city-gold-ad-for-blogger

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ചന്ദ്രഗിരി ഹയർസെക്കൻഡറി സ്കൂളിന്റെ കെട്ടിട നിർമാണം എൽ പി സ്കൂളിന്റെ സ്ഥലം അപഹരിക്കില്ലെന്ന് ഉറപ്പ്

Human Rights Commission Intervenes to Ensure Chandragiri School Land is Not Encroached
Photo: Arranged

● കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴിതെളിയിച്ചത്.
● പുതിയ കെട്ടിടം എൽ.പി. സ്കൂൾ കെട്ടിടത്തിൽ നിന്ന് മൂന്നര മുതൽ 5 മീറ്റർ വരെ മാറി നിർമ്മിക്കും.
● കുട്ടികൾക്ക് കൂടുതൽ സ്ഥലസൗകര്യം ലഭിക്കുമെന്ന് പ്രിൻസിപ്പൽ റിപ്പോർട്ടിൽ അറിയിച്ചു.
● ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പുതിയ കെട്ടിടം 'എൽ' ഷേപ്പിലാണ് നിർമ്മിക്കുന്നത്.

കാസർകോട്: (KasargodVartha) ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നിർമ്മിക്കുന്ന പുതിയ കെട്ടിടം കാരണം എൽ.പി. സ്കൂളിലെ കുട്ടികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ലെന്ന് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മനുഷ്യാവകാശ കമ്മീഷന് ഉറപ്പു നൽകി. പുതിയ കെട്ടിടം എൽ.പി. സ്കൂൾ കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുമെന്നും കളിസ്ഥലം നഷ്ടപ്പെടുത്തുമെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെത്തുടർന്ന് ഈ നടപടി സ്വീകരിച്ചത്.

ഹയർ സെക്കൻഡറി സ്കൂളിൽ മുറികളുടെ കുറവ് കാരണമാണ് കാസർകോട് വികസന പാക്കേജിൽ നിന്നും ഒന്നേമുക്കാൽ കോടി രൂപ മുടക്കി 9 മുറികളുള്ള കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എൽ.പി. സ്കൂൾ കെട്ടിടത്തിൽ നിന്ന് മൂന്നര മുതൽ 5 മീറ്റർ വരെ മാറിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇത് എൽ.പി. സ്കൂൾ കുട്ടികൾക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ സ്ഥലസൗകര്യം ഒരുക്കും. ഈ സ്ഥലം കളിസ്ഥലമായി ഉപയോഗിക്കാമെന്നും പ്രിൻസിപ്പൽ റിപ്പോർട്ടിൽ വ്യക്തമാക്കി. കൂടാതെ, എൽ.പി. സ്കൂൾ കുട്ടികൾക്ക് ഹയർ സെക്കൻഡറി സ്കൂളിന്റെ കളിസ്ഥലം ഉപയോഗിക്കാൻ വഴിസൗകര്യം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം പുതിയ കെട്ടിടം ‘എൽ’ ഷേപ്പിലാണ് നിർമ്മിക്കുന്നത്.

അതേസമയം, ഹയർ സെക്കൻഡറിയിൽ ക്ലാസ് മുറികളുടെ കുറവുള്ളതിനാൽ സയൻസ് ബാച്ചിലെ ക്ലാസുകൾ ഹൈസ്കൂൾ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ വിഷയത്തിൽ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും പരാതിക്കാർ പിടിവാശി ഉപേക്ഷിക്കാത്തതിനാൽ ചർച്ച പരാജയപ്പെട്ടു. 'മറ്റു കെട്ടിടങ്ങൾ പൊളിച്ച് പുതിയ കെട്ടിടം പണിയണമെന്നാണ് പരാതിക്കാരുടെ നിലപാട്. ഇത് അനുവദിക്കാൻ കഴിയില്ല', എന്ന് പ്രിൻസിപ്പൽ റിപ്പോർട്ടിൽ പറഞ്ഞു. എൽ.പി. സ്കൂൾ വിദ്യാർത്ഥികൾക്കുള്ളതുപോലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും അവകാശങ്ങളുണ്ടെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ മനുഷ്യാവകാശ സംരക്ഷണ നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ളതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങളൊന്നും കാണാൻ സാധിക്കില്ലെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി. ജില്ലാ ജനകീയ നീതിവേദി ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് ചാത്താങ്കൈ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.
 

ഈ പ്രശ്നപരിഹാരത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.

Article Summary: Human Rights Commission ensures Chandragiri school land is not encroached.

#ChandragiriSchool #HumanRightsCommission #KeralaNews #Kasargod #SchoolBuilding #StudentRights

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia