CBI Probe | നീറ്റ് യുജി പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്രം
പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രം.
നെറ്റ് പരീക്ഷ ചോദ്യപേപര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്.
എന്‍ടിഎ ഡയറക്ടര്‍ ജെനറല്‍ സുബോധ് സിങ്ങിനെ ശനിയാഴ്ച പുറത്താക്കി.
ന്യൂഡെല്‍ഹി: (KasargodVartha) വിവാദമായ നീറ്റ് യുജി പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍കാര്‍. ബിരുദ മെഡികല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേടും പേപര്‍ ചോര്‍ച്ചയും ഉണ്ടായെന്ന ആരോപണത്തില്‍, പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കി.
പരീക്ഷകളുടെ പവിത്രത ഉറപ്പാക്കാനും വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കാനും സര്‍കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതില്‍ ഉള്‍പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയോ അല്ലെങ്കില്‍ സംഘടനയോ കര്‍ശനമായ നടപടി നേരിടേണ്ടിവരുമെന്ന് ആവര്‍ത്തിക്കുന്നുവെന്ന് കേന്ദ്ര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ബിഹാര്‍ പൊലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. കേസില്‍ മുഖ്യ പ്രതിക്കായി തിരച്ചില്‍ നടക്കുകയാണ്. നിലവില്‍, നെറ്റ് പരീക്ഷ ചോദ്യപേപര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്.
മെയ് 5 ന് രാജ്യത്തെ 4,750 കേന്ദ്രങ്ങളിലായി നടന്ന നീറ്റ്-യുജിയില്‍ 24 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. പ്രതീക്ഷിച്ച തീയതിക്ക് 10 ദിവസം മുമ്പ് ജൂണ്‍ 4 നാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷാഫലം വന്നയുടന്‍ തന്നെ ചോദ്യപേപര്‍ ചോര്‍ച്ചയും ക്രമക്കേടും സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 67-ലധികം വിദ്യാര്‍ഥികള്‍ പരമാവധി മാര്‍ക്ക് നേടി, അവരില്‍ ചിലര്‍ ഒരേ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നുള്ളവരായിരുന്നു.
സംഭവം വിവാദമായതോടെ, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ബീഹാറില്‍ ക്രമക്കേടുകളും പേപര്‍ ചോര്‍ച്ചയും കണ്ടെത്തി, കൂടാതെ പരീക്ഷയുടെ തലേന്ന് ചോദ്യപേപറുകള്‍ ലഭിച്ചെന്ന് അവകാശപ്പെട്ട് ചില ഉദ്യോഗാര്‍ഥികളും പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങള്‍ പല നഗരങ്ങളിലും പ്രതിഷേധത്തിനും പല ഹൈകോടതികളിലും സുപ്രീം കോടതിയിലും ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനും കാരണമായി.
അന്വേഷണത്തില്‍ ചോദ്യപേപര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിഹാര്‍ പൊലീസ് തെളിവായി കണ്ടെത്തിയ കത്തിച്ച ചോദ്യപേപറില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
അതിനിടെ ഞായറാഴ്ച (23.06.2024) നടത്താനിരുന്ന നീറ്റ്-പിജി പ്രവേശന പരീക്ഷയും നെറ്റ് പരീക്ഷയും ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തില്‍ മാറ്റിവെച്ചു. ചില മത്സര പരീക്ഷകളുടെ സമഗ്രതയെക്കുറിച്ചുള്ള സമീപകാല ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് ഞായറാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, വന്‍ തര്‍ക്കത്തിനിടയില്‍, എന്‍ടിഎ ഡയറക്ടര്‍ ജെനറല്‍ സുബോധ് സിങ്ങിനെ ശനിയാഴ്ച പുറത്താക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥനായ പ്രദീപ് സിംഗ് ഖരോലയെ ഏജന്‍സിയുടെ പുതിയ തലവനായി നിയമിക്കുകയും ചെയ്തു. കൂടാതെ, എന്‍ടിഎയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനും പരീക്ഷാ പരിഷ്‌കാരങ്ങള്‍ ശിപാര്‍ശ ചെയ്യുന്നതിനുമായി മുന്‍ ഐഎസ്ആര്‍ഒ മേധാവി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഏഴംഗ ഉന്നതതല പാനലും രൂപീകരിച്ചിട്ടുണ്ട്.
Ministry of Education entrusts the matter of alleged irregularities in NEET (UG) Examination 2024 to CBI for the comprehensive investigation. pic.twitter.com/KO95a5a8nD
— Ministry of Education (@EduMinOfIndia) June 22, 2024