city-gold-ad-for-blogger

സർക്കാർ നയങ്ങൾക്കെതിരെ കെപിഎസ്ടിഎ; 'മാറ്റൊലി' പൊതുവിദ്യാഭ്യാസ സംരക്ഷണ ജാഥ സെപ്റ്റംബർ 15-ന് കാസർകോട് നിന്നും ആരംഭിക്കും

KPSTA to Launch 'Mattoli' Public Education Protection Rally from Kasaragod on September 15
KasargodVartha Photo

● ജാഥ 14 ജില്ലകളിലൂടെ പര്യടനം നടത്തി 39 സ്വീകരണകേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും.
● സുപ്രീംകോടതി വിധി മൂലം ജോലി നഷ്ടപ്പെടുന്ന അധ്യാപകർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യം.
● പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയ പെൻഷൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നു.
● കാസർകോട് ഉദ്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപി നിർവഹിക്കും.
● സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

കാസർകോട്: (KasargodVartha) പൊതുവിദ്യാഭ്യാസ രംഗത്തെ സർക്കാർ നയങ്ങൾക്കും അധ്യാപകർക്കെതിരായ നടപടികൾക്കും എതിർപ്പ് രേഖപ്പെടുത്തി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 'മാറ്റൊലി' പൊതുവിദ്യാഭ്യാസ സംരക്ഷണ ജാഥ സെപ്റ്റംബർ 15-ന് കാസർകോട് നിന്നും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജാഥ 14 ജില്ലകളിലൂടെ പര്യടനം നടത്തി 39 സ്വീകരണകേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി സെപ്റ്റംബർ 27-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പതിനായിരക്കണക്കിന് അധ്യാപകരുടെ വൻറാലിയോടെ സമാപിക്കും. കെ. അബ്ദുൽ മജീദ് ക്യാപ്റ്റനും പി.കെ. അരവിന്ദൻ മാനേജരും അനിൽകുമാർ വട്ടപ്പാറ കോ-ഓർഡിനേറ്ററുമാണ്. സംസ്ഥാന ഭാരവാഹികൾ ജാഥയിലെ സ്ഥിരാംഗങ്ങളായിരിക്കും.

ജാഥയുടെ പ്രധാന ആവശ്യങ്ങളിൽ ചിലത്: സുപ്രീംകോടതി വിധി മൂലം ജോലി നഷ്ടപ്പെടുന്ന അധ്യാപകർക്ക് സംരക്ഷണം നൽകുക, ആർ ടി ഇ നിയമത്തിൽ ഭേദഗതി വരുത്തി ടെറ്റ് ഒഴിവാക്കുക, നിയമന അംഗീകാരത്തിനായി കാത്തിരിക്കുന്ന അധ്യാപകർക്ക് അംഗീകാരവും ശമ്പളവും നൽകുക, 1997 മുതൽ നിലവിലുണ്ടായിരുന്ന 1:40 അധ്യാപക-വിദ്യാർത്ഥി അനുപാതം തിരിച്ചുകൊണ്ടുവരിക, ഏഴ് ഗഡു ഡിഎ കുടിശ്ശിക ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾ തീർത്ത് ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ (എൻപി എസ്) ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, എയ്ഡഡ് മേഖലയിൽ ആശ്രിത നിയമനം തിരിച്ചുകൊണ്ടുവരിക, മെഡിസെപ്പ് പദ്ധതി ഓപ്ഷണൽ ആക്കുകയും ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുകയും ചെയ്യുക, വിദ്യാർഥികളുടെ കലാ-കായിക വളർച്ചയ്ക്കായി സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുക, ഉച്ചഭക്ഷണ പദ്ധതിക്ക് ആവശ്യമായ തുകയും സൗകര്യങ്ങളും വർദ്ധിപ്പിക്കുക, പ്രീ-പ്രൈമറി വിഭാഗങ്ങൾക്ക് അംഗീകാരം നൽകുക എന്നിവയാണ്.

കാസർകോട് ഉദ്ഘാടന സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപി നിർവഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരിക്കും. സെപ്റ്റംബർ 27-ന് സെക്രട്ടേറിയറ്റിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.

വാർത്താ സമ്മേളനത്തിൽ കെപിഎസ്ടിഎ സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുൽ മജീദ്, ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ, വൈസ് പ്രസിഡണ്ട് ജി.കെ. ഗിരീഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. ശശിധരൻ, ജില്ലാ പ്രസിഡണ്ട് പി.ടി. ബെന്നി, സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ മേഖലയിലെ സർക്കാർ നയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

Article Summary: KPSTA to launch 'Mattoli' education protection rally in Kerala.

#KPSTA #EducationRally #Kerala #TeacherProtest #PublicEducation #Kasaragod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia