city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതുവര്‍ഷത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തേകാന്‍ ജ്യോതി-2020; ലക്ഷ്യം വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം

കാസര്‍കോട്: (www.kasargodvartha.com 31.12.2019) സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്ത് നല്‍കി കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വേകാന്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. ജ്യോതി-2020 എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ജ്യോതി-2020 ആവിഷ്‌കരിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം, വിദ്യാര്‍ത്ഥികളുടെ സുരക്ഷ, പഠന നിലവാരം എന്നിങ്ങനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ സമഗ്രമായി സ്പര്‍ശിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രഥമ ശുശ്രൂശ സേവനം എല്ലാവരിലേക്കുമെത്തിക്കുന്നതിനായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കും. സ്‌കൂളുകളിലെ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഗണിതം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാന ശേഷി ഉറപ്പാക്കിയാവും അടുത്ത ക്ലാസിലേക്ക് കൈപ്പിടിച്ചുയര്‍ത്തുക. പദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, എസ്എസ്എ ജില്ലാ പ്രൊജക്ട് മാനേജര്‍ എ കെ വിജയകുമാര്‍, ഹയര്‍സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എന്‍ ശിവന്‍, കാസര്‍കോട് വിദ്യാഭ്യാസ ഓഫീസര്‍ നന്ദികേശന്‍, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസര്‍ സരസ്വതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മദുസൂധനന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നൗഷാദ് അരീക്കോട്, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുടുംബശ്രീ വക പലഹാരങ്ങള്‍, സ്‌കൂള്‍ പരിസരം പ്ലാസ്റ്റിക് മുക്തമാവും

വിദ്യാര്‍ത്ഥികള്‍ ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും സ്‌കൂള്‍ പരിധി വിട്ടു പോകുന്നത് തടയാന്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മിതമായ നിരക്കില്‍ പലഹാരങ്ങള്‍ വിതരണം ചെയ്യും. കുടുംബശ്രീ സഫലം പദ്ധതിയിലെ ഗുണമേന്മയുള്ള കശുവണ്ടി ഉപയോഗിച്ചുള്ള മധുര പലഹാരം അഞ്ച് രൂപയ്ക്ക് ലഭ്യമാക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദോശയടക്കമുള്ള വിഭവങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കാനും പദ്ധതിയുണ്ട്. ഇതിനായി കുടുംബശ്രീയിലെ പരിശീലനം ലഭിച്ച വീട്ടമ്മമാരുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യകരമായ ഭക്ഷ്യ വസ്തുക്കള്‍ എത്തുന്നതോടെ ലഹരി മിഠായിയടക്കമുള്ള പദാര്‍ത്ഥങ്ങളെ സ്‌കൂള്‍ പരിസരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കും.

വിദ്യാലയങ്ങളില്‍ കിട്ടും കൊതിയൂറും ടേസ്റ്റ് കാഷ്യു

ഒഴിവു സമയങ്ങളില്‍ ഇനി ചോക്ലേറ്റുകളും മിഠായികളും തിന്ന് ആരോഗ്യം കളയണ്ട. പകരം നല്ല ടേസ്റ്റ് കാഷ്യു പരീക്ഷിക്കാം. വിദ്യാര്‍ത്ഥികളില്‍ ഒരു പുത്തന്‍ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കുന്നതിനായി കുടുംബശ്രീ ജില്ലാമിഷനാണ് ജനുവരി ഒന്നു മുതല്‍ ടേസ്റ്റ് കാഷ്യൂ ഉത്പന്നം വിദ്യാലയങ്ങളിലെത്തിക്കുന്നത്. ജില്ലാതല ഉദ്ഘാടനം ജനുവരി ഒന്നിന് ഉച്ചയ്ക്ക് 12 ന് നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ സംബന്ധിക്കും. ശര്‍ക്കര, തേങ്ങ, നിലക്കടല, കാഷ്യു, അരിപ്പൊടി എന്നിവ കൊണ്ടുണ്ടാക്കിയ ഉത്പന്നമാണ് ടേസ്റ്റ് കാഷ്യു. വിദ്യാര്‍ഥികളില്‍ പുത്തന്‍ ആരോഗ്യശീലം വളര്‍ത്തിയെടുക്കുന്നതിനൊപ്പം ഒഴിവു സമയങ്ങളിലും മറ്റും വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ചോക്ലേറ്റുകളുടെയും മറ്റ് ഉല്‍പന്നങ്ങളുടെയും പ്ലാസ്റ്റിക് കവറുകള്‍ വിദ്യാലയ പരിസരങ്ങളിലും റോഡുകളിലും കുന്നുകൂടുന്നത് പ്രതിരോധിക്കാനും ടേസ്റ്റ് കാഷ്യുവിന് കഴിയും.

വിദ്യാലയങ്ങളില്‍ സഹകരണ സൊസൈറ്റികള്‍

അഞ്ഞൂറില്‍ കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ സഹകരണ വകുപ്പിന്റെ പിന്തുണയോടെ സഹകരണ സൊസൈറ്റികള്‍ രൂപീകരിക്കും. ഈ സൊസൈറ്റികളിലൂടെ വിദ്യാര്‍ത്ഥികള്‍കാവശ്യമായ പഠനോപകരണങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യും. സൊസൈറ്റി രൂപീകരണവുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കുന്നതിനായി ജനുവരി 20ന് ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം ചേരും. സ്‌കൂളുകളിലെ ലൈബ്രറി സംവിധാനം മെച്ചപ്പെടുത്താന്‍ സഹകരണ വകുപ്പ് പതിനായിരം രൂപ വീതം നല്‍കും.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ പ്രധാനം

വിദ്യാലയങ്ങളില്‍ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിന് ജ്യോതി പദ്ധതി പ്രഥമ പരിഗണനയാണ് നല്‍കുന്നത്. അടിസ്ഥാന സൗകര്യവുമായ ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ സ്‌കൂളുകളും ജനുവരി പത്തിനകം കളക്ടര്‍ക്ക് സമര്‍പ്പിക്കും.

അടിസ്ഥാന സൗകര്യ വികസനത്തിന് സിഎസ്ആര്‍ ഫണ്ട്

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മികച്ച ഭൗതിക സാഹചര്യമൊരുക്കുന്നതിനും സാമൂഹിക പ്രതിബദ്ധത ഫണ്ട് പ്രയോജനപ്പെടുത്തും. ഇതു പ്രകാരം കുടിവെള്ള  സൗകര്യത്തിനായി കിണറുകള്‍ നിര്‍മിക്കും. ഉപേക്ഷിക്കപ്പെട്ട കുഴല്‍ കിണറുകള്‍ ഉപയോഗക്ഷമമാക്കും. സ്‌കൂള്‍ കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി റാംപുകള്‍ നിര്‍മിക്കും.

പുതുവര്‍ഷത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തേകാന്‍ ജ്യോതി-2020; ലക്ഷ്യം വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Education, New year, Jyothi 2020 for development of Education
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia