city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 30.07.2014

ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

(www.kasargodvartha.com 30.07.2014) പെരിയ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റ് ജില്ലാ റെഡ്‌ക്രോസ് ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ 17 കേഡറ്റുകള്‍ക്ക് സ്‌ക്കാര്‍ഫ് അണിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എ. കുമാരന്‍ നായര്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം. നാരായണന്‍ നായര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കൗണ്‍സിലര്‍ വി.വി ഗംഗാധരന്‍ മാസ്റ്റര്‍ സ്വാഗതവും കെ.എ ശ്രീവത്സന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


പ്ലസ്‌വണ്‍ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍  പ്ലസ്‌വണ്‍  കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ഇന്ന് (ജൂലൈ 31) രാവിലെ ഒന്‍പത് മണിക്ക് നടത്തും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ രേഖകള്‍ സഹിതം സ്‌കൂളില്‍ ഹാജരാകണം.


ബസ്സ് സമയ നിര്‍ണ്ണയ യോഗം മാറ്റിവെച്ചു

ആഗസ്ത് രണ്ടിന് നടത്താനിരുന്ന ആര്‍.ടി.എ ടൈമിംഗ് കോണ്‍ഫറന്‍സ്  ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി ആര്‍.ടി.ഒ  അറിയിച്ചു.  തീയതി പിന്നീട് അറിയിക്കും .


ലഹരി വിരുദ്ധ ക്യാമ്പെയിന്‍ യോഗം ഇന്ന്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും യുവജനകമ്മീഷന്റെയും  സംയുക്താഭിമുഖ്യത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരെ സംസ്ഥാന തലത്തില്‍ ലഹരി വിരുദ്ധക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നു.  ഇതിന്റെ ഭാഗമായി ജില്ലയില്‍ പ്രസ്തുത ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 31)   4 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. .            


കാറ്റടിക്കാന്‍ സാധ്യത

അടുത്ത 48 മണിക്കൂറിനുളളില്‍  കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും മണിക്കൂറില്‍ 45-55കി.മീ വേഗതയില്‍ കാറ്റടിക്കാന്‍  സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍   ജാഗ്രത പാലിക്കണമെന്നും ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.          

പത്താംതരം തുല്യത സ്‌പോട്ട് അഡ്മിഷന്‍ പുരോഗമിക്കുന്നു
സര്‍ക്കാര്‍ അറിയിപ്പുകള്‍ 30.07.2014
പൊതുവിദ്യാഭ്യാസ വകുപ്പും  സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സ് ഒമ്പതാം ബാച്ചിന്റെ  സ്‌പോട്ട് അഡ്മിഷന്‍  ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ പുരോഗമിക്കുന്നു.  ഏഴാം ക്ലാസ്സോ ഏഴാം തരം തുല്യതയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ ഒന്നിന്  17 വയസ്സ്  പൂര്‍ത്തിയായിരിക്കണം, 1620 രൂപയും രണ്ട് ഫോട്ടോയും സ്‌കൂളില്‍ പഠിച്ച രേഖയുമായി എത്തുന്നവര്‍ക്ക്  അഡ്മിഷന്‍  നല്‍കും.

എല്ലാ ഞായറാഴ്ചകളിലാണ്് ക്ലാസ്സ്. ജോലിയുളളവര്‍ക്കും ചേരാം. മലയാളം, കന്നട മീഡിയങ്ങളില്‍  ക്ലാസ്സുണ്ട്. എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്ക്  ഫീസ് അടയ്‌ക്കേണ്ടതില്ല. ജില്ലയിലെ തിരഞ്ഞെടുത്ത 25 ഹൈസ്‌കൂളുകളില്‍ ക്ലാസ്സ്  ഉണ്ടായിരിക്കുന്നതാണ്. സിവില്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍  തത്സമയ അഡ്മിഷന്‍  നടത്തുന്നുണ്ട്്. 9846301355, 04994 255507.

പത്താംതരം തുല്യതാ പരീക്ഷാകേന്ദ്രങ്ങള്‍

പൊതുവിദ്യാഭ്യാസ വകുപ്പും  സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ എട്ടാമത്തെ ബാച്ചിന്റെ  പരീക്ഷ  ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ നാല് വരെ നടക്കുന്നതാണ്.  റഗുലര്‍ വിഭാഗത്തിന് 300 രൂപയാണ്  പരീക്ഷാഫീസ്. പിഴയില്ലാതെ ജൂലൈ 31 വരെയും  പത്ത് രൂപ പിഴയോടെ ആഗസ്ത് രണ്ട് വരെയും പരീക്ഷാകേന്ദ്രങ്ങളില്‍  സ്വീകരിക്കുന്നതാണ്.

ജില്ലയില്‍ 13 സ്‌കൂളുകളില്‍ മലയാളം  മീഡിയത്തിലും  എട്ട് സ്‌കൂളുകളില്‍ കന്നട മീഡിയത്തിലും  പരീക്ഷ നടക്കും . എസ്.ആര്‍.എം.ജി എച്ച്.എസ്.എസ് മാവുങ്കാല്‍, ജി.എച്ച്.എസ്.എസ് ഹോസ്ദൂര്‍ഗ്ഗ്, ഹോളി ഫാമിലി എച്ച്.എസ് രാജപുരം, രാജാസ് എച്ച്.എസ് നീലേശ്വരം, വി.പി.പി.എം.കെ.പി.എസ് ഹൈസ്‌കൂള്‍ തൃക്കരിപ്പൂര്‍, ജി.എച്ച്.എസ് പരപ്പ., ജി.എച്ച്.എസ് പാക്കം, ജി.എച്ച്.എസ് കുമ്പള, ജി.എച്ച്.എസ്.എസ് കാസര്‍കോട്, ബി.എ.ആര്‍.എച്ച്,.എസ്.എസ്  മുളിയാര്‍, ജി.വി.എച്ച്.എസ്.എസ്  മുളേളരിയ, ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി എന്നിവിടങ്ങളിലാണ് മലയാളം വിദ്യാര്‍ത്ഥികള്‍ക്കുളള പരീക്ഷാകേന്ദ്രങ്ങള്‍.  എസ്.എ.ടി.എച്ച്.എസ്.എസ് മഞ്ചേശ്വരം, എസ്.ജി.കെ.എച്ച്.എസ് കുട്‌ലു, ഗവ.ഗേള്‍സ് വി.എച്ച്.എസ്.എസ് കാസര്‍കോട്,വിദ്യാവര്‍ദ്ധക എച്ച്,എസ്.എസ് മീയപ്പദവ്, ജി.എച്ച്.എസ്.എസ് പൈവളികെ നഗര്‍, എസ്.എന്‍.എച്ച്.എസ്.എസ് പെര്‍ല, എന്‍.എച്ച്.എസ് എസ്  പെര്‍ഡാല, ജി.എച്ച്.എസ് മംഗല്‍പാടി എന്നീ സ്‌കൂളുകളാണ്  കന്നട പരീക്ഷാകേന്ദ്രങ്ങള്‍.

ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്ത ആഗസ്റ്റ് എട്ടാംതീയ്യതി  തലശ്ശേരി കോര്‍ട്ട് കോംപ്ലക്‌സിനടുത്തുളള ഐ.എം.എ ഹാളില്‍ ഡിവിഷന്‍ ബഞ്ച് ക്യാമ്പ് സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ നിശ്ചിത ഫോറത്തിലുളള പുതിയ


പരാതികള്‍ സ്വീകരിക്കും.  

കോളേജില്‍ സീറ്റൊഴിവ് പയ്യന്നൂര്‍ ഗവ.കോളേജില്‍  ഒന്നാം വര്‍ഷ ബി.എസ്.സി മാത്തമാറ്റിക്‌സ് വിഷയത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച ഏതാനും സീറ്റുകള്‍  ഒഴിവുണ്ട്. കോഴ്‌സിന് ചേരാന്‍ താത്പര്യമുളളവര്‍   ആഗസ്ത് ഒന്നിന് രാവിലെ 10.30 ന് സ്‌പെഷ്യല്‍ ഓഫീസര്‍  മുമ്പാകെ  ഇന്റര്‍വ്യൂവിന് ഹാജരാകണം  ഫോണ്‍ 04985 237340.

ക്ഷയരോഗ നിയന്ത്രണ ശില്പശാല സംഘടിപ്പിച്ചു

ദേശീയ ക്ഷയരോഗ നിയന്ത്രണപരിപാടിയുടെ ഭാഗമായി ജില്ലയെ ക്ഷയരോഗ നിയന്ത്രിത ജില്ലയാക്കി മാറ്റുന്നതിന് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ടി.ബി സെന്ററിന്റെയും  നേതൃത്വത്തില്‍  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ടുമാര്‍ക്കായി ജില്ലാതല ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത്   വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുജാത അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി  യോഗം ഉദ്ഘാടനം ചെയ്തു. എസ്.ടി.ഡി.സി ഡയറക്ടര്‍ ഡോ.എം. സുനില്‍കുമാര്‍ , ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എം.സി.വിമല്‍രാജ്, ലോകാരോഗ്യ സംഘടനയുടെ ഉപദേഷ്ടാവ്  ഡോ. ഡി.എസ്.എ കാര്‍ത്തികേയന്‍, ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട,് തുടങ്ങിയവര്‍  ആശംസ അര്‍പ്പിച്ചു.  ഡോട്‌സ് പ്ലസ് സൂപ്പര്‍വൈസര്‍ പി.പി സുനില്‍കുമാര്‍ സ്വാഗതവും , ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ സോമന്‍ നന്ദിയും പറഞ്ഞു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. രവിപ്രസാദ് ക്ലാസ്സെടുത്തു.


കുളമ്പുരോഗത്തിനെതിരെ കുത്തിവെയ്പ് നടത്തും


ജന്തുരോഗനിയന്ത്രണ പ്രൊജക്ടിന്റെ ഭാഗമായി ജില്ലയില്‍ ആഗസ്റ്റ്  ഒന്നു മുതല്‍  21 ദിവസക്കാലം  കുളമ്പുരോഗത്തിനെതിരെ കന്നുകാലികള്‍ക്ക് കുത്തിവെയ്പ്പ് നടത്തും. ഞായറാഴ്ചകളിലും  സര്‍ക്കാര്‍ അവധി ദിവസങ്ങളിലും കുത്തിവെപ്പ് ഉണ്ടാവുന്നതല്ല.

ഹൈസ്പീഡ് തയ്യല്‍ പരിശീലനം

കേന്ദ്രടെക്സ്റ്റയില്‍ മന്ത്രാലയത്തിന്റെ കീഴില്‍ കണ്ണൂര്‍ മരയ്ക്കാര്‍കണ്ടി പവര്‍ലൂം സര്‍വ്വീസ് സെന്ററില്‍ സ്യൂയിംഗ് മെഷീന്‍ ഓപ്പറേറ്ററിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  കേന്ദ്ര ടെക്‌സ്‌റ്റൈല്‍  മന്ത്രാലയത്തിന്റെ സംയോജിത തൊഴില്‍ പരിശീലന പദ്ധതി പ്രകാരം ആധുനിക ഹൈസ്പീഡ് ഇന്‍ഡസ്ട്രിയില്‍ തയ്യല്‍ മെഷീനുകളിലാണ് പരിശീലനം നല്‍കുന്നത്.  പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്  ബോര്‍ഡിങ്ങ്, ലോഡ്ജിങ്ങ്, വേജ് കോംപന്‍സേഷന്‍  എന്നിനങ്ങളില്‍ 1500 രൂപ നല്‍കുന്നതാണ് 18 വയസ്സ്  പൂര്‍ത്തിയാക്കിയവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ഇന്ന് (ജൂലൈ 31)ന് മരയ്ക്കാര്‍കണ്ടിയിലുളള പവര്‍ലൂം സര്‍വീസ് സെന്ററില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ പവര്‍ലൂം സര്‍വ്വീസ് സെന്റര്‍, മരയ്ക്കാര്‍കണ്ടി സിറ്റി.പി.ഒ, കണ്ണൂര്‍-3 ഫോണ്‍ 0497 2734950 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.    


ഇംഹാന്‍സ്  മാനസികാരോഗ്യ പരിശോധനാ ചികിത്സാ ക്യാമ്പുകള്‍


ഇംഹാന്‍സ് സാമൂഹിക മാനസിക ആരോഗ്യ പരിപാടിയുടെ  ഭാഗമായി ഓഗസ്റ്റില്‍  ജില്ലയിലെ  വിവിധ ഗവ.ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ  നേതൃത്വത്തില്‍  മാനസികാരോഗ്യ പരിശോധന ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.  ഓഗസ്റ്റ് 2,16,23,30 തീയതികളില്‍ കാസര്‍കോട്  ജനറല്‍ ആശുപത്രി . ഏഴിന് ഉദുമ, 8ന് ചിറ്റാരിക്കല്‍ പി.എച്ച്.സി, പനത്തടി സി.എച്ച്.സി, 12ന് ബേഡഡുക്ക, 13 ന് ബദിയടുക്ക, 14ന്  മംഗല്‍പ്പാടി, 15ന്  നീലേശ്വരം, 19ന് മഞ്ചേശ്വരം,  21ന് കുമ്പളെ,   26ന് പെരിയ, 27ന് തൃക്കരിപ്പൂര്‍, 28ന് മുളിയാര്‍, 22ന് ചെറുവത്തൂര്‍ എന്നീ സര്‍ക്കാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലുമാണ് ക്യാമ്പുകള്‍  നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745708655 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.  

ഓഫീസിലേക്ക് വാഹനം ലഭ്യമാക്കണം

കോളിച്ചാലിലെ പരപ്പ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവശ്യത്തിലേക്കായി 2014-15 വര്‍ഷത്തേക്ക് ജീപ്പ്,കാര്‍ മാസവാടകയ്ക്ക് ലഭ്യമാക്കാന്‍ തയ്യാറുളളവരില്‍ നിന്നും നിര്‍ദ്ദിഷ്ടഫോറത്തില്‍ ദര്‍ഘാസ് ക്ഷണിച്ചു. ആയിരം കി.മീ വരെ പതിനഞ്ചായിരം രൂപയാണ്  പ്രതിമാസവാടകനിരക്ക്. വാഹനം 2007 മോഡലോ അതിന് ശേഷമുളളതോ ആയിരിക്കണം. വാഹനം ശരിയായ രേഖകളുളളതും ടാക്‌സി പെര്‍മിറ്റ് ഉളളതും ആയിരിക്കണം.  ആഗസ്ത് അഞ്ചിന്  രണ്ട് മണിക്കകം ദര്‍ഘാസ് സമര്‍പ്പിക്കണം.    
താലൂക്ക് വികസന സമിതി യോഗം ആറിന്

ആഗസ്ത് രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കാസര്‍കോട്  താലൂക്ക് വികസന സമിതി യോഗം ചില സാങ്കേതിക കാരണങ്ങളാല്‍ ഓഗസ്റ്റ് ആറിന് രാവിലെ 11 മണിക്ക്  കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍  നടത്തുമെന്ന്  തഹസില്‍ദാര്‍ അറിയിച്ചു. എല്ലാ താലൂക്ക്  സമിതി അംഗങ്ങളും  ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.  

എം.എസ്.സി സീറ്റ് ഒഴിവ്

കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ എം.എസ്.സി ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുളള  വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് നാലിനകം ഓഫീസില്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടഫിക്കറ്റുകളുമായി  ഹാജരാകണം. ഫോണ്‍ 04998 215615.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL