കാസർകോട് ജില്ലാതല പ്രവേശനോത്സവം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു

● മടിക്കൈ ജി.വി.എച്ച്.എസ്.എസ് ആയിരുന്നു വേദി.
● വർണ്ണാഭമായ ഘോഷയാത്രയും സുംബാ ഡാൻസും.
● റോബോട്ടിക് പരിചയപ്പെടുത്തൽ നടന്നു.
● ഗ്രീൻ പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ചു.
കാസർകോട്: (KasargodVartha) സ്കൂൾ പ്രവേശനോത്സവം ഒരു നാടിന്റെ മഹോത്സവമായി മാറിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മടിക്കൈ ജി.വി.എച്ച്.എസ്.എസ് സെക്കൻഡിൽ നടന്ന പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പുതിയ തുടക്കമാണ് കുട്ടികൾക്കെന്നും, വർണ്ണ ശലഭങ്ങളായി പാറിപ്പറക്കുന്ന കുഞ്ഞുങ്ങളെ വരവേൽക്കാൻ നാടും നാട്ടുകാരും വിദ്യാലയത്തോടൊപ്പം ഒരുങ്ങിയ കാഴ്ചയാണ് ഇവിടെ കണ്ടതെന്നും എം.പി. പറഞ്ഞു.
ആഘോഷം വർണ്ണാഭം
വർണ്ണാഭമായ ഘോഷയാത്രയോടുകൂടി ആരംഭിച്ച പരിപാടിയോടനുബന്ധിച്ച് ഹോസ്ദുർഗ് ടീമിന്റെ സുംബാ ഡാൻസും കൈറ്റ്സിന്റെ റോബോട്ടിക് പരിചയപ്പെടുത്തലും നടന്നു. ചടങ്ങിൽ പങ്കെടുത്തവർക്ക് പായസ വിതരണവും ഉണ്ടായിരുന്നു. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങളാണ് പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘാടകർ ഒരുക്കിയത്. ഉദ്ഘാടന ദിവസം മുതൽ രണ്ടാഴ്ച കാലം ഓരോ അധ്യയന ദിനത്തിലും വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഒരു മണിക്കൂർ നീളുന്ന ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും.
വിശിഷ്ടാതിഥികൾ
പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്കുള്ള ബാഗ് വിതരണം മുൻ എം.പി. പി. കരുണാകരൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷയായ യോഗത്തിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, വൈസ് പ്രസിഡന്റ് വി.പ്രകാശൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ, വി.എച്ച്.എസ്.ഇ പയ്യന്നൂർ മേഖല എ.ഡി.ഡി. ഉദയകുമാരി, ഡയറ്റ് കാസർകോട് പ്രിൻസിപ്പൽ രഘുറാം ബട്ട്, എസ്.എസ്.കെ ജില്ലാ കോഡിനേറ്റർ ബിജുരാജ്, കൈറ്റ് ജില്ലാ കോഡിനേറ്റർ റോജി ജോസഫ്, വിദ്യാ കിരൺ കോഡിനേറ്റർ പ്രകാശൻ, ഹോസ്ദുർഗ്ഗ് ബി.ആർ.സി ബി.പി.സി ഡോക്ടർ രാജേഷ് കെ.വി, കെ.പ്രഭാകരൻ, ജീ.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കൻഡ് പ്രധാന അധ്യാപിക കെ.ശ്രീകല, പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ, എസ്.എം.സി ചെയർമാൻ പി.സുകുമാരൻ, എം.പി.ടി.എ പ്രസിഡന്റ് സ്മിതാ സുരേഷൻ എന്നിവർ പങ്കെടുത്തു. ഡി.ഡി.ഇ മധുസൂദനൻ സ്വാഗതവും പ്രിൻസിപ്പാൾ പ്രീതി ശ്രീധരൻ നന്ദിയും പറഞ്ഞു.
നിങ്ങളുടെ നാട്ടിലെ പ്രവേശനോത്സവം എങ്ങനെയായിരുന്നു? പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് എന്ത് സന്ദേശമാണ് നൽകാനുള്ളത്? കമന്റ് ചെയ്യുക.
Article Summary: District-level school admission festival inaugurated by MP Rajmohan Unnithan in Kasaragod.
#Praveshanolsavam, #Kasaragod, #EducationKerala, #SchoolAdmission, #RajmohanUnnithan, #Kerala