city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 04.06.2016

ലോകപരിസ്ഥിതി ദിനാഘോഷവും അവാര്‍ഡ് ദാന ചടങ്ങും അഞ്ചിന്

കാസര്‍കോട്: (www.kasargodvartha.com 04/06/2016) ലോക പരിസ്ഥിതി ദിനം ജൂണ്‍ അഞ്ചിന് ആചരിക്കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദിനാചരണം രാവിലെ 10.30 ന് കണ്ണൂരിലുളള മസ്‌കറ്റ് പാരഡൈസില്‍ ആരോഗ്യം, സാമൂഹ്യ നീതി, മലിനീകരണ നിയന്ത്രണം വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.

മ്യൂസിയം, തുറമുഖം, പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പി കെ ശ്രീമതി ടീച്ചര്‍ എം പി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ 2016 ലെ മലിനീകരണ നിയന്ത്രണ അവാര്‍ഡുകള്‍ സമ്മാനിക്കും.

110 കെ വി ലൈന്‍ ഇരട്ടിപ്പിക്കല്‍ പുരോഗമിക്കുന്നു: നാട്ടുകാര്‍ സഹകരിക്കണം

കാസര്‍കോട്: വിദ്യാനഗര്‍ മുതല്‍ മഞ്ചേശ്വരം വരെയുളള വടക്കന്‍ കേരളത്തില്‍ നിലവില്‍ മൈലാട്ടിയില്‍ നിന്നു പോകുന്ന 110 കെ വി സിംഗിള്‍ സര്‍ക്യൂട്ട് മുഖേനയാണ് വൈദ്യുതി എത്തിക്കുന്നത്. 1965 കാലഘട്ടങ്ങളില്‍ നിര്‍മിച്ച ഈ ലൈന്‍ കാലപ്പഴക്കം കൊണ്ട് വളരെ അപകടകരമായ  അവസ്ഥയിലാണുള്ളത്. പ്രസ്തുത ലൈനിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് കെ എസ് ഇ ബി 20 കോടി രൂപ ചെലവില്‍ 110 കെ വി  ഡബിള്‍ സര്‍ക്യൂട്ടായി കൂടുതല്‍ വൈദ്യുതി ശേഷിയുളള  കമ്പിയും ഉയരത്തില്‍ സുരക്ഷിതമായി പോകുന്ന വിധത്തില്‍ പുതിയ ടവറുകള്‍  ഉപയോഗിച്ച് പുനര്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി  വിദ്യാനഗര്‍ സബ്‌സ്റ്റേഷനില്‍  നിന്നും സീതാംഗോളി വരെയുളള ലൈനിന്റെ പണി പൂര്‍ത്തിയായി വരികയാണ്.  അതോടൊപ്പം സീതാംഗോളി  മുതല്‍ കുബനൂര്‍ വരെയുളള 12 കി.മീ ലൈനിന്റെയും  പണി ആരംഭിച്ചിട്ടുണ്ട്.  പുതുതായി നിര്‍മ്മിക്കുന്ന ലൈനിന്റെ  ടവറുകള്‍ പഴയ ടവറുകളുടെ സ്ഥാനത്ത് തന്നെ  ആയതിനാല്‍ നിലവിലുളളവ അഴിച്ചു മാറ്റിയ ശേഷമേ ഇവ നിര്‍മ്മിക്കാന്‍ കഴിയൂ.  ഇപ്രകാരമാണ് നിലവില്‍ കാസര്‍കോട്  വിദ്യാനഗര്‍ മുതല്‍ സീതാംഗോളി വരെയുളള ലൈനിന്റെ  നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നത്.

സര്‍ക്കാര്‍ അറിയിപ്പുകള്‍ 04.06.2016ഇപ്പോള്‍ കുബനൂര്‍, മഞ്ചേശ്വരം സബ്‌സ്റ്റേഷന്റെ പരിധിയില്‍ വരുന്ന വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കര്‍ണ്ണാടകയില്‍ നിന്നുളള കൊനാജെ സബ്‌സ്റ്റേഷനില്‍ നിന്നാണ്  കെ എസ് ഇ ബി യും  കര്‍ണ്ണാടക ഇലക്ട്രിസിറ്റി ബോര്‍ഡുമായുളള പരസ്പര ധാരണ അനുസരിച്ച്  വൈദ്യുതി ലഭിച്ചു കൊണ്ടിരിക്കുന്നത്.  ഈ സബ്‌സ്റ്റേഷനിലോ  കര്‍ണ്ണാടകത്തിലെ ലൈനുകളിലോ തകരാറുണ്ടായാല്‍  കുബനൂര്‍, മഞ്ചേശ്വരം  ഭാഗങ്ങളില്‍  വൈദ്യുത തടസ്സം നേരിടും. ഈ അടുത്ത കാലത്ത് അതിശക്തമായ  കാറ്റിലും  മിന്നലിലും  കര്‍ണ്ണാടകയില്‍ നിന്നുളള ലൈനുകള്‍ തകരാറായതിനാലാണ്  ഈ ഭാഗത്ത് ഇപ്പോള്‍ ഉണ്ടാകുന്ന  വൈദ്യുതി തടസ്സങ്ങള്‍.

നിലവില്‍ വിദ്യാനഗര്‍ - സീതാംഗോളി ഭാഗത്ത് പുതിയ ലൈനിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍  നടന്നു കൊണ്ടിരിക്കുകയാണ്.  ഈ മാസം 20 ഓടു കൂടി  പ്രസ്തുത ജോലികള്‍  പൂര്‍ത്തീകരിക്കുവാന്‍  സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ  വിദ്യാനഗര്‍ മുതല്‍ മഞ്ചേശ്വരം വരെയുളള ഭാഗങ്ങളിലെ വൈദ്യുതി തടസ്സത്തിന്  നല്ലൊരു പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്.  മാത്രമല്ല കൂടുതല്‍ സുരക്ഷിതമായ  ലൈനുകളില്‍ കൂടി  നല്ല വോള്‍ട്ടേജിലുളള വൈദ്യുതി  ഉപഭോക്താക്കള്‍ക്ക്  എത്തിക്കുവാനും  സാധിക്കും.  ആയതിനാല്‍  ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  സമയബന്ധിതമായി  ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുവാന്‍ നല്ലവരായ  നാട്ടുകാരുടെ സഹകരണം കെ എസ് ഇ ബി  വളരെയേറെ പ്രതീക്ഷിക്കുന്നു.

സൗജന്യ പരിശീലനം

വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍  നടക്കുന്ന വിവിധ തൊഴില്‍ പരിശീലന ക്ലാസ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  ബേസിക് ടൈലറിംഗ്,  മ്യൂറല്‍ പെയിന്റിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിവയാണ് ഉടനെ  തുടങ്ങുന്ന കോഴ്‌സുകള്‍.  താത്പര്യമുള്ള 20 നും 45 നും ഇടയില്‍ പ്രായമുളളവര്‍  ഈ മാസം ഒമ്പതിനകം  ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, കാഞ്ഞങ്ങാട് -671531 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0467 2268240.

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍   അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നതിന്  ഈ മാസം ഏഴിന് പകല്‍ 11 ന്  പഞ്ചായത്ത് ഓഫീസില്‍ നടത്താനിരുന്ന കൂടിക്കാഴ്ച 10 ന് രാവിലെ  11 ലേക്ക് മാറ്റി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 205005.

കരനെല്‍ കൃഷിയും തരിശ്  കൃഷി ഭൂമി മാപ്പിംഗും നടത്തും

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നെല്‍കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന് ജൂണ്‍ ആദ്യവാരം മുതല്‍ പഞ്ചായത്തു തലത്തില്‍ കൃഷി ഭവന്‍ മുഖേന കരനെല്‍ കൃഷി ചെയ്യുന്നതിനും പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി ഒരു ഹെക്ടര്‍ സ്ഥലത്ത് കര നെല്‍ കൃഷി ചെയ്യുന്നതിന് ഗുണഭോക്താവിന് 10000 രൂപയുടെ സഹായം ബാങ്ക് അക്കൗണ്ട് വഴി നല്‍കും.  കര്‍ഷകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ - സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക്   കര നെല്‍കൃഷി ചെയ്യുന്നതിന് സഹായധനം ലഭിക്കും.

നെല്‍വിത്ത് മുതല്‍ വിളവെടുപ്പ് വരെയുള്ള ചെലവുകള്‍ക്ക് ആണ് പത്തായിരം രൂപ കൃഷി വകുപ്പ്  നല്‍കുന്നത്. ഇതിന് പുറമെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയും അര്‍ഹമായ സഹായം കരനെല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഗുണഭോക്താക്കള്‍ക്ക് നല്‍കും. അത്യുല്പാദന ശേഷിയുള്ള നെല്‍വിത്തുകള്‍ ഉപയോഗിച്ച് പ്രാദേശികമായ ഭൂമിയുടെ സ്വഭാവത്തിന് അനുസരിച്ച് കൃഷി ചെയ്യുന്നതിന് കൃഷിഭവന്‍ സാങ്കേതിക സഹായം നല്‍കും. കര്‍ഷകരുടെ കൈവശമുള്ള വിത്ത് ഉപയോഗിച്ചും, ആവശ്യമാണെങ്കില്‍ കൃഷി വകുപ്പ് സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എസ്.ഡി.എ വഴിയും വിത്ത് ലഭ്യമാക്കും. ജില്ലയില്‍ 100 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് 2560 ഹെക്ടര്‍ സ്ഥലത്ത് 256 ലക്ഷം രൂപ ചെലവിലാണ് നെല്ലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുന്നതിനും, പഞ്ചായത്ത് തലത്തില്‍ തരിശ് നെല്‍വയല്‍ കണ്ടെത്തി മാപ്പിംഗ് നടത്തുന്നതിന്, ഒറ്റവിള നെല്‍ കൃഷി, ബഹുവിള കൃഷി ആക്കുന്നതിനും ആവശ്യമായ വിവര ശേഖരണവും കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ വഴി നടത്തും. പദ്ധതിയുടെ വിശദവിവരങ്ങള്‍ക്ക്  കൃഷി ഭവനുകളുമായി ബന്ധപ്പെടേണ്ടതാണ്. തരിശ് ഭൂമി മാപ്പിംഗ്, തണ്ണീര്‍ത്തട ഡാറ്റാ പ്രസിദ്ധീകരണം നിലവിലുള്ള നെല്‍കൃഷി വിസ്തൃതിയുടെ മാപ്പിംഗ് പരിപാടിയുമായി വരുന്ന കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്കി സഹായിക്കണമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കുളള മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറിനുളളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതിയില്‍ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്ന്  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ചെലവ് അന്തിമപരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ നിയമിച്ചു

കേരള നിയമസഭയിലേക്ക് ് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച ചെലവ് വിവരങ്ങളുടെ  അവസാനഘട്ട പരിശോധനയ്ക്ക്  ഉദ്യോഗസ്ഥരെ നിയമിച്ചു.  ഇവര്‍ക്കുളള പരിശീലനം   ഈ മാസം ഒമ്പതിന്  രാവിലെ 11 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍  നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

പ്രവേശനോത്സവം

കാഞ്ഞങ്ങാട് അഡീഷണല്‍ പ്രൊജക്ടിന് കീഴിലുളള പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദലി ഉദ്ഘാടനം  ചെയ്തു. മാങ്ങാട്  സംഗമം ഓഡിറ്റോറിയത്തില്‍  നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ്  ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

സര്‍വ്വീസില്‍ നിന്ന് വിരമിച്ച അങ്കണവാടി പ്രവര്‍ത്തകരെ  ആദരിക്കല്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം, സെമിനാര്‍, എക്‌സിബിഷന്‍, കലാപരിപാടികള്‍ എന്നിവയും നടത്തി.

ക്വട്ടേഷന്‍ ക്ഷണിച്ചു

പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്‌നിക്  കോളേജില്‍ പുതുതായി  പണികഴിപ്പിച്ച ലൈബ്രറി ബ്ലോക്കില്‍  കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് ചെയ്യുന്നതിനും ഇന്റര്‍നെറ്റ് സൗകര്യം  ഏര്‍പ്പെടുത്തുന്നതിനും  ക്വട്ടേഷന്‍ ക്ഷണിച്ചു.  ഈ മാസം 15 ന് രാവിലെ  11 വരെ  ക്വട്ടേഷന്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ ക്ക് ഫോണ്‍ 04672 234020.

ബങ്കളം പ്രീമെട്രിക് ഹോസ്റ്റല്‍ ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്‍ കീഴിലുളള ബങ്കളം ആണ്‍കുട്ടികളുടെ  ഗവ. പ്രീമെട്രിക്  ഹോസ്റ്റലിലേക്ക്  ഹൈസ്‌കൂള്‍, യു പി  വിഭാഗങ്ങളിലായി  യഥാക്രമം 4000, 3000  രൂപ നിരക്കില്‍ അടുത്തവര്‍ഷം ഫെബ്രുവരി വരെ  ട്യൂട്ടര്‍മാരെ നിയമിക്കുന്നു.  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക്   ഓരോ ട്യൂട്ടര്‍മാരെയും അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലേക്ക്  ഓരോ ട്യൂട്ടര്‍മാരെയുമാണ്  നിയമിക്കുന്നത്.  തൊഴില്‍രഹിതരായ ബിരുദാനന്തര ബിരുദധാരികള്‍, ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

വിജയകരമായി അധ്യാപക പരിശീലനം പൂര്‍ത്തിയായവര്‍ക്ക് മുന്‍ഗണന നല്‍കും.  യു പി ക്ലാസ്സുകളിലേക്ക് ടി ടി സി പാസ്സായവര്‍ക്ക് മുന്‍ഗണന നല്‍കും.  റിട്ടയര്‍ ചെയ്ത അധ്യാപകര്‍ക്കും അപേക്ഷിക്കാം.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം  കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ ഈ മാസം 14 നകം നല്‍കണം. ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ തീയതി പിന്നീട് അറിയിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നവീകരിച്ച ബ്ലഡ് കോംപോണന്റ് സെപ്പറേഷന്‍ യൂണിറ്റിലേക്ക് വൈദ്യുതീകരണത്തിന്  അംഗീകൃത കോണ്‍ട്രാക്ടറില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ ടെണ്ടര്‍ ക്ഷണിച്ചു.

കേരള ഇലക്ട്രിസിറ്റി ലൈസന്‍സിംഗ്  ബോര്‍ഡില്‍ നിന്നുളള  പി ഡബ്ല്യു ഡി രജിസ്‌ട്രേഷന്‍ ലൈസന്‍സുളള  കോണ്‍ട്രാക്ടര്‍ അല്ലെങ്കില്‍  ഏജന്‍സികള്‍ മാത്രം  ടെണ്ടര്‍ സമര്‍പ്പിച്ചാല്‍ മതി. ടെണ്ടര്‍ ഈ മാസം  16 ന്  രാവിലെ 11നകം  നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  04994 230080.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ്

സി-ഡിറ്റ് ജില്ലാ പരിശീലന കേന്ദ്രത്തില്‍  ആരംഭിക്കുന്ന  ഡി സി എ, ടാലി അക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈന്‍, ഡാറ്റ എന്‍ട്രി, ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷ സി-ഡിറ്റ്  സി ഇ പി, ഇന്ത്യന്‍ കോഫീ ഹൗസിന്  എതിര്‍വശം, പുതിയ ബസ് സ്റ്റാന്റ്, കാസര്‍കോട് എന്ന വിലാസത്തില്‍  14 നകം സമര്‍പ്പിക്കണം. ഫോണ്‍ 9747001588.

റീ-ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലെ നവീകരിച്ച എക്‌സ്-റേ യൂണിറ്റിലേക്ക് വൈദ്യുതീകരണത്തിന്   അംഗീകൃത കരാറുകാരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.

കേരള ഇലക്ട്രിസിറ്റി ലൈസന്‍സിംഗ്  ബോര്‍ഡില്‍ നിന്നുളള  പി ഡബ്ല്യു ഡി രജിസ്‌ട്രേഷന്‍ ലൈസന്‍സുളള  കോണ്‍ട്രാക്ടര്‍ അല്ലെങ്കില്‍  ഏജന്‍സികള്‍ മാത്രം  ടെണ്ടര്‍ സമര്‍പ്പിച്ചാല്‍ മതി.  ടെണ്ടര്‍ ഈ മാസം  15 ന്  രാവിലെ 11നകം  നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  04994 230080.

വ്യാജപണപിരിവുകാരെ സൂക്ഷിക്കുക

കാസര്‍കോട് നഗരസഭാ പ്രദേശത്തെ അടുക്കത്ത്ബയല്‍, നെല്ലിക്കുന്ന് ഭാഗങ്ങളില്‍ കൃഷിഭവന്റെ പേരുപറഞ്ഞ് വളം, നടീല്‍ വസ്തുക്കള്‍ എന്നിവ എത്തിച്ചു തരാം എന്നു വിശ്വസിപ്പിച്ച് പണം തട്ടുന്ന  സംഘങ്ങള്‍ ഇറങ്ങിയതായി  കര്‍ഷകര്‍ പരാതിപ്പെട്ടിട്ടുണ്ട്.  കൃഷിഭവന്റെ  ആഭിമുഖ്യത്തില്‍  യാതൊരു വിധത്തിലുളള  പണപിരിവിനും ആരെയും നിയോഗിച്ചിട്ടില്ലെന്ന് മുനിസിപ്പല്‍ കൃഷി ഓഫീസര്‍  അറിയിച്ചു.

നേത്ര പരിശോധനാ ക്യാമ്പ്

ജില്ലാ ബ്ലൈന്‍ഡ്‌നെസ്സ് കണ്‍ട്രോള്‍  സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം വിവിധ കേന്ദ്രങ്ങളില്‍ നേത്ര പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഈ മാസം 10 ന് അംബേദ്കര്‍ സ്മാരക കലാ കേന്ദ്രം-തുരുത്തി, ചെറുവത്തൂര്‍, 13 ന് കുമ്പള സി എച്ച് സി, 14 ന് എഫ് ഡബ്ല്യു സി ബേക്കല്‍ (പി എച്ച് സി ഉദുമ),  17 ന് പി എച്ച് സി പളളിക്കര, 21 ന്  സി എച്ച് സി പെരിയ, 24 ന്  കിനാത്തില്‍ വായനശാല, 25 ന് ലേബേര്‍സ് ക്ലബ്ബ് കൂളിക്കുന്ന്, ഇരിക്കുളം, 27 ന്  പി എച്ച് സി കൊന്നക്കാട്, 28 ന്  പി എച്ച് സി അഡൂര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

യൂത്ത് പാര്‍ലമെന്റ് നടത്തി

അന്താരാഷ്ട്ര യോഗാദിനത്തിന്റെ മുന്നോടിയായി നെഹ്‌റുയുവകേന്ദ്ര കാസര്‍കോട് ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ നെയ്ബര്‍ഹുഡ് യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ഗവ. കോളേജ് പ്രന്‍സിപ്പാല്‍ ഡോ. ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ എം അബ്ദുള്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. എന്‍ എസ് എസ്  പ്രോഗ്രാം ഓഫീസര്‍  എം സി രാജീവ്, സുബിന്‍ ജോസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ എ എ ഇല്ല്യാസ്, സൂനീന ആര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

നാരായണന്‍ മുളേളരിയ യോഗാപ്രദര്‍ശനവും  ബോധവല്‍ക്കരണവും നടത്തി. നെഹ്‌റു യുവകേന്ദ്ര അക്കൗണ്ടന്റ് ടി എം അന്നമ്മ സ്വാഗതവും യൂത്ത് കേ#ാര്‍ഡിനേറ്റര്‍ സെയ്ദ് സവാദ് നന്ദിയും പറഞ്ഞു.

കെ എസ് ടി പി റോഡില്‍ അപകടം കുറക്കാനുളള നടപടികള്‍ ഒരുക്കണം: കളക്ടര്‍

കാസര്‍കോട്-കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ അപകടം കുറക്കാനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍  ഇ ദേവദാസന്‍ കെ എസ് ടി പി  അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കെ എസ് ടി പി റോഡ് പണി പൂര്‍ത്തിയായ സ്ഥലങ്ങളില്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍  കെ കുഞ്ഞിരാമന്‍ എം എല്‍ എ യുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍  നടന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

27 കിലോമീറ്റര്‍ ആണ് കെ എസ് ടി പി  റോഡിന്റെ ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയായിട്ടുളളത്.  ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയായിട്ടുളള അഞ്ച് സ്ഥലങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതായി  ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്  അറിയിച്ചു.  കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഉണ്ടായ 28 വാഹനാപകടങ്ങളില്‍ ആറ് പേരാണ് മരിച്ചത്. അതിനാല്‍ അപകടം കുറക്കാന്‍  സാധ്യമായ എല്ലാ സംവിധാനങ്ങളും ഈ മാസം 30 നകം ഉറപ്പ് വരുത്തണം.

കെ എസ് ടി പി  റോഡിനോട് ചേര്‍ന്നുളള  അപ്രോച്ച് റോഡുകളില്‍ ഹംപുകള്‍ സ്ഥാപിക്കും, റോഡുകളുടെ വശങ്ങളില്‍ പെയിന്റിംഗ് നടത്തുകയും  ലൈറ്റുകള്‍ സ്ഥാപിക്കുകയും  ചെയ്യും. 344 സ്ഥലങ്ങളിലാണ്  കെ എസ് ടി പി  ലൈറ്റുകള്‍  സ്ഥാപിക്കുന്നത്.  ഈ ലൈറ്റുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്ത് ലൈറ്റുകള്‍ സ്ഥാപിക്കണം.  റോഡിന്റെ  ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണം.  അരികിലുളള വീടുകള്‍ക്ക്  ഡ്രൈനേജ്  സംവിധാനം മൂലം ദുരവസ്ഥ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും  ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി,  വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, ആര്‍ ടി ഒ പി എച്ച് സാദിഖലി, സ്റ്റേഷന്‍ ഹൗസ്  ഓഫീസര്‍ ബേക്കല്‍ പോലീസ്  എ എസ് പി ആര്‍ ആദിത്യ, കെ എസ് ടി പി  റോഡ് പ്രതിനിധികളായ  സുശീല്‍ കുമാര്‍, കെ വി രഘുരാമന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി, ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

19 പേര്‍ക്ക് നിയമാനുസൃത രക്ഷാകര്‍ത്താക്കളെ നിയമിച്ചു

ജില്ലയിലെ ഭിന്നശേഷിയുളള 19 പേര്‍ക്ക് നിയമാനുസൃത രക്ഷകര്‍ത്താക്കളെ  നിയമിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ഉത്തരവായി.  ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  നാഷണല്‍ ട്രസ്റ്റ് ജില്ലാതല  ലോക്കല്‍ ലെവല്‍  കമ്മിറ്റിയുടെ ഹിയറിംഗിലാണ്  19 പേര്‍ക്ക് നിയമാനുസൃത  രക്ഷിതാക്കളെ നിയമിച്ചത്.  22 കേസുകള്‍ പരിഗണിച്ചതില്‍ മൂന്ന് കേസുകള്‍ അടുത്ത ഹിയറിംഗിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

ഹിയറിംഗില്‍  ലോക്കല്‍ ലെവല്‍ കമ്മിറ്റി ആക്റ്റിംഗ് കണ്‍വീനര്‍  കെ വി രാമചന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍  കെ അംബുജാക്ഷന്‍, അംഗം ഇ കെ കൃഷ്ണന്‍ നായര്‍, ഡി എല്‍ എസ് എ മെമ്പര്‍ സെക്രട്ടറി  ഫിലിപ്പ് തോമസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍, ജില്ലാ രജിസ്ട്രാര്‍ എ ബി സത്യന്‍, സാമൂഹിക നീതി വകുപ്പ് ഓഫീസര്‍  ഡീന ഭരതന്‍, നാഷണല്‍  ട്രസ്റ്റ്  സംസ്ഥാന കണ്‍വീനര്‍ ആര്‍ വേണുഗോപാലന്‍ നായര്‍, എസ് എന്‍ എ സി  പ്രോഗ്രാം ഓഫീസര്‍ അഖിലശാന്ത്, എന്‍ ജി ഒ അംഗങ്ങളായ സീന സുകു, ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ്

ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ് 2016  ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള 5 മാസത്തെ സ്റ്റൈപ്പന്റ് എന്നിവ വിതരണം ചെയ്യുന്നതിന് അര്‍ഹരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പട്ടിക ഫോറം 1-ല്‍ ഈ മാസം 15 നകം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നല്‍കണം.

2015-2016 അധ്യയന വര്‍ഷത്തെ ഒന്നാം ഗഡു, രണ്ടാം ഗഡു വിദ്യാഭ്യാസ ആനുകൂല്യത്തിന്റെ അക്വിറ്റന്‍സ് ഹാജരാകാത്ത സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യം വിതരണം നടത്തുന്നതല്ല. ലിസ്റ്റ് സര്‍പ്പിക്കുന്നതോടൊപ്പം സ്ഥാപനമേധാവികള്‍ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും (ദേശസാല്‍കൃത ബാങ്ക്) കൂടി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255466 എന്ന നമ്പറില്‍ ബന്ധപ്പെടുക.

മഴക്കാല പൂര്‍വ രോഗങ്ങള്‍ തടയുന്നതിനായി മഞ്ചേശ്വരം താലൂക്ക് തല യോഗം കൂടി

ക്ലീന്‍ ഓഫീസ് റ്റു ക്ലീന്‍ സ്റ്റേറ്റ് എന്ന ലക്ഷ്യത്തോടെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓഫീസും പരിസരവും വൃത്തിയാക്കുന്നിനും അതുവഴി ഓരോ കുടുംബത്തെയും ബോധവല്‍ക്കരിച്ച് മഴക്കാല ആരംഭത്തോടെ ഉണ്ടാകാറുള്ള പകര്‍ച്ചപ്പനി തടയുന്നതിനായി മഞ്ചേശ്വരം താലൂക്ക്തല യോഗം ചേര്‍ന്നു. എ.ഡി.എം വി.പി മുരളീധരന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ആണ് യോഗം ചേര്‍ന്നത്.

എല്ലാവരുടെയും സഹകരണത്തോടെ പകര്‍ച്ചപ്പനിക്ക് കാരണമാകുന്ന കൊതുകുകളെ പരമാവധി അകറ്റി നിര്‍ത്തുന്നതിനായി ചെറിയ വെള്ളക്കെട്ട് പോലും ഒഴിവാക്കുന്നതിന് നടപടി ഉണ്ടാക്കി ഓഫീസും പരിസരവും വൃത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ മഞ്ചേശ്വരം താലൂക്ക് തഹസില്‍ദാര്‍ പരമേശ്വരന്‍ പോറ്റിയും ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസും വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കണ്‍ട്രോള്‍ റൂം തുറന്നു

പ്രകൃതി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ സെല്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസില്‍ ആരംഭിച്ചു. പ്രകൃതി ദുരന്തമുണ്ടായാല്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസ് (04998 244044), കള്ക്‌ട്രേറ്റ് (04994 257700), തഹസില്‍ദാര്‍ മഞ്ചേശ്വരം (8547 618464) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഡെയ്‌സി ഡിജിറ്റല്‍ ടോക്കിങ് ബുക്ക് ലൈബ്രറി ഉപദേശക സമിതി രൂപീകരിച്ചു

ജില്ലാ പഞ്ചായത്ത് എന്‍.പി.ആര്‍.പി.ഡി യുടെയും സംസ്ഥാന ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഡെയ്‌സി ഡിജിറ്റല്‍ ടോക്കിങ് ബുക്ക് ലൈബ്രറിയുടെ ഉപദേശക സമിതി രൂപീകരിച്ചു. കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടി പുസ്തകം വായിച്ച് റെക്കോര്‍ഡ് ചെയ്ത് ലഭ്യമാക്കുന്നതിനുവേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഡിജിറ്റല്‍ ടോക്കിങ് ബുക്ക് ലൈബ്രറി.

യോഗത്തില്‍ എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ സുബിന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീനിവാസന്‍ മാസ്റ്റര്‍, സതീഷന്‍ ബേവിഞ്ച, അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികള്‍: പി. ദാമോദരന്‍ (ചെയര്‍മാന്‍), വിനോദ്കുമാര്‍ പെരുമ്പള (വൈ. ചെയര്‍മാന്‍), കെ. സത്യശീലന്‍ (കണ്‍വീനര്‍), സതീശന്‍ ബേവിഞ്ച (ജോ. കണ്‍വീനര്‍).

അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍ ഗവ. ഐ ടി ഐ യില്‍ 2016-17 വര്‍ഷത്തിലേക്കുളള  എസ് സി വി ടി പാഠ്യ പദ്ധതി അനുസരിച്ചുളള മെക്കാനിക്ക് മോട്ടോര്‍  വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍ എന്നീ ദ്വിവല്‍സര ട്രേഡുകളിലേക്ക് പ്രവേശനം നേടുന്നതിനുളള അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ ഐ ടി ഐ ഓഫീസില്‍ നിന്നും  ംംം.റല.േസലൃമഹമ.ഴീ്.ശി   എന്ന വെബ്‌സൈറ്റിലും ലഭിക്കും.  പത്താംതരം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0467 2268174.

വിദ്യാര്‍ത്ഥികള്‍ ഹാജരാകണം

കേന്ദ്രീയ വിദ്യാലയ നംമ്പര്‍ 2 വില്‍ നിന്നും ഇത്തവണ പത്താംതരം പാസ്സായ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ ഇലേക്ക് ഇതേ വിദ്യാലയത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആറിന് രാവിലെ 9.30 ന് വിദ്യാലയത്തിലെത്തി റിപോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.


Keywords: Kasaragod, Kerala, Education, Students, Meeting.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL