റാഗിംഗ് ഫാഷനായി; തല്ലുമാലകൾ അരങ്ങേറുന്നു; കർശന നടപടിയുമായി പോലീസ്
● വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്തുള്ള റാഗിംഗും നിയമപരിധിയിൽ വരും.
● ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും ഇനി റാഗിംഗായി കണക്കാക്കും.
● റാഗിംഗ് കേസുകൾക്ക് സംസ്ഥാനതലത്തിൽ ഒരു നിരീക്ഷണ സമിതി വരും.
● മൊഗ്രാൽ സ്കൂളിലെ റാഗിംഗിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
കാസർകോട്: (KasargodVartha) ജില്ലയിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി ഉണ്ടാകുന്ന റാഗിംഗ് കേസുകൾ ഗൗരവത്തിലെടുത്ത് പോലീസ് കർശന നടപടികളിലേക്ക് നീങ്ങുന്നു. കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്തിരുന്നു.
റാഗിംഗ് വ്യാപനം തടയാൻ റാഗിംഗ് നിരോധന നിയമം തന്നെ സംസ്ഥാനത്ത് പുതുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി എന്നതിലാണ് പോലീസ് നടപടി കടുപ്പിക്കുന്നത്. ഇനി വ്യാജ പരാതികൾ നൽകുന്നവർക്കും ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമം പുതുക്കുന്നത്. രണ്ടു പതിറ്റാണ്ടോളം പഴക്കമുള്ളതാണ് കേരളത്തിലെ നിലവിലെ റാഗിംഗ് നിരോധന നിയമം. ഒരു കുട്ടി ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നതും, ഇൻ്റർനെറ്റ്, ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള പീഡനവും ഇനി റാഗിംഗ് പരിധിയിൽ വരും. 2025-ലെ കേരള റാഗിംഗ് നിരോധന ഭേദഗതി ബില്ലിൻ്റെ കരടിൽ ഈ വിവരങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിലെ റാഗിംഗുകൾക്ക് പുറമേ പുറത്തുള്ള റാഗിംഗുകൾക്കും നിരോധനം ഉണ്ടാകും. ഇപ്പോൾ റാഗിംഗ് കേസുകൾ സ്കൂളുകൾക്ക് പുറത്ത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. എല്ലായിടത്തും 'തല്ലുമാലകൾ' അരങ്ങേറുന്നു. ഒരു വിദ്യാർത്ഥി മരണപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികൾ ഏറെയാണ്. ഇത് ഇനിയും അനുവദിച്ചുകൊടുക്കേണ്ടതില്ല എന്ന കടുത്ത നിലപാടിലാണ് സർക്കാർ. ഇതിനാലാണ് റാഗിംഗ് നിരോധന നിയമത്തിൽ തന്നെ മാറ്റങ്ങൾ വരുത്തുന്നത്.
ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചാലും, ഭീഷണിപ്പെടുത്തിയാലും ഇനി റാഗിംഗിന്റെ പരിധിയിൽ വരും. കുറ്റകരമായ രീതിയിലുള്ള ബലപ്രയോഗം, മാനം കെടുത്തൽ, മുറിവേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയും റാഗിംഗായി കണക്കാക്കും. ഇതിനായി സംസ്ഥാനതലത്തിൽ തന്നെ ഒരു നിരീക്ഷണ സമിതി വരും. ഇതിന്റെ കീഴിൽ റാഗിംഗ് വിരുദ്ധ സമിതിയും ഉണ്ടാകും. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. ഈ സമിതിയുടെ ഔദ്യോഗിക അംഗമായിരിക്കും. അധ്യാപകർ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ എന്നിവരും ഇതിലെ അംഗങ്ങളായിരിക്കും. മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്.ൽ കഴിഞ്ഞ ദിവസം റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ ഒന്നാംവർഷ വിദ്യാർത്ഥി ആശുപത്രിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. മുപ്പതോളം സീനിയർ വിദ്യാർഥികൾക്കെതിരെയാണ് കേസ്.
വിദ്യാർത്ഥികൾക്കിടയിൽ റാഗിംഗ് ഒരു 'ഫാഷനായി' മാറുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Police to take strict action on ragging cases in Kasaragod.
#Ragging #KeralaPolice #Kasaragod #StudentSafety #AntiRagging #Crime






