തുടക്കത്തിൽ തിളങ്ങിയ കേരളം മദ്റസാ നവീകരണ പദ്ധതിയിൽ നിന്ന് പുറത്തായി
May 29, 2021, 19:41 IST
സൂപ്പി വാണിമേൽ
കാസർകോട്: (www.kasargodvartha.com 29.05.2021) യുപിഎ സർകാർ ആവിഷ്കരിച്ച മദ്റസാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതി (എസ് പി ക്യു ഇ എം) നിർവഹണ തുടക്കത്തിൽ തിളങ്ങിയ സംസ്ഥാനം എന്ന് കേന്ദ്രസർകാർ നിരീക്ഷിച്ച കേരളം ആ പദ്ധതിയിൽ നിന്ന് പുറത്ത്.
അഞ്ചുവർഷമായി സംസ്ഥാനത്തുനിന്ന് ഈ പദ്ധതി സഹായം തേടിയുള്ള അപേക്ഷകൾ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലേക്ക് അയച്ചിട്ടില്ല. 2010 സെപ്റ്റംബർ 21 മുതൽ 2016 ജൂലൈ 12 വരെ 67 സ്ഥാപനങ്ങൾക്ക് കേന്ദ്രം അനുവദിച്ച 8.36 കോടി രൂപയുടെ പകുതിയാണ് ആദ്യ ഗഡുവായി ലഭിച്ചത്. ഇതിന്റെ വിനിയോഗ സെർടിഫികറ്റ് ഹാജരാക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ശേഷിക്കുന്ന തുക കേന്ദ്രം തടഞ്ഞു. സംസ്ഥാന സർകാർ തുടർ നടപടി സ്വീകരിച്ചില്ലെന്നാണ് ബന്ധപ്പെട്ട രേഖകൾ നൽകുന്ന സൂചന.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻ കുമാർ, ഡിപിഐയിലെ ജോ. ഡയറക്ടർ ആർ ഷിബു എന്നിവരായിരുന്നു 2018 സെപ്റ്റംബർ 26ന് എം എച് ആർ ഡി മന്ത്രാലയത്തിൽ ചേർന്ന പദ്ധതി നിർവഹണ അവലോകന യോഗത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്തത്. ഡിസംബർ 31നകം വിനിയോഗ സെർടിഫികറ്റുകൾ ഹാജരാക്കാം എന്ന് അവർ ഉറപ്പുനൽകുകയും ചെയ്തു.
എന്നാൽ 2019 സെപ്റ്റംബർ 16ന് നടന്ന അവലോകന യോഗത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്തപ്പോഴേക്കും ആർ എസ് ഷിബു പ്രമോഷൻ ലഭിച്ച് അഡീഷനൽ ഡയറക്ടർ പദവിയിലെത്തിയതല്ലാതെ മദ്റസാ നവീകരണ ഫൻഡിന്റെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ ശൂന്യമായിരുന്നു. അദ്ദേഹത്തിന്റെ സഹായിയായി ഡി പി ഐ കാര്യാലയം സീനിയർ ക്ലർക് ഡിപി ഹരികുട്ടനാണ് യോഗത്തിൽ പങ്കെടുത്തത്.
ഡൽഹി ജാമിഅ മില്ലിയ ഇസ് ലാമിയയിൽ പ്രവർത്തിക്കുന്ന കെ ആർ നാരായണൻ സെന്റർ ഫോർ ദലിത് ആൻഡ് മൈനോറിറ്റീസ് സ്റ്റഡീസ് മദ്റസാ നവീകരണ പദ്ധതി നിർവഹണം സംബന്ധിച്ച് പഠനം നടത്തി 2013ൽ കേന്ദ്ര സർകാറിന് സമർപിച്ച റിപോർടിൽ കേരളത്തിനായിരുന്നു ഒന്നാം ഗ്രേഡ്. റിപോർടിന്റ മുഖചിത്രമായി ചേർത്തത് കേരളത്തിലെ മദ്റസാ ക്ലാസിൽ പെൺകുട്ടികളുടെ പ്രസന്നഭാവം. 2018ൽ പുതിയ സർകാറിനുവേണ്ടി നാഷനൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് എഡ്യൂകേഷണൽ പ്ലാനിംഗ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ മറ്റൊരു റിപോർട് സമർപിച്ചപ്പോഴേക്കും കേരളം പൂർണമായി പുറത്തായിരുന്നു.
ബിരുദവും ബിഎഡുമുള്ള അധ്യാപകന് 12000 രൂപ, ബിരുദ അധ്യാപകന് 6000 രൂപ നിരക്കിൽ പ്രതിമാസ വേതനമാണ് പദ്ധതിയുടെ ആകർഷണം. അരലക്ഷം രൂപ ഒറ്റത്തവണ ഗ്രാന്റ്, 5000 രൂപ ലൈബ്രറി ഗ്രാന്റ്, മാത്സ് - സയൻസ് കിറ്റിന് 15000 രൂപ, കമ്പ്യൂടെർ-സയൻസ് ലാബിന് ലക്ഷം രൂപ, വാർഷിക മെയ്ന്റനൻസിന് 5000 രൂപ എന്നിങ്ങിനേയും ലഭിക്കും.
Keywords: Kasaragod, Kerala, News, Education, Minister, State, Government, New Delhi, Teachers, Science, Computer, Kerala was brilliant in beginning, has dropped out of the Madrasa renovation project.
< !- START disable copy paste -->