city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈ വീട്ടില്‍ ചില നേരങ്ങളില്‍ അടുപ്പ് പുകയാറില്ല; ഉപ്പയും ഉമ്മയും വേദന കൊണ്ട് പുളയും, എല്ലാം കണ്ട് കരയാന്‍ പോലുമാകാതെ ഒരു പിഞ്ചുമനസ്സ്

കുമ്പള: (www.kasargodvartha.com 21/01/2016) ഈ കുടുംബത്തിന്റെ നൊമ്പരപ്പെടുത്തുന്ന ജീവിതം എങ്ങിനെ ആരിലും അലിവുണ്ടാക്കും. ഇതുവായിക്കുന്ന സുമനസ്സുകള്‍ ഈ കുടുംബത്തെ സഹായിക്കാന്‍ വരുമെന്നാണ് പ്രതീക്ഷ.

നാവിന് കാന്‍സര്‍ ബാധിച്ച പിതാവും, കരള്‍ സംബന്ധമായ ഗുരുതര അസുഖവുമായി മാതാവും കിടന്നകിടപ്പില്‍ വേദന കൊണ്ട് പുളയുകയാണ്. ഉപ്പയുടെയും ഉമ്മയുടെയും ഈ ദുരിത ജീവിതം കണ്ട് ഒന്നു കരയാന്‍ പോലുമാകാതെ പിഞ്ചു മനസ്സ് വിങ്ങിപ്പൊട്ടുന്നു. മാതാപിതാക്കളെ അസുഖം വേട്ടയാടിയപ്പോള്‍ ഫീസ് അടക്കാത്തതിന്റെ പേരില്‍ ഈ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. കുമ്പള ദണ്ഡഗോളിയില്‍ താമസിക്കുന്ന കര്‍ണാടക കര്‍വാര്‍ സ്വദേശിയായ ഹുസൈന്റെയും കുടുംബത്തിന്റെയും ദുരിത കഥയാണ് ഇത്.

വര്‍ഷങ്ങളായി ഹുസൈനും ഭാര്യ റസിയയും, മകന്‍ അഫ്താബും (11) മുംബൈയിലായിരുന്നു താമസം. ഹുസൈന്‍ ജോലിക്ക് പോയി കിട്ടുന്ന ചെറിയൊരു തുക കൊണ്ടായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. റസിയയെയാണ് ആദ്യം അസുഖം വേട്ടയാടിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോള്‍ കരള്‍ സംബന്ധമായ ഗുരുതര രോഗമാണെന്ന് വ്യക്തമായി. ചികിത്സിക്കാന്‍ വഴിയില്ലാതായപ്പോള്‍ വേദന സംഹാരികള്‍ കഴിച്ച് റസിയ ജീവിതം മുന്നോട്ടു കൊണ്ടുപോയി.

ഇതിനിടയിലാണ് ഹുസൈനെയും അസുഖം പിടികൂടിയത്. മുംബൈയിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നാവിന് കാന്‍സറാണെന്ന് തെളിഞ്ഞു. ഇതോടെ ഹുസൈന് ജോലിക്ക് പോകാന്‍ കഴിയാതെയായി. ആശുപത്രിയിലെ ആദ്യ പരിശോധയ്ക്ക് മാത്രം 75,000 രൂപയാണ് ചിലവായത്. ശസ്ത്രക്രിയ നടത്താന്‍ നാല് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

പിന്നീടുള്ള നാളുകള്‍ ഈ കുടുംബത്തിന്റെ ജീവിതം ദുരിതപൂര്‍ണമായി. അയല്‍വാസികള്‍ നല്‍കിയ ചെറിയ സഹായം കൊണ്ടാണ് കുറച്ചുനാള്‍ ഈ കുടുംബം മുംബൈയില്‍ കഴിഞ്ഞത്. അതുംനിലച്ചതോടെ ഈ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇതിനിടെ ഫീസ് അടക്കാത്തതിനാല്‍ അഫ്താബിനെ മുംബൈയിലെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ഇതിന് ശേഷമാണ് ഇവര്‍ കുമ്പളയിലെത്തിയത്.

ഇവിടെ ഒരു കടയില്‍ ഹുസൈന്‍ ജോലിക്ക് നിന്നു. പിന്നെ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ഹുസൈന്റെ രോഗം ഗുരുതരമായത്. മംഗളൂരുവിലെ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ചു. രോഗം ഗുരുതരമായതിനാല്‍ ശസ്ത്രക്രിയ നടത്തി. നാവിന്റെ പകുതിയോളം ഭാഗം മുറിച്ചു മാറ്റി. ഇതിനുമാത്രം 1,35,000 രൂപ ചിലവായി. ഡോ. ജലാലുദ്ദീന്‍ അക്ബറാണ് മംഗളൂരുവില്‍ ചികിത്സിച്ചത്.

കുമ്പളയില്‍ ഹുസൈന്‍ ജോലി ചെയ്തിരുന്ന കട ഉടമയും, കെഎംസിസി കമ്മിറ്റിയും നല്‍കിയ തുക ആശുപത്രിയിലടച്ചെങ്കിലും ഇനിയും വലിയൊരു തുക അടക്കാനുണ്ട്. നാവിന്റെ പകുതി ഭാഗം മുറിച്ചുമാറ്റിയെങ്കിലും ഇനി മാസങ്ങളോളം തുടര്‍ ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇതിനായി വലിയൊരു തുകതന്നെ വേണ്ടി വരും. ഇതിനിടയില്‍ മറുഭാഗത്ത് വേദനകള്‍ കടിച്ചമര്‍ത്തി റസിയയും കഴിയുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് ഹുസൈന്‍ ഇപ്പോള്‍ ദണ്ഡഗോളിയിലെ വാടക വീട്ടില്‍ കഴിയുകയാണ്. മകന് നല്ലൊരു വിദ്യാഭ്യാസം നല്‍കണമെന്ന് ഈ മാതാപിതാക്കള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ രോഗം കീഴടക്കിയ ഇവര്‍ക്ക് അതിന് സാധിക്കുന്നില്ല. ഈ കുടുംബത്തെ സഹായിക്കാനായി അഷ്‌റഫ് കൊടിയമ്മ ചെയര്‍മാനായും, സിദ്ദീഖ് ദണ്ഡഗോളി കണ്‍വീനറായും നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഇവരെ നമുക്ക് സഹായിക്കാം...

കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് കുമ്പള ശാഖയില്‍ അഹ് മദ് ഹുസൈന്‍ സഹായ നിധി എന്ന പേരില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. Account No:150081202120015 IFC code: IBKL0450TKD. ഹുസൈന്റെ ഫോണ്‍ നമ്പര്‍: 8237477922.

ഈ വീട്ടില്‍ ചില നേരങ്ങളില്‍ അടുപ്പ് പുകയാറില്ല; ഉപ്പയും ഉമ്മയും വേദന കൊണ്ട് പുളയും, എല്ലാം കണ്ട് കരയാന്‍ പോലുമാകാതെ ഒരു പിഞ്ചുമനസ്സ്

Keywords : Kumbala, Father, Parents, Hospital, Treatment, Education, Kasaragod, Ahmed Hussain, Rasiya, Afthab, Cancer, Hussain and Family need your help. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia