കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും പോറലേൽക്കാത്ത രീതിയിൽ ബാഗ് പരിശോധിക്കാം, മൊബൈൽ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം; സ്കൂൾ അച്ചടക്കത്തിൽ സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മിഷൻ
● രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സൗകര്യമൊരുക്കണം
● മുടി വളർത്തുന്നതും കളർ ചെയ്യുന്നതും സ്‌കൂൾ അച്ചടക്കത്തിന് വിധേയമായിരിക്കണം
● ഗുണനിലവാരമില്ലാത്ത ലിപ്‌സ്‌റ്റിക്ക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്‌തുക്കളുടെ ഉപയോഗം ഒഴിവാക്കണം
● അച്ചടക്കത്തിൻ്റെ പേരിൽ കുട്ടികളെ അപമാനിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുത്
● 60 ദിവസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് മേധാവിക്കും വകുപ്പ് ഡയറക്ടർമാർക്കും നിർദേശം
തിരുവനന്തപുരം: (KasargodVartha) സ്‌കൂളുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിൽ ഉൾപ്പെടെ സുപ്രധാന ശുപാർശകളുമായി സംസ്ഥാന ബാലാവകാശ കമ്മിഷൻ. കുട്ടികളുടെ ബാഗുകൾ അധ്യാപകർ പരിശോധിച്ച് ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്‌തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷൻ നിർദേശിക്കുന്നു.
ലഹരിവസ്തുക്കളുടെ ഉപയോഗം ക്യാമ്പസുകളിൽ വ്യാപിക്കുന്നതു തടയാനാണ് ഈ പരിശോധനകൾ. കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും പോറലേൽക്കാത്ത രീതിയിൽ വേണം ബാഗ് പരിശോധന നടത്താൻ. പഠനത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന ആഡംബര വസ്തുക്കളുടെ അമിത ഉപയോഗം കുട്ടികൾ പൂർണമായും ഒഴിവാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
മൊബൈൽ ഫോൺ ഉപയോഗം
സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല. പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകൾ സ്‌കൂൾ സമയം അവസാനിക്കുന്നതുവരെ സ്വിച്ച് ഓഫ് ചെയ്തു സൂക്ഷിക്കാൻ സ്‌കൂൾ അധികൃതർ സൗകര്യമൊരുക്കണം. സ്‌കൂൾ സമയത്ത് കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അച്ചടക്കലംഘനമായി കാണണമെന്നും കമ്മിഷൻ കർശനമായി നിർദേശിച്ചിട്ടുണ്ട്.
മുടി വളർത്തലും സൗന്ദര്യവർധക വസ്തുക്കളും
കുട്ടികൾ മുടി വളർത്തുന്നതും കളർ ചെയ്യുന്നതും മൊട്ടയടിക്കുന്നതും അവരുടെ അവകാശമാണെങ്കിലും, അത് സ്‌കൂൾ അച്ചടക്കത്തിൻ്റെ നിബന്ധനകൾക്കു വിധേയമായിരിക്കും. ഗുണനിലവാരമില്ലാത്ത ലിപ്‌സ്‌റ്റിക്ക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്‌തുക്കളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനു വലിയ അപകടമുണ്ടാക്കുമെന്നും കമ്മിഷൻ വിലയിരുത്തുന്നു. അതെസമയം, അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ, മാനസികമായി പീഡിപ്പിക്കുകയോ, ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
60 ദിവസത്തിനകം റിപ്പോർട്ട്
കമ്മിഷൻ്റെ ഈ നിർദേശങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ, തദ്ദേശ സ്വയംഭരണവകുപ്പ് ഡയറക്‌ടർ, സംസ്‌ഥാന പോലീസ് മേധാവി എന്നിവർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സ്‌കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികൾ പരിഗണിച്ചാണ് കമ്മിഷൻ്റെ ഈ നടപടി.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമായ ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Child rights panel issues strict discipline guidelines for Kerala schools.
#KeralaSchools #ChildRightsCommission #StudentDiscipline #KeralaEducation #SchoolRules #MalayalamNews #RenuNews







