വേറിട്ട നവവത്സര ആശംസയുമായി പ്രധാന അധ്യാപകൻ; സ്നേഹമരം വളരും 2020 ൻ്റെ ഓർമയ്ക്കായി
Dec 31, 2020, 17:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.12.2020) 2020 വിടപറയുമ്പോൾ സ്നേഹമരങ്ങളിലൂടെ മേലാങ്കോട്ട് ഓർമകൾ തളിർക്കും. കോവിഡ് ഭീതി മൂലം വിദ്യാലയ വാതിലുകൾ അടഞ്ഞുകിടക്കുമ്പോൾ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേരാൻ വേറിട്ട വഴി സ്വീകരിച്ചിരിക്കുകയാണ് മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ. യു പി സ്കൂൾ.
സ്വന്തം മേൽവിലാസത്തിൽ കത്തുമായി പോസ്റ്റ്മാനെത്തിയപ്പോൾ കുട്ടികൾക്ക് തുടക്കത്തിൽ ആകാംക്ഷ. തങ്ങളുടെ പ്രിയപ്പെട്ട പ്രധാനാധ്യാപകൻ കൈപ്പടയിൽ എഴുതി അയച്ച ആശംസാ കാർഡാണെന്നറിഞ്ഞപ്പോൾ ആകാംഷ ആനന്ദത്തിന് വഴിമാറി.
നവ വൽസരാശംസകളോടൊപ്പം പോയ വർഷത്തിൻ്റെ ഓർമയ്ക്കായി സ്നേഹമരമെന്ന പേരിൽ ഏതെങ്കിലും ഒരു ഫലവൃക്ഷത്തൈ നടണമെന്ന പ്രധാനാധ്യാപകൻ്റെ അഭ്യർഥനയെ ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. ഇതിനകം തന്നെ നൂറുകണക്കിന് കുട്ടികൾ വൃക്ഷത്തൈ നടുന്നതിൻ്റെ ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പിലേക്ക് അയച്ചു കഴിഞ്ഞു.
ആശംസകൾ നവ മാധ്യമങ്ങൾ കയ്യടക്കുന്ന കാലത്ത് പ്രീ പ്രൈമറി തൊട്ട് ഏഴാം തരം വരെയുള്ള മുഴുവൻ കുട്ടികൾക്കും ആശംസാ കാർഡുകൾ എഴുതി അഞ്ഞൂറോളം കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രീതി സമ്പാദിച്ചിരിക്കയാണ് ദേശീയ അധ്യാപക അവാർഡ് ജേതാവുകൂടിയായ ഡോ. കൊടക്കാട് നാരായണൻ. രണ്ടാഴ്ചയോളമെടുത്താണ് അദ്ദേഹം ഇത്രയും കാർഡുകൾ എഴുതി തീർത്തത്.
തപാൽ വകുപ്പിൻ്റെ സേവനങ്ങളെക്കുറിച്ച് അറിയാനും പ്രകൃതിയുടെ കാവൽക്കാരാകാൻ കുട്ടികളെ പ്രേരിപ്പിക്കാനുമാണ് പുതുവൽസരത്തിൽ പുതിയ വഴി സ്വീകരിച്ചതെന്ന് പ്രധാനാധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ പറഞ്ഞു. കുട്ടികൾക്ക് തപാൽ കാർഡുകൾ എത്തിക്കുന്നതിൽ ജീവനക്കാർക്കുമുണ്ട് അളവറ്റ സന്തോഷം. കാഞ്ഞങ്ങാട്, ബല്ല, പടന്നക്കാട്, ഏച്ചിക്കാനം, ആനന്ദാശ്രമം, അജാനൂർ, മാണിക്കോത്ത്, കാഞ്ഞങ്ങാട് സൗത്ത് എന്നീ പോസ്റ്റ് ഓഫീസിനു കീഴിലുള്ള കുട്ടികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത്.
Keywords: Kerala, News, Kasaragod, Kanhangad, Education, Headmaster, New year, Students, Top-Headlines, Headmaster with special New Year greetings; Trees will grow to commemorate 2020.
< !- START disable copy paste -->