കുട്ടികളുടെ 'കലക്ടർ മാമാ' വിളികൾ ഏറ്റുവാങ്ങി ഡോ ഡി സജിത് ബാബു

● കാസർകോട് ഗവ. യു.പി. സ്കൂളിൽ പ്രവേശനോത്സവം.
● പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.
● സ്കൂളിലെ പൂർവ വിദ്യാർത്ഥികളും പങ്കെടുത്തു.
● ആകർഷകമായ പാട്ടരങ്ങും നടന്നു.
കാസർകോട്: (KasargodVartha) രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സ്കൂളിലെത്തിയ കുട്ടികൾക്ക് ആവേശമായി തങ്ങളുടെ പ്രിയപ്പെട്ട 'കലക്ടർ മാമൻ' അതിഥിയായി എത്തിയപ്പോൾ ഉച്ചത്തിലുള്ള ആർപ്പുവിളികളോടെയാണ് അവർ അദ്ദേഹത്തെ വരവേറ്റത്. 'കലക്ടർ മാമാ' എന്ന കുട്ടികളുടെ ഹൃദ്യമായ വിളി കേട്ടപ്പോൾ, മുൻ ജില്ലാ കലക്ടറും നിലവിൽ സംസ്ഥാന സഹകരണ രജിസ്ട്രാറുമായ ഡോ. ഡി സജിത് ബാബു ഇരു കൈകളും നീട്ടി കുട്ടികളെ സ്നേഹത്തോടെ സ്വീകരിക്കാൻ അവർക്കൊപ്പം ചേർന്നു. കാസർകോട് ഗവൺമെൻറ് യുപി സ്കൂളിന്റെ പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതിനായാണ് കുട്ടികളുടെ പ്രിയപ്പെട്ട 'കലക്ടർ മാമൻ' വിദ്യാലയത്തിലെത്തിയത്. കാസർകോട് ജില്ലാ കലക്ടറായിരുന്ന കാലയളവിൽ അദ്ദേഹം ഈ സ്കൂളിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ളതിനാൽ യുപി വിഭാഗത്തിലെ വിദ്യാർഥികൾക്ക് അദ്ദേഹം ഏറെ സുപരിചിതനാണ്.
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ, അടുത്ത അധ്യയന വർഷം മുതൽ സഹകരണ സ്റ്റോറുകൾ വഴി കുറഞ്ഞ വിലയിൽ നോട്ട് ബുക്കുകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് ഡോ. ഡി സജിത് ബാബു കുട്ടികൾക്ക് ഉറപ്പുനൽകി. പഠനോപകരണ കിറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്ത ശേഷമാണ് ഡോ. ഡി സജിത് ബാബു മടങ്ങിയത്.
സ്കൂൾ പിടിഎ പ്രസിഡൻറ് റാഷിദ് പൂരണം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂളിലെ 1985-86 ബാച്ചിലെ പൂർവ വിദ്യാർഥികൾ ഒന്നാംക്ലാസ് കുട്ടികൾക്ക് സംഭാവന ചെയ്ത പ്ലേറ്റുകൾ നഗരസഭാ കൗൺസിലർ എം ശ്രീലത വിതരണം ചെയ്തു. സ്കൂൾ അധ്യാപകൻ വിജയൻ ശങ്കരമ്പാടിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ആകർഷകമായ പാട്ടരങ്ങും സംഘടിപ്പിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി (എസ്എംസി) ചെയർമാൻ കെ സി ലൈജുമോൻ, വൈസ് ചെയർമാൻ മഹേഷ് പണ്ഡിറ്റ്, മദർ പിടിഎ (എംപിടിഎ) പ്രസിഡൻറ് അഷിത ഗോകുൽ, സീനിയർ അസിസ്റ്റൻറ് എ പി മീനാകുമാരി, സ്റ്റാഫ് സെക്രട്ടറി എ ശ്രീകുമാർ, എസ്ആർജി കൺവീനർ ആശാബാബു എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഡി വിമലകുമാരി സ്വാഗതവും റാംമനോഹർ നന്ദിയും രേഖപ്പെടുത്തി.
പഠനോപകരണ ലഭ്യതയെക്കുറിച്ചുള്ള ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Dr. D Sajith Babu welcomed at Praveshanolsavam, promises subsidized study materials.
#Kasaragod, #Praveshanolsavam, #SajithBabu, #Education, #SchoolReopening, #Kerala