Education | ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പുമായി കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്; വിദേശ സർവകലാശാലകളുമായി ധാരണാപത്രം ഒപ്പിട്ടു
● കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത ഏഴ് കോഴ്സുകൾ നിലവിലുണ്ട്.
● കഴിഞ്ഞ വർഷം തുടങ്ങിയ ഐഎഎസ് അക്കാദമിയിൽ 1400 അപേക്ഷകൾ ലഭിച്ചു.
● മാനേജ്‌മെന്റ് കോളജും, ഐടി സെന്ററും ഈ അധ്യയന വർഷം പ്രവർത്തനം തുടങ്ങി.
കാസർകോട്: (KasargodVartha) കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പുമായി മുന്നോട്ടുപോകുകയാണെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷം തുടങ്ങിയ കുണിയ ആർട്സ് ആൻഡ് സയൻസ് കോളജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത ഏഴ് കോഴ്സുകൾ നിലവിലുണ്ട്. തൊഴിലധിഷ്ഠിത രീതിയിലാണ് ഈ കോഴ്സുകൾ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ മികച്ച വിദേശ സർവകലാശാലകളുമായി ധാരണാപത്രം ഒപ്പിട്ടതായി കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് അക്കാദമിക് അഡ്വൈസർ പ്രൊഫ. സുധീർ ഗവാനി അറിയിച്ചു.
കഴിഞ്ഞ വർഷം തുടങ്ങിയ ഐഎഎസ് അക്കാദമി കാസർകോട്ടെ തന്നെ ആദ്യത്തെ റെസിഡൻഷ്യൽ സിവിൽ സർവീസ് അക്കാദമിയാണ്. ഈ വർഷത്തെ ബാച്ചിലേക്ക് 14 സംസ്ഥാനങ്ങളിൽ നിന്നുള്‍പ്പെടെ 1400 അപേക്ഷകൾ ലഭിച്ചിരുന്നു. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ കുണിയ ഐഎഎസ് അക്കാദമി ദേശീയ ശ്രദ്ധയാകർഷിച്ചതായും അദ്ദേഹം പറഞ്ഞു.
വാണിജ്യ ലോകത്ത് നേതൃത്വം നൽകാൻ കുണിയ മാനേജ്‌മെന്റ് കോളജും, ഐടി സെന്ററും ഈ അധ്യയന വർഷം പ്രവർത്തനം തുടങ്ങി. കൂടാതെ ബാല്യ-കൗമാരത്തിന്റെ മികച്ച സ്വഭാവ രൂപീകരണത്തിന് സഹായകമാകാൻ എമിൻ ഇന്റർനാഷണൽ അക്കാദമിയും ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെ മാനവ മോചനം സാധ്യമാക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് കുഞ്ഞഹമ്മദ് മുസ്ലിയാർ സ്മാരക ട്രസ്റ്റിന് കീഴിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല ഇവിടെ ആരംഭിച്ചതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
പഠനത്തിൽ മികവുണ്ടായിട്ടും സാമ്പത്തിക പരാധീനതകളാല്‍ ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് ഉൾപ്പെടെ ഉപകരിക്കുംവിധം ആഗോള നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ തന്നെ സ്ഥാപിക്കുക, ലോക നിലവാരത്തിലുള്ള മികച്ച പഠന സൗകര്യവും, അധ്യാപകരെയും ലഭ്യമാക്കുക, രാജ്യത്തെ തന്നെ അറിവിന്റെ ഏറ്റവും വലിയ ഹബ്ബാക്കി വടക്കേ മലബാറിനെ മാറ്റുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വകാര്യ സർവകലാശാല ആരംഭിക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കുന്നു. സർക്കാരുകളുടെ നയങ്ങള്‍ക്ക് വിധേയമായി മാത്രമേ നടപടികളെടുക്കാന്‍ സാധിക്കുകയുള്ളൂവെങ്കിലും സർവകലാശാലക്ക് വേണ്ടിയുള്ള ഭൗതിക സാഹചര്യങ്ങളെല്ലാം ഒരുക്കിയതായും വ്യക്തമാക്കി.
അടുത്ത അധ്യയന വർഷം മുതൽ കുണിയ എൻട്രൻസ് അക്കാദമി (ഐഐടി, മെഡിക്കൽ കോളേജ്), ആദ്യ ഘട്ടത്തിൽ പത്ത് വ്യവസായ യൂനിറ്റുകളുമായി ഇൻഡസ്ട്രിയൽ പാർക്ക്, കുണിയ കോളജ് ഓഫ് ലോ, കോളജ് ഓഫ് നഴ്‌സിംഗ്, കോളജ് ഓഫ് ഫാർമസി എന്നിവയും സജ്ജമാക്കും. ആദ്യ ഘട്ടത്തിൽ നാനൂറ് കിടക്കളോട് കൂടിയ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി (മെഡിസിറ്റി), അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, നാലായിരം പേർക്കിരിക്കാവുന്ന ജില്ലയിലെ ഏറ്റവും വലിയ ഓഡിറ്റോറിയം, സ്‌പോർട്‌സ് സിറ്റി, ഒളിമ്പിക് നിലവാരത്തിലുള്ള പൂള്‍, ആയിരം പേർക്കിരിക്കാവുന്ന സെമിനാര്‍ ഹാള്‍ എന്നിവയും നിർമിക്കാനാണ് പദ്ധതി.
വാർത്താസമ്മേളനത്തിൽ മാനേജ്‌മെന്റ് ട്രസ്റ്റിമാരായ അഹമ്മദ് സാഹില്‍ ഇബ്രാഹിം, സംഷാദ് അഹമ്മദ്, ട്രസ്റ്റി ടി എ നിസാര്‍, കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് അക്കാദമിക് അഡ്വൈസർ പ്രൊഫ. സുധീർ ഗവാനി, ഹെഡ് ഓഫ് യൂനിവേഴ്‌സിറ്റി പാർട്ണർഷിപ്പ് എം സി മൈക്ക്, സീനിയർ പാർട്ണർഷിപ്പ് ഓഫീസർ യു കെ ബക്കിങാംഷെയറിലെ വില്ല്യം ലിഷ്മാന്‍, അക്കാദമിക് ഡയറക്ടർ കെ വി യഹ്യ, കുണിയ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ കെ ഫായിസ് അബ്ദുല്ല, കെ ജി ഐ അഡ്മിനിസ്‌ട്രേറ്റർ അനസ് സംബന്ധിച്ചു.
#KuniyaInstitutions #HigherEducation #IASAcademy #EducationalDevelopment #India #News