city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 26.02.2014

ജില്ലയുടെ സമഗ്ര കായിക വികസനത്തിന് നിര്‍ദേശങ്ങളുമായി സെമിനാര്‍
കാസര്‍കോട്: ചെറുപ്പത്തെ പിടികൂടുക എന്ന സന്ദേശവുമായി ജില്ലയിലെ കായിക മേഖലയുടെ സമഗ്ര വികസനത്തിന് രൂപരേഖ തയ്യാറാക്കാന്‍ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച കായിക സെമിനാര്‍ വഴികാട്ടിയായി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിലും മറ്റു കായിക മത്സരങ്ങളിലും കാസര്‍കോട് ജില്ല പിന്നിലായ സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രമുഖ കായിക വിദഗ്ധര്‍ പങ്കെടുത്ത് സെമിനാര്‍ സംഘടിപ്പിച്ചത്. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എ. ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസമാണ് വികസനത്തിന്റെ നട്ടെല്ലെന്നും പൊതുവിദ്യാഭ്യാസത്തില്‍ കായിക വിദ്യാഭ്യാസം ഇതര വിഷയങ്ങള്‍ക്ക് തുല്യമായി പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍.എ. പറഞ്ഞു.

സര്‍ക്കാര്‍ അറിയിപ്പുകള്‍ 26.02.2014ജില്ലയിലെ മുഴുവന്‍ യു.പി. സ്‌കൂളുകളിലും, ഹൈസ്‌കൂളുകളിലും കായികാധ്യാപകരെ നിയമിക്കേണ്ടതും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാന പരിഗണന നല്‍കേണ്ടതും അനിവാര്യമാണെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. പറഞ്ഞു. കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസി ലെ രാജുപോള്‍, കേരളാ സ്‌കൂള്‍ അത്‌ലറ്റിക് കോച്ച് ടോമി ചെറിയാന്‍, സംസ്ഥാന സ്‌പോര്‍ട്‌സ കൗണ്‍സില്‍ അംഗം നാരായണന്‍, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് എം.ഒ.വര്‍ഗീസ്, മാധ്യമ പ്രവര്‍ത്തകന്‍ പി.ചന്ദ്രമോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയിലെ മുഴുവന്‍ കായികാധ്യാപകരെയും ഉള്‍പ്പെടുത്തി സ്‌കൂള്‍ കോളേജ് കായിക രംഗത്തെ പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനാണ് സെമിനാര്‍ നടത്തിയത്. സെമിനാറില്‍ കാസര്‍കോടിന്റെ സ്‌കൂള്‍ കായിക രംഗത്തെക്കുറിച്ച് അശോകന്‍ ധര്‍മ്മത്തടുക്കം വിഷയം അവതരിപ്പിച്ചു. ശരിയായ പരിശീലനം, ഫണ്ട്, അടിസ്ഥാന സൗകര്യം എന്നിവയുടെ അപര്യാപ്തതയാണ് ജില്ലയുടെ കായിക പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വല്‍സന്‍ പിലിക്കോട് മോഡറേറ്ററായിരുന്നു. ചര്‍ച്ചയില്‍ ഒ.ഉണ്ണികൃഷ്ണന്‍, രഘുനാഥ്, സി.കുമാരന്‍, പ്രീതിമോള്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം.അച്ചുതന്‍ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി മുരളീധരന്‍ പാലാട്ട് നന്ദിയും പറഞ്ഞു.

കൊടിതോരണങ്ങളും കമാനങ്ങളും നീക്കണം
കാസര്‍കോട്: ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട് (കെഎസ്ടിപി) ഡിവിഷന്റെ അധീനതയിലുളള കാസര്‍കോട്-കാഞ്ഞങ്ങാട് റോഡിലെ അനധികൃത കയ്യേറ്റങ്ങള്‍,കൊടിതോരണങ്ങള്‍,കമാനങ്ങള്‍ അനധികൃതമായി സ്ഥാപിച്ച സ്തൂപങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, അനധികൃത നിര്‍മ്മാണങ്ങള്‍ മുതലായവ ഫെബ്രുവരി 28 നകം അവരവരുടെ സ്വന്തം ചെലവില്‍ മാറ്റണം. അല്ലാത്തപക്ഷം കെഎസ്ടിപി നീക്കം ചെയ്യുന്നതും ചെലവ് ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും നിയമാനുസൃതമായി ഈടാക്കുന്നതുമാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട്: മാര്‍ച്ച് 3 ന് നടക്കുന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയില്‍ ഭക്ഷണ വിതരണം നടത്തുന്നതിനും അച്ചടി നടത്തുന്നതിനും ബന്ധപ്പെട്ടവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നാളെ (ഫെബ്രുവരി 28) വൈകുന്നേരം 3 മണിക്കകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ കളക്‌ട്രേറ്റിലെ സി സെക്ഷനില്‍ നിന്നും ലഭ്യമാണ്

നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ കോണ്‍ടാക്ട് ക്ലാസ്
കാസര്‍കോട്: നാഷണല്‍ ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള കോണ്‍ടാക്ട് ക്ലാസ് വിദ്യാനഗര്‍ കേന്ദ്രിയവിദ്യാലയം നമ്പര്‍ 2 ല്‍ ആരംഭിച്ചു. 2014 മാര്‍ച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ അസൈന്‍മെന്റ് ഫെബ്രുവരി 28 നകം നല്‍കണം.

ദേലംപാടിയില്‍ ജലനിധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ ആരംഭിക്കും
കാസര്‍കോട്: വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ദേലംപാടി നിവാസികള്‍ക്ക് ഇനി ആശ്വസിക്കാം. ഒരു വര്‍ഷത്തിനകം പഞ്ചായത്തില്‍ ജലനിധി പദ്ധതി യാഥാര്‍ത്ഥ്യമാകും. ഇതോടെ 1200 ഓളം കുടുംബങ്ങള്‍ക്കാണ് കുടിവെളളം കിട്ടുക. പദ്ധതിയുടെ എന്‍ജിനിയറിംഗ് സര്‍വ്വേ അവസാന ഘട്ടത്തിലാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് ആദ്യവാരം ആരംഭിക്കും. കുടിവെള്ളം ഉറപ്പു വരുത്തുന്നതിനും ഭൂജല സംവര്‍ദ്ധന പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനും കേരള ഗ്രാമീണ കുടിവെള്ള വിതരണ ശുചിത്വ ഏജന്‍സിയാണ് ജലനിധി പദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.

4.75കോടി രൂപയുടേതാണ് പദ്ധതി.പദ്ധതി ചെലവിന്റെ 75 ശതമാനം ലോകബാങ്കും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഉപഭോക്തൃ സമിതിയും വഹിക്കും. പദ്ധതിയുടെ ഭാഗമായി ഒന്‍പത് കുഴല്‍ കിണറുകളും എട്ട് കിണറുകളും നിര്‍മ്മിക്കും. എട്ട് കിണറുകളില്‍ ഏഴണ്ണം നദീതട കിണറുകളാണ്.പയസ്വിനി പുഴയാണ് നദീതട കിണറുകളുടെ ഉറവിടം. പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി 16 വാര്‍ഡുള്ള പഞ്ചായത്തില്‍ 29 ഉപഭോക്തൃ സമിതികള്‍ രൂപീകരിച്ചു. അതാത് പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളെ ഏകോപിപ്പിക്കുന്നത് ഈ ഉപഭോക്തൃ സമിതികള്‍ ആയിരിക്കും.ഓരോ ഉപഭോക്തൃ സമിതിയിലും ശരാശരി 35 മുതല്‍ 40 വരെ കുടുംബങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

അങ്കണ്‍വാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: മഞ്ചേശ്വരം ശിശു വികസന പദ്ധതി ഓഫീസിന്‍ കീഴില്‍ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ ഒഴിവ് നികത്തുന്നതിന് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന മഞ്ചേശ്വരം,മീഞ്ച,വോര്‍ക്കാടി,പൈവളികെ പഞ്ചായത്ത് പരിധിയിലെ അങ്കണ്‍വാടി/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷക 2014 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുള്ളവരും അതാത് പഞ്ചായത്തിലെ സ്ഥിരം താമസക്കാരുമായിരിക്കണം.വര്‍ക്കര്‍ തസ്തികയിലേക്ക് 10 ാം ക്ലാസ്സ് പാസ്സായിരിക്കണം.പട്ടികജാതി വിഭാഗത്തില്‍ 10ാം ക്ലാസ് പാസായവര്‍ ഇല്ലെങ്കില്‍ തോറ്റവരെയും പരിഗണിക്കും.പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും എട്ടാംക്ലാസ് പാസായവരെയും വര്‍ക്കര്‍ തസ്തികലേക്ക് പരിഗണിക്കും.അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത,വയസ്സ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാകണം. പട്ടിക വര്‍ഗവിഭാഗക്കാര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.ഹെല്‍പ്പര്‍ തസ്തികലേക്ക് എഴുതുവാനും,വായിക്കുവാനും അറിഞ്ഞിരിക്കണം.10 ാം ക്ലാസ് പാസ്സായവര്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും പഞ്ചായത്ത് ഓഫീസുകളിലും,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും,മഞ്ചേശ്വരം ശിശുവികസന പദ്ധതി ഓഫീസിലും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ലഭിക്കും. അപേക്ഷകള്‍ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ബ്ലോക്ക് പഞ്ചായത്തിനു സമീപം, മഞ്ചേശ്വരം പി.ഒ., പിന്‍- 671323 എന്ന വിലാസത്തില്‍ മാര്‍ച്ച് 14 നകം സമര്‍പ്പിക്കണം.

തടി ലേലം ചെയ്യും
കാസര്‍കോട്: ബദിയടുക്ക വില്ലേജിലെ റീസര്‍വ്വെ 872/12 പ്പെട്ട പുറമ്പോക്ക് സ്ഥലത്ത് നിന്നിരുന്ന തേക്ക്,വീട്ടീ മരത്തടികള്‍ ലേലം ചെയ്യുന്നു.ഏപ്രില്‍ 23 ന് രാവിലെ 11 ന് ബദിയടുക്ക വില്ലേജ് ഓഫീസില്‍ ലേലം ചെയ്തത് വില്‍ക്കും. 416 ക്യൂബിക് മീറ്റര്‍ തേക്ക് തടികള്‍,0.756 മെട്രിക്ടണ്‍ വിറക് തടി എന്നിവയാണ് ലേലം ചെയ്യുന്നത്.

ബജറ്റില്‍ വകയിരുത്തിയത് ജില്ലാ പഞ്ചായത്ത് വിഹിതം: പ്രസിഡണ്ട്
കാസര്‍കോട്: 2014-15 ലെ ജില്ലാ പഞ്ചായത്ത് ബജറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതമായി ഉള്‍പ്പെടുത്തിയതായി വന്ന വാര്‍ത്താ വസ്തുത വിരുദ്ധമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. 2014-15 ലെ എസ്എസ്എ വിഹിതമായ 125 ലക്ഷം രൂപയും എന്‍പിആര്‍ഡി വിഹിതമായ 60 ലക്ഷം രൂപയും ഐഎവൈ വിഹിതമായ 601.25 ലക്ഷം രൂപയും 2014-15 ലെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി തുകയില്‍ നിന്നുള്ള വിഹിതമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമല്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യമളാദേവി അറിയിച്ചു.

പ്രോല്‍സാഹന ധനസഹായ വിതരണം നാളെ മുതല്‍
കാസര്‍കോട്: 2013-14 അധ്യായന വര്‍ഷം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള പ്രോല്‍സാഹന ധനസഹായം കാസര്‍കോട് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസില്‍ നിന്നും ഫെബ്രുവരി 28 മുതല്‍ വിതരണം ചെയ്യും. ഫോറം ഒന്നില്‍ ആവശ്യമായ സാക്ഷ്യപ്പെടുത്തലോടു കൂടി ഈ മാസം 20 വരെ സമര്‍പ്പിച്ച അപേക്ഷയിലാണ് പ്രോല്‍സാഹനധനസഹായം വിതരണം ചെയ്യുന്നത്. മാര്‍ച്ച് നാലിന് ജി.എച്ച്.എസ്.എസ്. പരപ്പയിലും ധനസഹായം വിതരണം ചെയ്യും. നാളിതുവരെ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പ്രോല്‍സാഹന ധനസഹായത്തിനായി ലഭ്യമാക്കാത്ത വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ മാര്‍ച്ച് ഒന്നിനകം ആവശ്യമായ സാക്ഷ്യപ്പെടുത്തലുകളോടു കൂടി ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994255466

ഫീമെയില്‍ കൗണ്‍സിലറെ നിയമിക്കുന്നു
കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭൂമിക വണ്‍സ്റ്റോപ്പ് ക്രൈസിസ് സെന്ററിലേക്ക് എന്‍എച്ച്ആര്‍എം മുഖേന ഒരു ഫീമെയില്‍ കൗണ്‍സിലറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസ വേതനമായി 14620 രൂപ ലഭിക്കും. സോഷ്യല്‍ വര്‍ക്കര്‍ മാസ്റ്റര്‍ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ (മെഡിക്കല്‍ ആന്റ് സൈക്കാട്രിക്) രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുണ്ടായിരിക്കണം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്ക്റ്റുകള്‍ സഹിതം മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫിസിലെ എന്‍ആര്‍എച്ച്എം വിഭാഗത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672209466.ഭക്ഷ്യസുരക്ഷയിലേക്കുളള ഇലയറിവുകളുമായി പിലിക്കോട് സി കെ എന്‍ സ്‌കൂള്‍ ഹരിതസേന
കാസര്‍കോട്:ഔഷധ മൂല്യമുളള ഇലവിഭവങ്ങളിലൂടെ ഭക്ഷ്യ സമൃദ്ധിയും പൂര്‍ണ്ണാരോഗ്യവും തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ, സി കെ എന്‍ എസ്, ജി എച്ച് എസ് എസ് പിലിക്കോടിലെ ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച കൈപ്പുസ്തകം ഇലയറിവ് ഭക്ഷ്യസുര ക്ഷയുടെ പുതിയ അധ്യായം രചിക്കുകയാണ്. ദേശീയ പരിസ്ഥിതി ബോധവത്കരണ പരി പാടിയുടെ ഭാഗമായി തയ്യാറാക്കിയ ഈ കൊച്ചുപുസ്തകം നാട്ടറിവുകളുടെ കലവറയായി മാറുകയാണ്.രണ്ട് ഭാഗമായി ക്രമീകരിച്ച പുസ്തകത്തിന്റെ ആദ്യ പകുതിയില്‍ നമ്മുടെ ചുറ്റു പാടുകളില്‍ സമൃദ്ധമായി ലഭിക്കുന്ന ആരോഗ്യദായകമായ ഇലച്ചെടികളുടെ ഫോട്ടോയും വിശദാംശങ്ങളും, രണ്ടാം പകുതിയില്‍ അമ്പതോളം ഇലക്കറി വിഭവങ്ങളും തയ്യാറാക്കുന്ന രീതികളുമാണ് പ്രതിപാദിച്ചിരിക്കുന്നത്.

ഇലവിഭവങ്ങളുള്‍പ്പെടെ എന്‍ഡോസള്‍ഫാന്‍ പോലുളള മാരക കീടനാശിനികള്‍ തളിച്ച, പച്ചക്കറികള്‍ വിപണിയില്‍ വ്യാപകമാകുന്നു. ഫലമോ മാരക രോഗങ്ങളും നിരവധി ആരോഗ്യ പ്രശ്‌നങ്ങളും. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസംസ്‌കാരം തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തോടെ നമ്മുടെ തൊടികളിലും മറ്റും യഥേഷ്ടം ലഭിക്കുന്ന മുളളന്‍ ചീര, കുപ്പ ചീര, വേലിച്ചീര, കാട്ടുചീര, സാമ്പാര്‍ ചീര, സൗഹൃദച്ചീര, വഷളന്‍ ചിര, കൊടുത്തൂവ, മുത്തിള്‍, മുഞ്ഞ, വൈശ്യപ്പുളി, പുതിന, വെളളില, തഴുതാമ, ഉഴുന്ന് ഇല, എന്നിങ്ങനെ നിരവധി നാടന്‍ ഇലവിഭവങ്ങളും അവയുടെ ഗുണഗണങ്ങളും വിഭവങ്ങള്‍ തയ്യാറാക്കുന്ന രീതിയും ഉള്‍ക്കൊളളിച്ചുകൊണ്ട് പുസ്തകം തയ്യാറായത്.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ നടന്ന ഇലക്കറി മഹോത്സവത്തില്‍ നിന്നുമാണ് ഇലയറിവ് പുസ്തകത്തിന്റെ ആശയം രൂപപ്പെടുന്നത്. 100 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ഹരിത സേനയിലെ അംഗങ്ങളും സ്‌കൂളിലെ മറ്റ് കുട്ടികളും നാട്ടറിവുകളിലൂടെ കണ്ടെത്തിയും സമാഹരിച്ചതുമായ ഭക്ഷ്യയോഗ്യമായ 600 ഓളം ഇല വിഭവങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 ഇലകളും വിഭവങ്ങളുമാണ് പുസ്തകത്തിന്റെ ഉളളടക്കം. 44 പേജുളള പുസ്തകത്തിന്റെ അണിയറ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികള്‍ തന്നെ. പുസ്‌കത്തിനാവശ്യമായ വിവരങ്ങളും വിഭവങ്ങളുടെ വിശദാംശവും ഫോട്ടോയും ഇലക്കറി പ്രചാരകനായ സജീവന്‍ കാവുങ്കരയാണ് നല്‍കിയത്.

2013 ലെ പരിസ്ഥിതി ദിന സന്ദേശമായ ചിന്തിക്കുക ആഹരിക്കുക , സംരക്ഷിക്കുക എന്ന പ്രതിജ്ഞയുടെ പൂര്‍ത്തീകരണമാണ് ഈ പുസ്തകത്തിലൂടെ യാഥാര്‍ത്ഥ്യമായതെന്നാണ് സ്‌കൂളില്‍ ഹരിത സേനയുടെ കോര്‍ഡിനേറ്ററും പുസ്തകത്തിന്റെ എഡിറ്ററും കൂടിയായ കെ ജയചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തിലൂന്നി ഹരിത സേനാംഗങ്ങളിലൂടെയും കുടുംബശ്രീ പ്രവര്‍ത്തകരിലൂടെയും ഇലയറിവ് ജനങ്ങളിലേക്കെത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ സ്‌കൂള്‍ ഒന്നടങ്കം മുഴുകിയിരിക്കുന്നത്.


കാസര്‍കോട് എം.പി. ഫണ്ട് വിനിയോഗം വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ പി.കരുണാകരന്‍ എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് വിശദമാക്കുന്ന വെബ് സൈറ്റ് ആരംഭിച്ചു.

http://59.90.80.112/mpladskasaragod എന്നാണ് വെബ്‌സൈറ്റ് വിലാസം. കളക്‌ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി.കരുണാകരന്‍ എം.പി. വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (ഉദുമ) അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയകുമാര്‍ മീനോത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്റര്‍ ഓഫീസര്‍ അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പതിനൊന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത പഞ്ചായത്തുകളില്‍ 230 പ്രൊജക്ടുകള്‍ നബാഡ് സഹായത്തോടെ നടപ്പാക്കാനായത് ശ്രദ്ധേയമായ നേട്ടമാണെന്ന് പി.കരുണാകരന്‍ എം.പി. പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് പാര്‍ലമെന്ററി അംഗത്തിന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച് വെബ്‌സൈറ്റ് ആരംഭിച്ചത്.

ജനുവരി 31 വരെ കാസര്‍കോട് ജില്ലയില്‍ 97.6 ശതമാനം തുകയും കാസര്‍കോട് ലോകസഭാ മണ്ഡലത്തിലാകെ 88 ശതമാനം തുകയും ചെലവഴിച്ചു. 7.50 കോടി ചെലവഴിക്കാന്‍ ബാക്കിയുണ്ട്. ജില്ലയില്‍ 380 പ്രവര്‍ത്തികളില്‍ 180 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. മുഴുവന്‍ പ്രവര്‍ത്തികള്‍ക്കും ഭരണാനുമതി നല്‍കിയതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗത്തിന്റെ പ്രാദേശിക വികസന പദ്ധതിക്ക് വേണ്ടി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. പൊതു ജനങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും എം.പി. യെ അറിയിക്കുന്നതിനുള്ള സംവിധാനം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  kasaragod, Development project, Seminar, MLA, N.A.Nellikunnu, Education, Collectorate, inauguration, 


Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL