city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാഭ്യാസ യജ്ഞം ഫലിച്ചു; പഠനം ആഘോഷമാക്കി ഈ സര്‍ക്കാര്‍ വിദ്യാലയം

കാസര്‍കോട്: (www.kasargodvartha.com 01.02.2019) പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജം സ്വീകരിച്ച് നാട്ടുകാരും അധ്യാപകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം.

സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ കടന്നു വരവില്‍ പ്രതിസന്ധിയിലായ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ എരിയാലില്‍ സ്ഥിതി ചെയ്യുന്ന കാവുഗോളി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ തുടര്‍ന്ന് പഠനം ആഘോഷമാവുന്നത്.

സര്‍ക്കാര്‍ വിദ്യാലയങ്ങളോട് ജനങ്ങള്‍ക്കുണ്ടായിരുന്ന നിഷേധ മനോഭാവത്തില്‍ നിന്നും പ്രകടമായ മാറ്റം സംഭവിച്ചതിനാലാണ് ദശകങ്ങളുടെ പഴക്കമുള്ള ഈ കൊച്ചു വിദ്യാലയം വിജ്ഞാന വെളിച്ചം പകര്‍ന്ന് കൂടുതല്‍ മുന്നോട്ട് കുതിക്കുന്നത്. അന്താരാഷ്ട്ര വിദഗ്ധരടക്കം നിരവധി വിദ്യാസമ്പന്നരെ അറിവിന്റെ മഹാസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഊര്‍ജം നല്‍കിയ ഈ വിദ്യാലയത്തിന് ആരോരുമറിയാത്ത ഗതകാല സ്മരണകളും പറയാനുണ്ട്.

1927ല്‍ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിനടുത്ത് (സിപിസിആര്‍ഐ) പിറവിയെടുത്ത ഈ വിദ്യാലയം സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലേക്കിറങ്ങിയ ചരിത്രം രേഖപ്പെടുത്താത്ത ഒട്ടേറെ സമരപോരാളികളെ സമ്മാനിച്ചിരുന്നു. എഴുത്താശാന്മാര്‍ വിദ്യ പകര്‍ന്നു നല്‍കിയിരുന്ന അക്കാലത്ത് ഈ സ്‌കൂളില്‍ ആദ്യഗുരുനാഥനായി എത്തിയത് മമ്മുഞ്ഞി മാസ്റ്ററായിരുന്നു. 

1950ല്‍ ഒന്നാം ക്ലാസുമുതല്‍ അഞ്ചു വരെ പഠനം നടത്തിയിരുന്നെങ്കിലും കാലക്രമേണ നാലു വരെയുള്ള എല്‍പി സ്‌കൂളായി നിജപ്പെടുത്തുകയായിരുന്നു. 1951ല്‍ വില്ലേജ് ഓഫീസറും നാട്ടുകാരനുമായിരുന്ന പട്ടേലിയുടെ സ്വകാര്യ സ്ഥലത്തായിരുന്നു വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥല പരിമിതിയും മറ്റു അസൗകര്യങ്ങളും ബോധ്യപ്പെട്ട പട്ടേലിയുടെ മകനും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശങ്കര്‍ നായക്ക് സൗജന്യമായി നല്‍കിയ എരിയാലിലെ 17 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 

മേഖലയിലെ പ്രമുഖ ഗാന്ധിയനായ ശങ്കര്‍ നായക്ക് വാര്‍ധക്യ സഹജമായ പ്രയാസങ്ങള്‍ അവഗണിച്ച് ഇന്നും ഈ സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. മലയാളം, കന്നഡ മീഡിയം ഡിവിഷന്‍ ഉള്ള ഇവിടെ കുറച്ചു കാലങ്ങളായി രക്ഷിതാക്കളുടെ വിമുഖത മൂലം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരുകയായിരുന്നു. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ യജ്ഞത്തിന്റെ ശക്തമായ ഇടപെടലുകള്‍ കാരണമാണ് ഈ വിദ്യാലയത്തിന് ഇന്ന് പുതുജീവന്‍ ലഭിച്ചത്. 

യജ്ഞത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിച്ച അധ്യാപകരും നാട്ടുകാരും പഞ്ചായത്തും സംയുക്തമായി വിദ്യാലയത്തെ ആധുനീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും മുന്നോട്ട് വന്നതോടെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ കുതിക്കുകയാണ് കാവുഗോളി എല്‍പി സ്‌കൂള്‍.

പഠന നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ നിരവധി പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. മാതൃഭാഷാ പഠനത്തിനായി മൂന്ന്, നാല് ക്ലാസുകാര്‍ക്കായി ആവിഷ്‌കരിച്ച മലയാളത്തിളക്കം, മധുരകന്നഡ എന്നീ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക എം സുമതി പറഞ്ഞു. 

ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് 'ഹലോ ഇംഗ്ലീഷ്' പദ്ധതിയും, ഗണിത-ശാസ്ത്ര പഠനങ്ങള്‍ എളുപ്പമാക്കുന്നതിന് ശ്രദ്ധ പഠന പദ്ധതിയും മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇതിന് പുറമേ കലോത്സവങ്ങളും ശാസ്ത്രമേളയും, കായിക മത്സരങ്ങളും വന്‍ ജനപിന്തുണയോടെ സംഘടിപ്പിക്കുന്നു. അധ്യാപകരുടെ ആത്മാര്‍ത്ഥമായ ഇടപെടലുകളിലൂടെ ഗണിത മേള, ക്യാംപുകള്‍, സിനിമാ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം പഠനയാത്രകള്‍ എന്നിങ്ങനെ നിരവധി പാഠ്യേതര പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 

രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവമായ പിന്തുണ ഈ വിദ്യാലയത്തിനുണ്ട്. പ്രദേശത്തെ യുവകൂട്ടായ്മയായ എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്ററിന്റെ (ഇ വൈ സി സി) നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പിന്തുണയോടെ ഈ വിദ്യാലയത്തില്‍ ഒരു സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കിയത് പഠന രീതിയുടെ പുതിയ തലങ്ങളെ കുട്ടികളെ പരിചയപ്പെടുത്തുന്നതിന് സഹായകരമായി. ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു ഹൈടെക് ക്ലാസ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആത്മാവറിഞ്ഞ അധ്യാപകരായ ഡി അമൃതലാല്‍ എന്ന ലാലു മാഷ്, പി കെ മൊയ്തീന്‍ കുട്ടി, കെ ശ്രീജ, എന്‍ വി പ്രേമകുമാര്‍,എം എ മൊഹ്സിന, സ്വാതി, കെ വിജയ എന്നിവരാണ് ഈ വിദ്യാലയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുട്ടികളുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന പ്യൂണ്‍ കെ സുന്ദരിയും പാചകക്കാരിയായി പ്രവര്‍ത്തിക്കുന്ന പത്മിനിച്ചേച്ചിയും ജീവനക്കാരിയെന്നതിലുപരി ഒരു കുടുംബം പോലെ സ്‌കൂളിനെ മുന്നോട്ട് നയിക്കുന്നു.

നിലവില്‍ ഈ വിദ്യാലയത്തില്‍ വര്‍ഷം തോറും കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികളില്ലാതെ ഡിവിഷനുകള്‍ കുറഞ്ഞിരുന്ന സാഹചര്യത്തില്‍ നിന്നും വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പുരോഗതി പ്രാപിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ഉത്തമോദാഹരണമാണ് കാവുഗോളി എല്‍പി സ്‌കൂള്‍ പറഞ്ഞു തരുന്നത്.

വിദ്യാഭ്യാസ യജ്ഞം ഫലിച്ചു; പഠനം ആഘോഷമാക്കി ഈ സര്‍ക്കാര്‍ വിദ്യാലയം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kavugoli LP School in Developing way, Kasaragod, News, Education, School, Teachers, Students, Study class, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia