മനസ്സിൽ നിറക്കൂട്ടുകൾ; കാലിൽ പ്ലാസ്റ്ററുമായി കലോത്സവ വേദിയിലെത്തി ഇരട്ട നേട്ടം; വാട്ടർ കളറിലും പെൻസിൽ ഡ്രോയിങ്ങിലും ഒന്നാം സ്ഥാനം നേടി പി എസ് ദേവദർശൻ
● ഉദുമ പരിയാരം സ്വദേശികളായ എൻ എ സുജീന്ദ്രൻ്റെയും എ രമ്യയുടെയും മകനാണ് ദേവദർശൻ
● പരിക്ക് കാരണം നവംബർ 21-ലെ തിരുവനന്തപുരം 'എനർജി സേവിങ്സ്' സംസ്ഥാനതല മത്സരവും ശാസ്ത്രോത്സവവും നഷ്ടമായി
● വാഹനത്തിൽ എത്തിയാണ് ജില്ലാ കലോത്സവ മത്സരത്തിൽ പങ്കെടുത്തത്; കാർട്ടൂൺ മത്സരത്തിലും പങ്കെടുത്തു
● കഴിഞ്ഞ നാല് വർഷമായി ചിത്രകാരൻ വിനോദ് അമ്പലത്തറയുടെ കീഴിലാണ് ദേവദർശൻ ചിത്രരചന അഭ്യസിക്കുന്നത്
പെരിയ: (KasargodVartha) വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ് 21 ദിവസം പ്ലാസ്റ്ററിട്ട് വിശ്രമിക്കണമെന്ന ഡോക്ടറുടെ നിർദേശമുണ്ടായിരുന്നിട്ടും കലോത്സവ വേദിയിലെത്തി ഇരട്ട ഒന്നാം സ്ഥാനം നേടി 10-ാം ക്ലാസ് വിദ്യാർഥി പി എസ് ദേവദർശൻ. പ്ലാസ്റ്ററിട്ട കാലുമായി പെരിയയിലെ ജില്ലാ കലോത്സവ വേദിയിലെത്തിയ ദേവദർശൻ വാട്ടർ കളർ, പെൻസിൽ ഡ്രോയിങ് ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്.
ഉദുമ പരിയാരം സ്വദേശികളായ ഇലക്ട്രീഷ്യൻ എൻ എ സുജീന്ദ്രൻ്റെയും ഉദുമയിലെ പ്രസിൽ ജോലി ചെയ്യുന്ന എ രമ്യയുടെയും മകനാണ് ദേവദർശൻ. ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയായ ദേവദർശൻ ഇത്തവണ കാർട്ടൂൺ മത്സരത്തിലും പങ്കെടുത്തു. ഇതിൽ സമ്മാനം നേടാനായില്ലെങ്കിലും വാട്ടർ കളറിലും പെൻസിൽ ഡ്രോയിങ്ങിലും ഒന്നാം സ്ഥാനം സ്വന്തമാക്കി.
പരിക്ക് കാരണം നഷ്ടമായത് സംസ്ഥാനതല മത്സരങ്ങൾ
രണ്ടാഴ്ച മുൻപ് സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെയാണ് ദേവദർശന് കാലിന് പരിക്കേറ്റത്. യാത്രയ്ക്കിടെ മറ്റൊരു കുട്ടിയുടെ കാൽ തട്ടി വീണതിനെ തുടർന്ന് ഇടതുകാലിൻ്റെ ചിരട്ട നീങ്ങുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം 21 ദിവസം വിശ്രമിക്കണമെന്ന് ഡോക്ടർ നിർദേശിച്ചു.
പരിക്ക് കാരണം 'എനർജി സേവിങ്സ്' ദേശീയതല മത്സരത്തിൻ്റെ ഭാഗമായി നവംബർ 21-ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ ദേവദർശന് സാധിച്ചില്ല. സംസ്ഥാന ശാസ്ത്രമേളയിൽ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയെങ്കിലും, പരിക്ക് കാരണം സംസ്ഥാന ശാസ്ത്രോത്സവത്തിലും പങ്കെടുക്കാനായില്ല. വാഹനത്തിൽ എത്തിച്ചാണ് ജില്ലാ കലോത്സവ മത്സരത്തിൽ പങ്കെടുത്തത്.
9 വർഷമായി ചിത്രരചനയിൽ പരിശീലനം
ചെറുപ്പം മുതലേ ചിത്രരചനയിൽ താൽപര്യം പ്രകടിപ്പിച്ച ദേവദർശൻ 9 വർഷമായി പരിശീലനം തുടരുകയാണ്. കഴിഞ്ഞ നാല് വർഷമായി ചിത്രകാരൻ വിനോദ് അമ്പലത്തറയുടെ കീഴിലാണ് പെയിൻ്റിങ് അഭ്യസിക്കുന്നത്.
കലോത്സവ വേദികളിൽ നേരത്തെയും മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 9-ാം ക്ലാസിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവദർശൻ സംസ്ഥാനതലത്തിൽ വാട്ടർ കളർ, കാർട്ടൂൺ ഇനങ്ങളിൽ എ ഗ്രേഡും നേടിയിരുന്നു. 8-ാം ക്ലാസിൽ വാട്ടർ കളറിൽ സമ്മാനം നേടി. 7-ാം ക്ലാസിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. വനംവകുപ്പ് സംഘടിപ്പിച്ച വിവിധ ചിത്രരചനാ മത്സരങ്ങളിലും ദേവദർശൻ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം വാട്ടർ കളർ, കാർട്ടൂൺ ഇനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടിയിരുന്നു.
കലയ്ക്ക് കരുത്തായി കുടുംബത്തിൻ്റെ പിന്തുണ
ദേവദർശൻ്റെ കലാപരമായ കഴിവുകൾക്ക് കുടുംബത്തിൻ്റെ പൂർണ പിന്തുണയുണ്ട്. ഇലക്ട്രീഷ്യനായ അച്ഛൻ എൻ എ സുജീന്ദ്രനും ചിത്രരചനയിൽ താൽപര്യമുള്ളയാളാണ്. തെയ്യംകെട്ട്, വായനശാല തുടങ്ങിയ നാട്ടിലെ വിവിധ പരിപാടികൾക്കായി ലോഗോകളും അദ്ദേഹം രൂപകൽപന ചെയ്യാറുണ്ട്. അമ്മ എ രമ്യ എംകെഎൻഎം കോ-ഓപ്പറേറ്റീവ് പ്രസിൽ ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. സഹോദരൻ കൃഷ്ണദർശ് നെഹ്റു കോളജിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Despite a plastered leg and 21 days of advised rest after an excursion injury, Uduma GHSS Class 10 student P S Devadarshan wins first prize in watercolor and pencil drawing at the Kasaragod District School Kalolsavam in Periya.
#KasaragodNews #SchoolKalolsavam #Periya #Uduma #DrawingWinner #MalayalamNews #RenuNews







