റവന്യൂ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഇൻക്ലൂസീവ് കലാമേളയിൽ മത്സരിച്ച 122 കുട്ടികൾക്കും സമ്മാനം നൽകി; നേതൃത്വം വഹിച്ച് സമഗ്ര ശിക്ഷാ കേരളം പ്രോഗ്രാം ഓഫീസർ പി ശശിധരൻ മാസ്റ്റർ
● കുട്ടികളുടെ മനസ്സിൽ അനാവശ്യ മത്സരബോധം ഒഴിവാക്കാനാണ് വിധിനിർണയം ഒഴിവാക്കിയതെന്ന് പി ശശീധരൻ മാസ്റ്റർ പറഞ്ഞു
● ജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നുള്ള കുട്ടികളും സ്പെഷ്യൽ എജ്യൂക്കേറ്റർമാരും പരിപാടിയിൽ സജീവമായി പങ്കെടുത്തു
● ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പൂർവവിദ്യാർഥി കൂട്ടായ്മകൾ വലിയ പിന്തുണ നൽകി
● അടുത്ത വർഷം ഇൻക്ലൂസീവ് കലാമേള മറ്റ് ജില്ലകളിലേക്കും സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു
-കുഞ്ഞിക്കണ്ണൻ മുട്ടത്ത്
പെരിയ: (KasargodVartha) ജയവും തോൽവിയും വേർതിരിക്കാതെ മത്സരിച്ച മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകി പെരിയയിൽ ഇൻക്ലൂസീവ് കലാമേള സംഘടിപ്പിച്ചു. കാസർകോട് ജില്ലാ റവന്യൂ കലോത്സവത്തിൻ്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച ഇൻക്ലൂസീവ് കലാമേളയിലാണ് മത്സരിച്ച 122 കുട്ടികൾക്കും സമ്മാനം നൽകിയത്.
72 ഇനങ്ങളിലായാണ് കുട്ടികൾ വിവിധ കലാപരിപാടികളിൽ മാറ്റുരച്ചത്. സാധാരണ കലാമത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നിശ്ചയിച്ച് സമ്മാനങ്ങൾ നൽകുമ്പോൾ, ഇൻക്ലൂസീവ് കലാമേളയിൽ അതിന് പകരം എല്ലാ കുട്ടികളെയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരബോധത്തേക്കാൾ കുട്ടികളുടെ പങ്കാളിത്തത്തിനും ആത്മവിശ്വാസത്തിനുമാണ് സംഘാടകർ പ്രാധാന്യം നൽകിയത്.
വിധിനിർണയമില്ലാത്ത വേദി; കലോത്സവ ചരിത്രത്തിൽ ആദ്യം
'എനിക്ക് സമ്മാനം കിട്ടി, മറ്റൊരാൾക്ക് കിട്ടിയില്ല' എന്ന തോന്നൽ കുട്ടികളുടെ മനസ്സിൽ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് വിധിനിർണയം ഒഴിവാക്കിയതെന്ന് സമഗ്ര ശിക്ഷാ കേരളം കാസർകോട് ജില്ലാ പ്രോഗ്രാം ഓഫീസർ പി ശശീധരൻ മാസ്റ്റർ പറഞ്ഞു. കുട്ടികൾ തമ്മിലും രക്ഷിതാക്കൾ തമ്മിലും അനാവശ്യമായ മത്സരബോധം ഉണ്ടാകാതിരിക്കാനും എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്താനുമാണ് പ്രദർശന മത്സരമായി പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് ജില്ലാ റവന്യൂ കലോത്സവത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് സമഗ്ര ശിക്ഷാ കേരളത്തിൻ്റെ ഇൻക്ലൂസീവ് കുട്ടികളുടെ മത്സര ഇനം ഉൾപ്പെടുത്തുന്നത്. ഇതുവരെ പൊതുവേദികളിൽ എത്തി മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാതിരുന്ന നിരവധി കുട്ടികൾക്ക് സദസ്സിന് മുന്നിൽ തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരവും ഇതിലൂടെ ലഭിച്ചു.
7 ഉപജില്ലകളിൽ നിന്നുള്ള പങ്കാളിത്തം; പിന്തുണയുമായി പൂർവവിദ്യാർഥികൾ
ജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നുള്ള കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. മലയോര മേഖലയിൽ നിന്നും തീരദേശ മേഖലയിൽ നിന്നും ഉൾപ്പെടെ ചെറുവത്തൂർ, ചിറ്റാരിക്കൽ, ഹോസ്ദുർഗ്, ബേക്കൽ, കാസർകോട്, മഞ്ചേശ്വരം, കുമ്പള ബിആർസി പരിധികളിൽ നിന്നുള്ള കുട്ടികൾ രാവിലെ തന്നെ വേദിയിലെത്തി. ഒപ്പന, റീൽസ് മത്സരങ്ങൾ ഉൾപ്പെടെ വിവിധ ഇനങ്ങളിലാണ് കുട്ടികൾ പങ്കെടുത്തത്. കുട്ടികളെ മത്സരവേദിയിലെത്തിക്കുന്നതിലും പരിശീലനം നൽകുന്നതിലും പരിപാടിയുടെ ഭാഗമായി പ്രവർത്തിക്കുന്നതിലും സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ പങ്ക് നിർണായകമായി. ദിവസങ്ങളോളം നീണ്ട ഒരുക്കങ്ങൾക്കൊടുവിലാണ് വിവിധ മേഖലകളിൽ നിന്നുള്ള കുട്ടികളെ ഒരുമിച്ച് അണിനിരത്തിയത്.
ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ആണ് ഇൻക്ലൂസീവ് കലാമേള ഉദ്ഘാടനം ചെയ്തത്. പൂർവവിദ്യാർഥികളും വിദ്യാർഥി സംഘടനകളും ഉൾപ്പെടെ പരിപാടിയോട് വലിയ പിന്തുണയാണ് നൽകിയത്. 15 കിലോ ഭാരമുള്ള കേക്ക് ഒരുക്കിയും 180-ഓളം കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഡു വിതരണം ചെയ്തും ഭിന്നശേഷി കുട്ടികളെ വരവേറ്റത് പൂർവവിദ്യാർഥി കൂട്ടായ്മയാണെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ ശശീധരൻ മാസ്റ്റർ പറഞ്ഞു.
ബിആർസി ബേക്കലാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്. ബിആർസി ഹോസ്ദുർഗും മറ്റ് ബിആർസികളും പരിപാടിയുമായി ചേർന്നുനിന്നു. ഡിപിസി ഷൗക്കത്ത്, ഡിപിഒമാരായ പി ശശീധരൻ, വത്സലൻ, ചരിഷ്മ, ഷംസുദ്ദീൻ തുടങ്ങിയവരും സംഘാടക സമിതിയും അധ്യാപകരും ദിവസങ്ങളോളം നടത്തിയ പ്രവർത്തനമാണ് പരിപാടിയുടെ വിജയത്തിന് പിന്നിൽ.
അടുത്ത ലക്ഷ്യം സംസ്ഥാനതല വേദി
കാസർകോട് ജില്ലയിൽ ആരംഭിച്ച ഇൻക്ലൂസീവ് കലാമേള അടുത്ത ഘട്ടത്തിൽ മറ്റ് ജില്ലകളിലേക്കും സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പി ശശീധരൻ പറഞ്ഞു. ഇത്തവണ കാസർകോട് ജില്ലയിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. അടുത്ത വർഷം മറ്റ് ജില്ലകളിലെ റവന്യൂ കലോത്സവങ്ങളിലും സംസ്ഥാനതല കലോത്സവത്തിലും ഇൻക്ലൂസീവ് വിഭാഗത്തെ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ഡയറക്ടർ ജനറലിൻ്റെയും ഭാഗത്തുനിന്ന് അനുകൂലമായ സമീപനമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വാർത്തകളും വിശേഷങ്ങളും അറിയാന് ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: All 122 differently-abled children who competed across 72 events won prizes at the first-ever Inclusive Kalamela held at Periya as part of the Kasaragod District Revenue School Kalolsavam.
#KasaragodNews #SchoolKalolsavam #InclusiveKalamela #SamagraShikshaKerala #Periya #DifferentlyAbled #MalayalamNews #RenuNews







