Reading | വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത: വായന ശീലമാക്കു, ഗ്രേസ് മാർക്ക് നേടൂ; വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി അടുത്ത അധ്യായന വർഷത്തിൽ

● പൊതുസമൂഹത്തിൽ ഉണ്ടാകുന്ന വിഷയങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് വിദ്യാർത്ഥികളുടെ പോക്ക്.
● 2024 മാർച്ച് മാസം തന്നെ ഇതിന്റെ പ്രാഥമിക ചർച്ചകൾ സർക്കാർതലത്തിൽ നടന്നിരുന്നുതുമാണ്.
● സ്കൂളുകളിൽ 'വായനോത്സവം' ഉൾപ്പെടെയുള്ള പദ്ധതികൾ ആരംഭിക്കും.
● സ്കൂളുകളിൽ 'വായനോത്സവം' സംഘടിപ്പിക്കുക എന്നത് അതിലൊന്നാണ്.
തിരുവനന്തപുരം: (KasargodVartha) ജനറൽ നോളജിന്റെ അഭാവമാണ് വിദ്യാർത്ഥികളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകാത്തതെന്ന തിരിച്ചറിവ് വിദ്യാഭ്യാസ വകുപ്പിനും തോന്നിത്തുടങ്ങി എന്നതിന്റെ സൂചനയാണ് പത്ര വായന സ്കൂൾ അധ്യായനത്തിന്റെ ഭാഗമാക്കാനുള്ള സർക്കാർ നടപടിക്ക് പിന്നിലെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.
പൊതുസമൂഹത്തിൽ ഉണ്ടാകുന്ന വിഷയങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് വിദ്യാർത്ഥികളുടെ പോക്ക്. വിദ്യാർത്ഥി സമൂഹത്തിന് താൽപര്യം അടിച്ചുപൊളിക്കലാണ്. പൊതുവിജ്ഞാനത്തിന്റെ അഭാവമാണ് ഇതിന് കാരണമാകുന്നത്. വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത, മൊബൈൽ ഫോൺ, ഇന്റർനെറ്റ് അടിമത്തം, കുട്ടികൾക്കിടയിലെ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന അപകടങ്ങളും നിയമനടപടികളുമെല്ലാം സംഭവിക്കുന്നത് ഇന്നിപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന സംഭവവികാസങ്ങളാണ്.
വിദ്യാർത്ഥി സമൂഹത്തെ തെറ്റായ വഴിയിൽ നിന്ന് പിന്തിരിപ്പിക്കാൻ കൂടിയാണ് പുസ്തക, പത്രവായനകൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള നടപടിയുമായി ഇപ്പോൾ സർക്കാർ മുന്നോട്ടു പോകുന്നത്. അടുത്ത അധ്യായന വർഷത്തിൽ തന്നെ ഇത് നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. 2024 മാർച്ച് മാസം തന്നെ ഇതിന്റെ പ്രാഥമിക ചർച്ചകൾ സർക്കാർതലത്തിൽ നടന്നിരുന്നുതുമാണ്.
വിവിധ പദ്ധതികളുമാണ് വായനയുമായി ബന്ധപ്പെട്ട് സർക്കാർ ഇതിനായി ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂളുകളിൽ 'വായനോത്സവം' സംഘടിപ്പിക്കുക എന്നത് അതിലൊന്നാണ്. വായനയ്ക്ക് പ്രത്യേക പിരീയഡ്, പത്രവാർത്തകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. സ്കൂളുകളിലെ ലൈബ്രറികളികളെ വിദ്യാർത്ഥികൾ തിരിഞ്ഞു നോക്കുന്നില്ലെന്നും, പുസ്തകങ്ങൾ ചിതലഴിച്ച് നശിച്ചു കൊണ്ടിരിക്കുകയാണെന്നും നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.
വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നതോടെ ലൈബ്രറികൾ സജീവമാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ കരുതുന്നു. ഒപ്പം ജനറൽ നോളജ് നേടാനും സാധിക്കും. ഇത് വിദ്യാർത്ഥികളുടെ നിലവിലെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തന്നെ പദ്ധതി പ്രഖ്യാപനത്തിൽ പറയുന്നു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലുള്ള 37 ലക്ഷത്തോളം വിദ്യാർഥികളെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഗ്രേസ്മാർക്ക് നൽകാനുള്ള തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രി പറയുന്നു. തീരുമാനത്തെ പത്രപ്രവർത്തക യൂണിയനുകൾ ഇതിനകം തന്നെ സ്വാഗതം ചെയ്തിട്ടുമുണ്ട്.
#ReadingForStudents #GraceMarks #EducationScheme #ReadingHabit #StudentEngagement #general knowledge