city-gold-ad-for-blogger

വിവാദ ചവിട്ടു നാടകം: ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ചതില്‍ തനിക്കും മകള്‍ക്കും പങ്കില്ലെന്ന് മുന്‍ എം.എല്‍.എ.

കാസര്‍കോട്: (www.kasargodvartha.com 06/02/2015) സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെടുത്തി ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും തനിക്കതില്‍ യാതൊരു പങ്കുമില്ലെന്നും ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഒരു പൊതുപ്രവര്‍ത്തകനായ തന്നെ തേജോവധം ചെയ്യാന്‍ ബോധപൂര്‍വ്വം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 10 അംഗങ്ങളുള്ള ചവിട്ടുനാടക മത്സര സംഘത്തില്‍ ഉദുമ സ്‌കൂളില്‍ പ്ലസ് വണിനു പഠിക്കുന്ന തന്റെ മകള്‍ കെ.ആര്‍. മാളവികയും പങ്കെടുത്തിരുന്നു. ലോകായുക്തയില്‍ നിന്നു അപ്പീല്‍ നേടിയാണ് ഉദുമ സ്‌കൂളിന്റെ ചവിട്ടുനാടകം സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിച്ചത്. അപ്പീല്‍ നേടുന്നതിനു ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ തന്റെ ഭാഗത്തു നിന്നു യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. സ്‌കൂള്‍ കലോത്സവ ടീം മാനേജരായ സി.പി.അഭിരാം എന്ന അധ്യാപകനാണ് അപ്പീലിനു വേണ്ടിയുള്ള നടപടികള്‍ നീക്കിയത്. താനോ, മകളോ ഒരു അപേക്ഷയും നല്‍കുകയോ, ഒപ്പിടുകയോ ചെയ്തിട്ടില്ല.

ലോകായുക്തയുടെ മുമ്പാകെ ഹാജരാകാന്‍ ഒരു നോട്ടീസും തനിക്കോ, മകള്‍ക്കോ ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിക്കുകയാണെങ്കില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തും. കലോത്സവ ടീം മാനേജരായിരുന്ന അധ്യാപകന്‍ മുന്‍കൈയെടുത്തു നടത്തിയ കാര്യങ്ങളുടെ പേരില്‍ താനടക്കമുള്ള രക്ഷിതാക്കള്‍ക്കും പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന കലോത്സവത്തില്‍ ഉദുമ സ്‌കൂളിലെ കുട്ടികള്‍ പങ്കെടുത്ത സംഘനൃത്തം, ചവിട്ടുനാടകം, ദേശഭക്തിഗാനം, വഞ്ചിപ്പാട്ട് എന്നീ മത്സരങ്ങള്‍ ലോകായുക്തയുടെ അപ്പീല്‍ സമ്പാദിച്ചു അവതരിപ്പിച്ചതാണെന്നു ടീം മാനേജരും  അറിയിച്ചിട്ടുണ്ട്.  ലോകായുക്തയെ സമീപിക്കാന്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ശേഖരിച്ച പത്രറിപോര്‍ട്ടുകള്‍, വിവരാവകാശം വഴി ലഭിച്ച സ്‌കോര്‍ ഷീറ്റുകള്‍, കുട്ടികളുടെ അപ്പീല്‍ നിരസിച്ചുകൊണ്ടുള്ള ഡി.ഡി.ഇ.യുടെ ഉത്തരവിന്റെ പകര്‍പ്പ് എന്നിവ തിരുവനന്തപുരത്തെ അഭിഭാഷകന്‍ ബാബു പോത്തന്‍കോടിനു ടീം മാനേജര്‍ എന്ന നിലയ്ക്കു താന്‍ അയച്ചുകൊടുക്കുക മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും രക്ഷിതാക്കളോ, വിദ്യാര്‍ത്ഥികളോ ആരും തന്നെ അതില്‍ ഒപ്പിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2015 ജനുവരി 17നു അപ്പീല്‍ അനുവദിച്ചതായി വക്കീല്‍ അറിയിക്കുകയും അതിന്റെ രേഖ കലോത്സവ വേദിയിലെ പ്രോഗ്രാം ഓഫീസില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കുട്ടികള്‍ മത്സരിച്ചത്. ലോകായുക്തയുടെ മുമ്പില്‍ ഇക്കാര്യം ബോധ്യപ്പെടുത്തുകയും നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നും അഭിരാമും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വിവാദ ചവിട്ടു നാടകം: ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ചതില്‍ തനിക്കും മകള്‍ക്കും പങ്കില്ലെന്ന് മുന്‍ എം.എല്‍.എ.

Keywords :  Kasaragod, Kerala, Udma, School, Education, MLA, K.V Kunhiraman, Kalolsavam,  Controversy,  Ex MLA KV Kunhiraman's clarification. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia