city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ പരിശോധന കര്‍ശനമാക്കും

കാസര്‍കോട്: (www.kasargodvartha.com 01/06/2015) മലയോര ഗ്രാമപഞ്ചായത്തുകളില്‍ വ്യാജമദ്യം, മയക്കുമരുന്ന് ഉള്‍പെടെയുളള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുന്നു എന്ന പരാതിയില്‍ അന്വേഷിച്ച് ഊര്‍ജിത നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ വിദ്യാലയങ്ങളുടെ പരിധിയില്‍ മാടക്കടകളില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നത് തടയാന്‍ പരിശോധന ശക്തമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. റോഡ് സുരക്ഷ ശക്തമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. മത്സ്യം കയറ്റിപോകുന്ന വണ്ടികളില്‍ നിന്നും മലിനജലം ഒഴുക്കുന്നത് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കും.

റോഡ് സുരക്ഷാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാതയോരത്ത് വിവിധ കേന്ദ്രങ്ങളില്‍ മലിനജലം നിക്ഷേപിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കും. കറന്തക്കാട് സ്വകാര്യ ബസുകള്‍ രാത്രികാലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ പ്രത്യേക പരിശോധന നടത്തും. ദേശീയപാതയില്‍ മഞ്ചേശ്വരത്ത് നേരത്തേ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം ഉണ്ടായ സ്ഥലത്ത് വീണ്ടും അപകടം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ചെര്‍ക്കള- ചട്ടഞ്ചാല്‍ റോഡ് സുരക്ഷ ഉറപ്പ് വരുത്താന്‍ 60 ലക്ഷം രൂപയുടെ പ്രപ്പോസല്‍ സമര്‍പിച്ചിട്ടുണ്ടെന്നും റോഡ് സുരക്ഷാ അതോറിറ്റിയില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ബളാല്‍ വില്ലേജിലെ പ്രകാശ് എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് 41 ഏക്കര്‍ സ്ഥലം  സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. അന്തിമ നടപടി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളും. രാജപുരം വൈദ്യുതി സബ്‌സ്റ്റേഷന് വേണ്ടി ഭൂമി ലീസിന് ലഭ്യമാക്കാന്‍ നടപടി എടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

അമേയ പട്ടികജാതി കോളനിയിലെ നിര്‍മാണ പ്രവൃത്തികള്‍ ഈ മാസം പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. തൃക്കരിപ്പൂര്‍, ബദിയടുക്ക സ്വയം പര്യാപ്തത കോളനികളുടെ നിര്‍മാണ പുരോഗതി അടിയന്തിരമായി ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ. ചന്ദ്രശേഖരന്‍, നഗരസഭാ അധ്യക്ഷന്‍മാരായ  ടി.ഇ അബ്ദുല്ല കാസര്‍കോട്, വി. ഗൗരി നീലേശ്വരം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ്, എഡിഎം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) പി.കെ ജയശ്രീ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ. ഗിരീഷ്‌കുമാര്‍  റിപോര്‍ട്ട് അവതരിപ്പിച്ചു. അഴിമതിക്കെതിരെ കൈകോര്‍ക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ നടത്തുന്ന വിജിലന്റ് കേരള പരിപാടി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ഡിവൈഎസ്പി കെ.വി രഘുരാമന്‍, സിഐമാരായ വി. ബാലകൃഷ്ണന്‍, പി. ബാലകൃഷ്ണന്‍ നായര്‍  തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജില്ലയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ പരിശോധന കര്‍ശനമാക്കും

Keywords :  Kasaragod, Kerala, Anti-Drug-Seminar, School, Education. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL