബാച്ചിനായിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് ഈ ബാച്ച് ബയോളജി സയൻസാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ഇപ്പോഴത്തെ ആവശ്യം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ രാഷ്ട്രീയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Lack of biology batches in Manjeshwaram creates crisis for plus two students.
#Manjeshwaram #PlusTwoAdmission #KeralaEducation #KasaragodNews #HigherSecondary #LocalNews #AparnaNews






