ഹൈകോടതി അതൃപ്തി അറിയിച്ചിട്ടും 'ആൻ്റി റാഗിങ് ബിൽ' വൈകുന്നു; സ്കൂളുകളിൽ വീണ്ടും വ്യാപക റാഗിങ്; ആശങ്കയോടെ രക്ഷിതാക്കൾ
● കുമ്പള, എടനീർ, ബെള്ളൂർ എന്നിവിടങ്ങളിൽ വിദ്യാർഥികൾക്ക് മർദനമേറ്റു
● കുമ്പള, ആദൂർ, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചു
● കർശന നടപടി ഇല്ലാത്തതാണ് റാഗിങ് ആവർത്തിക്കാൻ കാരണമെന്ന് രക്ഷിതാക്കളും പിടിഎയും
● നിയമ ഭേദഗതി ബിൽ എത്രയും വേഗം മന്ത്രിസഭ പരിഗണിക്കണമെന്ന് ആവശ്യം ശക്തം
കാസർകോട്/ കൊച്ചി: (KasargodVartha) സംസ്ഥാനത്തെ കലാലയങ്ങളിൽ റാഗിങ് കർശനമായി തടയുന്നതിനുള്ള നിയമ ഭേദഗതി ബിൽ മന്ത്രിസഭയ്ക്ക് മുന്നിൽ സമർപ്പിക്കുന്നതിൽ സർക്കാർ വരുത്തുന്ന കാലതാമസത്തിൽ ഹൈകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതി ഉത്തരവുണ്ടായിട്ടും ഒരു വർഷത്തിലേറെയായി കേരള റാഗിങ് നിരോധന ഭേദഗതി ബിൽ-2025 സർക്കാർ വൈകിപ്പിക്കുന്നതായാണ് ആക്ഷേപം.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിൻ്റെ മെല്ലെപ്പോക്കിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. കോടതി നിർദേശങ്ങളെ സർക്കാർ വളരെ നിസ്സാരമായാണ് കാണുന്നതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
കാസർകോട്ട് വ്യാപക റാഗിങ്
ഹൈകോടതിയുടെ വിമർശനത്തിന് പിന്നാലെ കാസർകോട് ജില്ലയിലെ സ്കൂളുകളിൽ തുടക്കം തന്നെ വ്യാപകമായി റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ രക്ഷിതാക്കൾ ആശങ്കയിലാണ്. ജില്ലയിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചതിന് പിന്നാലെ റാഗിങ് കേസുകൾ വർധിച്ചു.
കുമ്പള ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിന് പിന്നാലെ എടനീറിലും ബെള്ളൂരിലും സമാനമായ റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മർദനമേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ കുമ്പള, ആദൂർ, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ പരാതിയും ലഭിച്ചിട്ടുണ്ട്.
നടപടി വേണമെന്ന് രക്ഷിതാക്കൾ
കഴിഞ്ഞവർഷവും സമാനമായ റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചെർക്കള, നായന്മാർമൂല, മൊഗ്രാൽ സ്കൂളുകളിലാണ് ഏറെയും റാഗിങ് കേസുകൾ ഉണ്ടായത്. സംഘട്ടനത്തിൽ ഏർപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.
എന്നാൽ ഇത്തരം സംഭവങ്ങളിൽ കർശന നടപടി ഇല്ലാത്തത് മൂലം റാഗിങ് കേസുകൾ ആവർത്തിക്കാൻ കാരണമാകുന്നതായി പിടിഎയും നാട്ടുകാരും രക്ഷിതാക്കളും പറയുന്നു. റാഗിങ് തടയുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നിയമ ഭേദഗതി ബിൽ എത്രയും വേഗം മന്ത്രിസഭ പരിഗണിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The Kerala High Court has expressed strong dissatisfaction over the state government's delay in presenting the Kerala Anti-Ragging Amendment Bill 2025.
#AntiRaggingBill #KeralaHighCourt #KasaragodNews #SchoolRagging #KeralaPolice #EducationNews #AparnaNews






