Protest | പ്ലസ് വണ്‍ പ്രവേശനം; മലപ്പുറത്ത് വിദ്യാര്‍ഥി സംഘടനകളുടെ സമരം
എംഎസ്എഫ്-ഹരിത പ്രവര്‍ത്തകര്‍ ഹയര്‍ സെകന്‍ഡറി ആര്‍ഡിഡി ഓഫീസിലേക്ക് കയറി ഓഫീസ് പൂട്ടല്‍ സമരത്തിന് ശ്രമിച്ചു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ മലപ്പുറം-പെരിന്തല്‍മണ്ണ റോഡ് ഉപരോധിച്ചു.
കൊല്ലത്തും വയനാട്ടിലും കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി.
എസ്എഫ്‌ഐയും സമരത്തിനിറങ്ങി.
മലപ്പുറം: (KasargodVartha) പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്ത് പ്രതിഷേധവുമായി വിവിധ വിദ്യാര്‍ഥി സംഘടനകള്‍. എസ്എഫ്‌ഐ, കെ എസ് യു, എംഎസ്എഫ്, ഹരിത, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.
എംഎസ്എഫ്-ഹരിത പ്രവര്‍ത്തകര്‍ ഹയര്‍ സെകന്‍ഡറി ആര്‍ഡിഡി ഓഫീസിലേക്ക് കയറി ഓഫീസ് പൂട്ടല്‍ സമരത്തിന് ശ്രമിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ മലപ്പുറം-പെരിന്തല്‍മണ്ണ റോഡ് ഉപരോധിച്ചു. കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. കൊല്ലത്തും വയനാട്ടിലും കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി.
തെരുവിലിറങ്ങി പെണ്‍കുട്ടികളടക്കം സമരത്തിന് ശക്തി പകരുകയാണ് മലപ്പുറത്ത്. പ്ലസ് വണ്‍ പഠനത്തിന് മുഴുവന്‍ അപേക്ഷകര്‍ക്കും സീറ്റ് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് എംഎസ്എഫ് ഹരിത പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മലപ്പുറം ആര്‍ഡിഡി ഓഫിസിലേക്ക് മാര്‍ച് നടത്തി. ഓഫീസിലേക്ക് കയറിയ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിഎച് ആഈശ ബാനു, ഹരിത ജില്ലാ ചെയര്‍പേഴ്‌സന്‍ ഫിദ ടി പി, കണ്‍വീനര്‍മാരായ ശൗഫ കാവുങ്ങല്‍, റമീസ ജഹാന്‍ എന്നിവരെ പെലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇതിനിടെയാണ് ക്ലാസ് ആരംഭിച്ച തിങ്കളാഴ്ച (24.06.2024) എസ്എഫ്‌ഐയും സമരത്തിനിറങ്ങിയത്. തിങ്കളാഴ്ച മലപ്പുറം കളക്ടറേറ്റിലേക്കാണ് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച് സംഘടിപ്പിച്ചത്. മലപ്പുറത്ത് പുതിയ പ്ലസ് വണ്‍ ബാചുകള്‍ അനുവദിക്കണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം.
അതേസമയം, മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തിങ്കളാഴ്ചയും ആവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് വ്യാജപ്രചരണമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.