Evaluation Camps | പൊതുപരീക്ഷയുടെ മൂല്യനിര്‍ണയ കാംപുകള്‍ക്ക് തുടക്കമായി; കാസര്‍കോട്ട് എസ് എസ് എല്‍ സി മൂല്യനിര്‍ണയം അഞ്ചിടത്ത്, ഹയര്‍ സെകന്‍ഡറി നാലിടത്ത്
കാസര്‍കോട്: (www.kasargodvartha.com) എസ് എസ് എല്‍ സി, ഹയര്‍ സെകന്‍ഡറി, വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി ക്ലാസുകളിലെ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയ കാംപുകള്‍ക്ക് തുടക്കമായി.
സംസ്ഥാനത്ത് 70 കാംപുകളിലായാണ് എസ് എസ് എല്‍ സി മൂല്യനിര്‍ണയം നടക്കുന്നത്. 18,000ത്തിലധികം അധ്യാപകര്‍ പങ്കെടുക്കുന്നുണ്ട്.
കാസര്‍കോട് ജില്ലയില്‍ രണ്ട് വിദ്യാഭ്യാസ ജില്ലകളിലായി അഞ്ചിടത്താണ് മൂല്യനിര്‍ണയ കാംപ് നടക്കുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍പെട്ട തൃക്കരിപ്പൂര്‍ വി കെ പി ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ (ഇന്‍ഗ്ലീഷ്, ബയോളജി), പിലിക്കോട് സി കെ എന്‍ എച് എസ് എസ് (സോഷ്യല്‍ സയന്‍സ്, ഹിന്ദി), ചായ്യോത്ത് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ (ഫിസിക്‌സ്, കെമിസ്ട്രി, മലയാളം സെകന്‍ഡ് ) എന്നീ വിഷയങ്ങളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്.
എസ് എസ് എല്‍ സിയുടെ കാംപ് 26നാണ് അവസാനിക്കുക. മൂല്യനിര്‍ണയ കാംപുകള്‍ക്ക് സമാന്തരമായി ഏപ്രില്‍ അഞ്ച് മുതല്‍ ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ പരീക്ഷാഭവനില്‍ ആരംഭിക്കും. മെയ് ആദ്യവാരം തന്നെ റിസള്‍ട് പ്രഖ്യാപിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പെടുത്തിയിട്ടുള്ളത്.
ഹയര്‍ സെകന്‍ഡറി മൂല്യനിര്‍ണയ കാംപുകള്‍ മെയ് ആദ്യവാരംവരെ നീളും. സംസ്ഥാനത്ത് 80 മൂല്യനിര്‍ണയ കാംപുകളിലായി 25,000 അധ്യാപകരാണ് കാംപില്‍ പങ്കെടുക്കുന്നത്.
കണ്ണൂര്‍ ആര്‍ഡിഡിക്ക് കീഴില്‍ കാസര്‍കോട് ജില്ലയില്‍ നാലിടത്താണ് മൂല്യനിര്‍ണയം നടക്കുന്നത്. ജി എച് എസ് എസ് കുട്ടമത്ത്, ജി എച് എസ് എസ് ഹൊസ്ദുര്‍ഗ്ഗ്, കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ മൂല്യനിര്‍ണയം നടക്കുന്നത്.
പ്ലസ് ടു മൂല്യനിര്‍ണയം പൂര്‍ത്തിയായശേഷം പ്ലസ് വണ്‍ മൂല്യനിര്‍ണയം ആരംഭിക്കും. വൊകേഷനല്‍ ഹയര്‍ സെകന്‍ഡറിയില്‍ എട്ട് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകരാണ് പങ്കെടുക്കുന്നത്. കാസര്‍കോട് ജില്ലയില്‍ വൊകേഷനല്‍ ഹയര്‍ സെകന്‍ഡറിക്ക് മൂല്യനിര്‍ണയ കാംപ് ഇല്ല. കണ്ണൂര്‍ ജില്ലയിലെ മാടായിലാണ് മൂല്യനിര്‍ണയ കാംപ് ഉള്ളത്.
മെയ് 20 നകം എസ് എസ് എല്‍ സി, പ്ലസ്ടു, വി എച് എസ് ഇ പരീക്ഷകളുടെ ഫലങ്ങള്‍ പ്രഖ്യാപിക്കും.
ഖാദര്‍ കമിറ്റി റിപോര്‍ട് ഏകപക്ഷീയമായി നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അനുകൂല ഹയര്‍ സെകന്‍ഡറി അധ്യാപക സംഘടനകള്‍ കറുത്ത വസ്ത്രമണിഞ്ഞാണ് മൂല്യനിര്‍ണയ കാംപില്‍ പങ്കെടുക്കുന്നത്. കാംപുകളിലെത്താതെ അധ്യാപകര്‍ മാറിനിന്നാല്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധ യോഗം സംഘടിപ്പിച്ചു
ഹയര്‍ സെകന്‍ഡറി മൂല്യനിര്‍ണയത്തിന്റെ ഒന്നാം ദിവസം ജില്ലയിലുള്ള നാല് കാംപുകളിലും അധ്യാപകര്‍ എഫ് എച് എസ് റ്റി എ ( ഫെസറേഷന്‍ ഓഫ് ഹയര്‍ സെകന്‍ഡറി അസോസിയേഷന്‍ ) യുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ജി എച് എസ് എസ് ഹോസ്ദുര്‍ഗ്, കുട്ടമത്ത്, ബെല്ല ഈസ്റ്റ്, സി ജെ എച് എസ് എസ് ചെമ്മനാട് എന്നിവടങ്ങളിലായിരുന്നു പ്രധിഷേധ സമ്മേളനങ്ങള്‍. ഹയര്‍ സെകന്‍ഡറിയെ തകര്‍ക്കുന്ന ഖാദര്‍ കമിറ്റി റിപോര്‍ടിനെതിരെ നാല് യോഗങ്ങളിലും പ്രതിഷേധം ആളിക്കത്തി.
കറുപ്പ് വസ്ത്രങ്ങളണിഞ്ഞെത്തിയ അധ്യാപകര്‍ ഒന്നടങ്കം പ്രതിഷേധ യോഗങ്ങളില്‍ പങ്കെടുത്തു. പ്ലസ് ടു വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം മന:പൂര്‍വം തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്നും പ്രതിഷേധ സമ്മേളനങ്ങള്‍ സംയുക്തമായി പ്രഖ്യാപിച്ചു.
ഫെഡറേഷന്‍ നേതാക്കളായ സുബിന്‍ ജോസ്, ജിജി തോമസ്, സുകുമാരന്‍ പി, കരിം കോയക്കല്‍, ഷിനോജ് സെബാസ്റ്റ്യന്‍, സദാശിവന്‍ എന്‍, ജോസ് കുട്ടി ഇ പി, ഹരിപ്രസാദ് കെ, പ്രേമലത എന്നിവര്‍ ജില്ലയിലെ നാല് സ്ഥലങ്ങളിലായി പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Keywords: News, Kerala, State, Top-Headlines, Kasaragod, Education, Examination, SSLC, Plus-two, Kasaragod: SSLC, Higher Secondary public examination's evaluation camps started.