Result | പ്ലസ് ടു പരീക്ഷയിൽ കാസർകോടിന് 73.27 ശതമാനം വിജയം, വിഎച്ച്എസ്ഇയിൽ 61.31
ഹയർ സെകൻഡറിയിൽ കഴിഞ്ഞവർഷത്തേക്കാൾ 5.55 ശതമാനം കുറവാണ് വിജയം.
കാസർകോട്: (KasargodVartha) ഹയർ സെകൻഡറി, വൊകേഷനൽ ഹയർ സെകൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ പ്ലസ് ടുവിന് കാസർകോട് ജില്ലയ്ക്ക് 73.27 ശതമാനം വിജയം. സംസ്ഥാന ശരാശരിയേക്കാളും കുറവാണിത്. സംസ്ഥാനത്ത് 78.69 ശതമാനമാണ് പ്ലസ് ടു വിജയ ശതമാനം. 15523 കുട്ടികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. ഇതിൽ 11374 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.
അതേസമയം വിഎച്ച്എസ്ഇയിൽ കാസർകോടിന് 61.31 ശതമാനം മാത്രമാണ് ജയം. ഇത് സംസ്ഥാനത്തെ ഏറ്റവും കുറവ് വിജയശതമാനമാണ്. 1225 വിദ്യാർത്ഥികളാണ് ജില്ലയിൽ വിഎച്ച്എസ്ഇ പരീക്ഷയെഴുതിയത്. ഹയർ സെകൻഡറിയിൽ കഴിഞ്ഞവർഷത്തേക്കാൾ 5.55 ശതമാനം കുറവാണ് വിജയം. 78.82 ശതമാനമായിരുന്നു 2023ലെ വിജയശതമാനം.
1192 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും ഇത്തവണ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണ ഇത് 943 ആയിരുന്നു. കഴിഞ്ഞതവണത്തേക്കാളും 249 കുട്ടികൾ ഇത്തവണ എല്ലാ വിഷയത്തിലും അധികം എപ്ലസ് നേടി. ജില്ലയിൽ ഹയർ സെക്കണ്ടറി ഓപൺ സ്കൂളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 1992 പേരിൽ 1912 പേരാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. 737 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 38 ശതമാനമാണ് വിജയം. നാല് പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.