city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KEAM 2024 | കീം എന്‍ജിനീയറിങ്ങില്‍ ആദ്യ 3 റാങ്കില്‍ തിളങ്ങിയത് ആണ്‍കുട്ടികള്‍; ആലപ്പുഴ സ്വദേശി പി ദേവാനന്ദന് ഒന്നാം റാങ്ക്

keam 2024 commissioner of entrance examination rank list
Image Credit: CEE.KERALA Website

ആദ്യ 100 റാങ്കില്‍ 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളും ഉള്‍പെട്ടു. 

പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയ്ക്ക് റാങ്ക് പട്ടികയില്‍ ഉള്‍പെടാനായില്ല.

പ്രവേശന പരീക്ഷാ കമീഷണറേറ്റ്, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവരെ മന്ത്രി ഡോ. ആര്‍ ബിന്ദു അഭിനന്ദിച്ചു.

തിരുവനന്തപുരം: (KasargodVartha) 'കീം' എന്‍ജിനീയറിങ് 2024 (KEAM Engineering 2024) പ്രവേശനപരീക്ഷയുടെ (Entrance Examination) റാങ്ക് ഫലം (Rank Result) പ്രഖ്യാപിച്ചു. 52,500 പേര്‍ റാങ്ക് പട്ടികയില്‍ ഇടം നേടി. ഔദ്യോഗിക വെബ്സൈറ്റ് cee(dot)kerala(dot)gov(dot)in വഴി ഫലം അറിയാവുന്നതാണ്. 58340 പേര്‍ യോഗ്യത നേടി. ആലപ്പുഴ (Alappuzha) സ്വദേശി പി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. 

ആണ്‍കുട്ടികളാണ് എന്‍ജിനീയറിങ്ങില്‍ ആദ്യ മൂന്ന് റാങ്കില്‍ തിളങ്ങിയത്. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍ ജോണിയും നേടി. ആദ്യ 100 റാങ്കില്‍ 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളും ഉള്‍പെട്ടു. 

ജൂണ്‍ 5 മുതല്‍ 9 വരെയായിരുന്നു ആറ് ദിവസമായിരുന്നു എന്‍ജിനീയറിങ് പരീക്ഷ നടന്നത്. ഫാര്‍മസി പരീക്ഷ ജൂണ്‍ 9 മുതല്‍ ജൂണ്‍ 10 വരെയായിരുന്നു. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. അപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ചാണ് ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്. റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ അധികൃതര്‍ പുറത്ത് വിടും. 

79,044 വിദ്യാര്‍ഥികളാണ് ആദ്യ 'കീം' ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡെല്‍ഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ. 79044 (38853 പെണ്‍കുട്ടികളും 40190 ആണ്‍കുട്ടികളും) വിദ്യാര്‍ഥികള്‍ എഴുതിയ പ്രവേശനപരീക്ഷയില്‍ 58340 പേര്‍ (27524 പെണ്‍കുട്ടികളും 30815 ആണ്‍കുട്ടികളും) യോഗ്യത നേടി. അതില്‍ 52500 പേരാണ് (24646 പെണ്‍കുട്ടികളും 27854 ആണ്‍കുട്ടികളും) റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത്. 

ആദ്യ 100 റാങ്കില്‍ ഉള്‍പെട്ട 75 പേര്‍ ഒന്നാം അവസരത്തില്‍തന്നെയാണ് പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നത്. രണ്ടാം അവസരത്തില്‍ ഈ റാങ്കിനുള്ളില്‍ വന്നവര്‍ 25 പേരാണ്. ആദ്യ നൂറു റാങ്കില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടത് എറണാകുളം ജില്ലയില്‍ നിന്നാണ് - 24 പേര്‍. തിരുവനന്തപുരവും (15 പേര്‍) കോട്ടയവുമാണ് (11) തൊട്ടുപിന്നില്‍. എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ റാങ്ക് പട്ടികയില്‍ ഉള്‍പെട്ടത് - 6568 പേര്‍. ഏറ്റവുമധികം പേര്‍ ആദ്യ 1000 റാങ്കുകളില്‍ ഉള്‍പെട്ടതും എറണാകുളം ജില്ലയില്‍ നിന്നാണ് - 170 പേര്‍. 

മറ്റു ജില്ലകളില്‍ റാങ്ക് പട്ടികയില്‍ ഉള്‍പെട്ടവരുടെയും ആദ്യ ആയിരം റാങ്കുകളില്‍ ഉള്‍പെട്ടവരുടെയും എണ്ണം ഇങ്ങനെയാണ്: തിരുവനന്തപുരം (6148/125), കൊല്ലം (4947/53), പത്തനംതിട്ട (1777/23), ആലപ്പുഴ (3085/53), കോട്ടയം (3057/99), ഇടുക്കി (981/10), തൃശൂര്‍ (5498/108), പാലക്കാട് (3718/55), മലപ്പുറം (5094/79), കോഴിക്കോട് (4722/93), വയനാട് (815/11), കണ്ണൂര്‍ (4238/75), കാസര്‍കോട് (1346/21), മറ്റുള്ളവര്‍ (289/24)

കേരള സിലബസില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ 2034 പേരും (36390 പേരാണ് പരീക്ഷയെഴുതിയത്) സിബിഎസ്ഇ പഠനം പൂര്‍ത്തിയാക്കിയ 2785 പേരും (പരീക്ഷയെഴുതിയത് 14541 പേര്‍) സിഐഎസ്ഇ സിലബസില്‍ പഠനം പൂര്‍ത്തിയാക്കിയ 162 പേരും (പരീക്ഷയെഴുതിയത് 1079 പേര്‍) ആദ്യ 5000 റാങ്കുകളില്‍ ഉള്‍പെട്ടു.

യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4261 വര്‍ധിച്ചു. പട്ടികയില്‍ ഉള്‍പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വര്‍ധനയുണ്ടായി. പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയ്ക്ക് റാങ്ക് പട്ടികയില്‍ ഉള്‍പെടാനായില്ല.

പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് 'കീം' ആദ്യ ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഇത്ര വിപുലമായ രീതിയില്‍ ഓണ്‍ലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ്  പ്രസിദ്ധപ്പെടുത്തിയത്. 

പരീക്ഷയ്ക്കായി സോഫ്റ്റ്വെയര്‍ ഒരുക്കിയ സംസ്ഥാന സര്‍കാര്‍ സ്ഥാപനമായ സി-ഡിറ്റ്, പരീക്ഷാ നടത്തിപ്പുകളും ഫലപ്രഖ്യാപനവും സമയബന്ധിതമായി പൂര്‍ത്തിയാക്കിയ പ്രവേശന പരീക്ഷാ കമീഷണറേറ്റ്, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവരെ മന്ത്രി ഡോ. ആര്‍ ബിന്ദു അഭിനന്ദിച്ചു.
 

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia