ചിന്മയ വിദ്യാലയത്തിൽ നിന്നും 500 ലേറെ വിദ്യാർഥികളെ പിൻവലിക്കാനൊരുങ്ങി ഒരു വിഭാഗം രക്ഷിതാക്കൾ
കാസർകോട്: (www.kasargodvartha.com 11.02.2021) ചിന്മയ മാനജ്‌മെന്റിന്റെ ധാർഷ്ട്യത്തിൽ പ്രതിഷേധിച്ച് വിദ്യാലയത്തിൽ നിന്നും 500 ലേറെ വിദ്യാർഥികളെ ടി സി വാങ്ങിയോ അല്ലാതെയോ പിൻവലിക്കാൻ തീരുമാനിച്ചെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ അറിയിച്ചു. വിദ്യാനഗർ ചിന്മയ വിദ്യാലയത്തിൽ ഫീസ് ഇളവ് ആവശ്യപ്പെട്ട് ഈ രക്ഷിതാക്കൾ കുറെ ദിവസങ്ങളിലായി സമരങ്ങളും മറ്റും നടത്തിയിരുന്നു.
ഓൺലൈൻ ക്ലാസ് മാത്രമേ ഇപ്പോഴുള്ളൂവെന്നും നൽകാത്ത സേവനങ്ങൾക്ക് ഫീസ് ഈടാക്കുന്നതിനെതിരെ നിരന്തരം ഫീസ് ഇളവ് ആവശ്യപ്പെട്ടിട്ടും സമരം ചെയ്തിട്ടും അതൊന്നും പരിഗണിക്കാതെ ചിന്മയ മാനജ്‌മെന്റ് കാണിക്കുന്ന ധാർഷ്ട്യം മൂലമാണ് ഇത്രയധികം കുട്ടികൾ പിരിഞ്ഞുപോകുന്നതെന്നും ഇവരെ മറ്റു സ്കൂളുകളിലേക്ക് മാറ്റിചേർക്കുവാനും തീരുമാനിച്ചതായും അറിയിപ്പിൽ പറയുന്നു. കാസർകോട് മുൻസിപൽ കോൺഫറൻസ് ഹാളിൽ ചേർന്ന പാരന്റ്സ് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗമാണ് തീരുമാനം എടുത്തത്.
പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം ചേരിതിരിവുണ്ടാക്കും വിധം നോടീസിറക്കിയും രക്ഷിതാക്കളുടെ പേരിൽ പരാതികൾ നൽകിയുമാണ് ചിന്മയ മാനജ്മെന്റ് സമരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സ്‌കൂൾ പ്രവേശന സമയത്ത് 30000 രൂപയോളം പ്രവേശന ഫീസ് നൽകിയിട്ടും കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ തങ്ങൾക്ക് സഹായവാഗ്ദാനവുമായി വരേണ്ട സ്ഥാപനം, ട്രസ്റ്റിന്റെ പേരിൽ നടത്തി സർകാരിൽ നിന്നും ആനുകൂല്യങ്ങൾ കൈപറ്റിയിട്ടും അതൊന്നും വിദ്യാർഥികൾക്ക് നല്കിയിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
സ്‌കൂളിനാവശ്യമായ സ്ഥലം സർകാർ സൗജന്യമായി നൽകിയതാണെന്നും അവിടത്തെ കെട്ടിടങ്ങളും ആസ്തികളും തങ്ങളുടെ കൂടി വിയർപ്പിന്റെ ഫലമാണെന്നും ചിന്മയയുടെ നിലവാരം നഷ്ടപ്പെട്ടെന്നും രക്ഷിതാക്കൾ പറഞ്ഞു. ഓൺലൈൻ ക്ലാസിന് ന്യായമായ ഫീസ് അടക്കാമെന്ന് പറഞ്ഞ 200 ഓളം വിദ്യാർഥികളെ നിഷ്കരുണം പുറത്താക്കിയെന്നും പിടിഎ കമിറ്റി ഇല്ലാത്ത ചിന്മയ സ്‌കൂളിലെ അനീതികൾക്കെതിരെ ശബ്ദിക്കാൻ പാരെന്റ്സ് കൂട്ടായ്മ നിലനിർത്തി പോകുമെന്നും യോഗം ചേർന്ന രക്ഷിതാക്കൾ പറഞ്ഞു.
മൊത്തം ഫീസിൽ നിന്നും അടിയന്തരമായും കുറഞ്ഞത് 50 ശതമാനമെങ്കിലും ഇളവ് നൽകിയില്ലെങ്കിൽ മുഴുവൻ വിദ്യാർഥികളുടെയും ടിസി ആവശ്യപെട്ട് പ്രിൻസിപലിന് കോർ കമിറ്റി തയ്യാറാക്കിയിട്ടുളള അപേക്ഷ ഫോറത്തിൽ അപേക്ഷ നൽകുവാനും യോഗം തീരുമാനിച്ചതായി രക്ഷിതാക്കൾ പറഞ്ഞു.
യോഗത്തിൽ രവീന്ദ്രൻ പി അധ്യക്ഷത വഹിച്ചു. നഈം, മുകുന്ദൻ, രഘുറാം, രമേഷ്, എം എ നാസിർ സംസാരിച്ചു.
Keywords: Kasaragod, Kerala, News, School, Education, Students, Parents, Committee, Group of parents are preparing to withdraw more than 500 students from Chinmaya Vidyalaya.
< !- START disable copy paste -->