city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തെ വിദ്യാഭ്യാസ കേന്ദ്രമാക്കും; ആര്‍ക്കും നിര്‍ഭയത്തോടെ പഠിക്കാം: മന്ത്രി കെ ടി ജലീല്‍

കാസര്‍കോട്: (www.kasargodvartha.com 17.01.2020) ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനാര്‍ഹമായ മുന്നേറ്റമാണ് സംസ്ഥാനം നേടിക്കൊണ്ടിരിക്കുന്നതെന്നും കേരളത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മഞ്ചേശ്വരം ഗോവിന്ദ പൈ മെമോറിയല്‍ ഗവണ്‍മെന്റ് കോളേജിന് വേണ്ടി നിര്‍മിച്ച ജൂബിലി മെമോറിയല്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അക്രമിക്കപ്പെടുന്നത് പതിവാകുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും സുരക്ഷിതമായി പഠനം നടത്താനാവുന്ന സൗഹാര്‍ദാന്തരീക്ഷമാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതം, ഭാഷ, സംസ്‌കാരം, വസ്ത്രം, ഭക്ഷണം തുടങ്ങിയവയില്‍ യാതൊന്നും ചോദ്യം ചെയ്യപ്പെടാതെ സ്വതന്ത്രമായി വിദ്യാഭ്യാസം നടത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന സര്‍ക്കാര്‍ ഇടപെടലുകളെ തുടര്‍ന്ന് ഇവിടെ നിന്നും ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം താരതമ്യേന കുറഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതസ്ഥാനമായി സംസ്ഥാനത്തെ നിലനിര്‍ത്തി ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആകര്‍ഷക കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സംസ്ഥാനത്ത് ബിരുദം, ബിരുദാനന്തര ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായി ബിരുദ പരീക്ഷാ ഫലം ഏപ്രിലിലും ബിരുദാനന്തര പരീക്ഷാഫലം മെയിലും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനത്തിന് വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഭരണകൂടം എന്നിവ ഒത്തുചേര്‍ന്നു പോകണം. സംസ്ഥാനത്തെ ബഹുസ്വരതക്ക് പൊതുവിദ്യാലയങ്ങള്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. ഒരേ ബെഞ്ചില്‍ വിവിധ ജാതി-മതസ്ഥര്‍ ഒരേ ഹൃദയത്തോടെ ഇരുന്നതിനാലാണ് പഴയതലമുറ ഇന്നും അതിര്‍വരമ്പുകള്‍ക്കപ്പുറം കൈകോര്‍ത്ത് നടക്കുന്നത്. പുതിയതലമുറയ്ക്കും ഈ ബഹുസ്വരത പകര്‍ന്നു നല്‍കാനാണ് പൊതുവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ വളരെയധികം തുക വകയിരുത്തുന്നത്. ഇതിലൂടെ മാതൃകാപരമായ സമൂഹത്തെയാണ് വാര്‍ത്തെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വികസന പടവുകള്‍ താണ്ടി ഗോവിന്ദ പൈ കോളേജ്; ജൂബിലി മെമ്മോറിയല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ ഉയരങ്ങള്‍ താണ്ടിയ മഞ്ചേശ്വരം ഗോവിന്ദ പൈ മെമോറിയല്‍ ഗവണ്‍മെന്റ് കോളേജ്. കോളേജിന്  നിര്‍മ്മിച്ച ജൂബിലി മെമോറിയല്‍ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. എം സി ഖമറുദ്ദീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന അതിര്‍ത്തിയിലുള്ള മഞ്ചേശ്വരം മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ആവശ്യമാണെന്നും അതിനുള്ള സ്ഥലസൗകര്യം മണ്ഡലത്തില്‍ ലഭ്യമാണെന്നും എംഎല്‍എ പറഞ്ഞു.  നബാര്‍ഡ് പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തി എട്ടുകോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. 45,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടത്തില്‍ മികച്ച സൗകര്യങ്ങളാണ് ഉള്ളത്.

മൂന്ന് നിലകളിലായി 26 ക്ലാസ് മുറികളും ആറ് എച്ച്ഒഡി മുറികളും രണ്ട് സ്റ്റാഫ്‌റൂമും കമ്പ്യൂട്ടര്‍ ലാബും സെമിനാര്‍ ഹാളും ഗസ്റ്റ് റൂമും  പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിശ്രമ മുറിയും  ഒമ്പത് ടോയ്‌ലറ്റ് ബ്ലോക്കുകളുമുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ കീഴില്‍ 2015 സെപ്തംബറിലാണ് പ്രവൃത്തി ആരംഭിച്ചത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, മഞ്ചേശ്വരം പഞ്ചായത്ത്  പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി, ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷദ് വോര്‍ക്കാടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ആര്‍ ജയാനന്ദ, ഹസീന, പഞ്ചായത്ത് അംഗം ബേബിലത, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജെ സുനില്‍ ജോണ്‍, പിഡബ്ല്യൂഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ ദയാനന്ദ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. പി എം സലീം, വൈസ് പ്രിന്‍സിപ്പാള്‍ എസ് അമിത, പിടിഎ വൈസ് പ്രസിഡന്റ് വി രാജന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജിതിന്‍ രാജ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി ജ്യോതിപ്രഭ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളത്തെ വിദ്യാഭ്യാസ കേന്ദ്രമാക്കും; ആര്‍ക്കും നിര്‍ഭയത്തോടെ പഠിക്കാം: മന്ത്രി കെ ടി ജലീല്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Education, കേരള വാര്‍ത്ത, Top-Headlines, Kerala will be made a center of education: KT Jaleel
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia