തദ്ദേശ തെരെഞ്ഞടുപ്പ്; മുഖാമുഖം പരിപാടിയില്‍ കൊമ്പുകോര്‍ത്ത് മുന്നണി നേതാക്കള്‍; വികസനവാദവും അവിശുദ്ധ ബന്ധവും അഴിമതി ആരോപണങ്ങളും ചര്‍ച്ചയായി
കാസര്‍കോട്: (www.kasargodvartha.com 28.11.2020) തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മൂന്നണി നേതാക്കളുടെ മുഖാമുഖം പരിപാടിയില്‍ ചര്‍ച്ചയായത് വികസന വാദവും അവിശുദ്ധ കൂട്ടുകെട്ടും അഴിമതി ആരോപണങ്ങളും.
മൂന്ന് മുന്നണി നേതാക്കളും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തതോടെ ചര്‍ച്ച കൊഴുത്തു. ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനത്തിനാണ് വോട്ടുതേടുന്നതെന്നും അപവാദ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞു കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ തിരിച്ചു പിടിക്കുമെന്നും ഇതുവരെ ഇടതുപക്ഷം എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമ പഞ്ചായത്തുകള്‍ വരെ എല്‍ ഡി എഫ് ഇക്കുറി ഭരിക്കുമെന്നും അവകാശപ്പെട്ടുകൊണ്ട് ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്‍ ആണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
പുത്തിഗെ, ചെങ്കള, പിലിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ തിരിച്ചുപിടിക്കും. കേരള കോണ്‍ഗ്രസ് മാണി, എല്‍ ജെ ഡി പാര്‍ട്ടികളുടെ വരവ് മുന്നണിയെ ശക്തിപ്പെടുത്തും. റോഡുകളും പാലങ്ങളും വിദ്യാലയങ്ങളും സ്റ്റേഡിയങ്ങളും അടക്കം കിഫ്ബി പദ്ധതിയില്‍ കോടികളുടെ വികസന പദ്ധതികളാണ് നടത്തിയതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എടുത്ത് പറഞ്ഞു.
'പൂ ചോദിച്ചപ്പോള്‍ പൂക്കാലം' ആണ് സര്‍ക്കാര്‍ ഈ നാടിന് നല്‍കിയത്. എം സി ഖമറുദ്ദീന്‍ എം എല്‍ എ യുടെ അറസ്റ്റും കേസും യു ഡി എഫ് കോട്ടകള്‍ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച സി പി എമ്മിനെയും മുന്നണിയെയും ജനങ്ങള്‍ തിരസ്‌ക്കരിക്കുമെന്നും ലോകസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നേടിയ തിളങ്ങുന്ന വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് പറഞ്ഞാണ് യു ഡി എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, സതീഷ് ചന്ദ്രനെ നേരിട്ടത്. ജില്ലയിലെങ്ങും യു ഡി എഫ് അനുകൂല തരംഗമാണുള്ളത്. വികസനത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് നടത്തുന്നത്. കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ കേരളത്തിന് മാതൃകയായ ജലജീവനം, ചെക്ക്ഡാം, സോളാര്‍ വൈദ്യുതി തുടങ്ങിയ വികസന പദ്ധതികളാണ് യു ഡി എഫ് നടപ്പിലാക്കിയത്. ജില്ലാ പഞ്ചായത്ത് ബജറ്റില്‍ മുന്നോട്ട് വെച്ച പെരിയ എയര്‍സ്ട്രിപ്പ് വൈകിപ്പിക്കാനാണ് സര്‍കാര്‍ ശ്രമിച്ചതെന്നും ഗോവിന്ദന്‍ നായര്‍ പറഞ്ഞു.
എല്‍ ഡി എഫിനെയും യു ഡി എഫിനെയും ഒരു പോലെ എതിര്‍ത്ത് സംസാരിച്ച ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളും അതിന് കേരളം ഭരിക്കുന്ന രണ്ടു മുന്നണികളും തുരങ്കം വെക്കുന്നതായാണ് ഊന്നിപ്പറഞ്ഞത്. ആയിരകണക്കിന് കോടി രൂപ നരേന്ദ്ര മോഡി സര്‍കാര്‍ നല്‍കിയത് എല്‍ ഡി എഫ് സര്‍ കാറിന് ഗുണകരമായിട്ടുണ്ട്. എന്നിട്ടും കാസര്‍കോടിനെ പിന്നോക്ക ജില്ലയെന്ന ഓമനപ്പേര് മാറ്റാന്‍ മുന്നണികള്‍ തയ്യാറാകുന്നില്ല.
വികസനത്തിന്റെ കാര്യത്തില്‍ നമ്മുടെ അയല്‍ സംസ്ഥാങ്ങളിലേക്ക് നോക്കുകയാണ് വേണ്ടതെന്നും ബി ജെ പി നേതാവ് പറഞ്ഞു. വ്യവസായങ്ങളുടെ ശവപ്പറമ്പായി ഈ നാടിനെ മാറ്റിയത് മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകളാണെന്നും എന്‍ ഡി എ ജില്ലയില്‍ അട്ടിമറി വിജയം നേടുമെന്നും വേലായുധന്‍ പറഞ്ഞു. സംവാദത്തിനിടയില്‍ നീലേശ്വരത്തെയും പനത്തടിയിലെയും ബി ജെ പി -യു ഡി എഫ് ബന്ധത്തിന്റെ പേരില്‍ മുന്നണി നേതാക്കള്‍ കൊമ്പുകോര്‍ത്തു. മടിക്കൈയിലെ സി പി എം ഭീഷണി വെളിപ്പെടുത്തിയാണ് എ വേലായുധന്‍ കെ പി സതീഷ് ചന്ദ്രനനെ നേരിട്ടത്.
ബി ജെ പി വോട്ട് വാങ്ങിക്കുന്നവരെ പാര്‍ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് ഗോവിന്ദന്‍ നായര്‍ മറുപടി നല്‍കിയത്. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം മോഡറേറ്ററായി. സെക്രട്ടറി കെ വി പത്മേഷ് സ്വാഗതം പറഞ്ഞു.