city-gold-ad-for-blogger

വിദ്യാഭ്യാസ മികവിന് മുന്നേറ്റം പദ്ധതി

വിദ്യാഭ്യാസ മികവിന് മുന്നേറ്റം പദ്ധതി
കാസര്‍കോട്: പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മികവ് ലക്ഷ്യമിട്ട് ആവിഷ്‌ക്കരിക്കുന്ന ‘മുന്നേറ്റം’പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും വിവധ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലെ മൂന്നു മുതല്‍ പതിനെട്ടു വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.സ്‌കൂള്‍ പ്രായപരിധിയിലുള്ള മുഴുവന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ ചേര്‍ന്നു എന്ന് ഉറപ്പുവരുത്തുക, കൊഴിഞ്ഞു പോക്ക് തടയുക, എസ്.എസ്.എല്‍.സി. - ഹയര്‍സെക്കണ്ടറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഗ്രേഡോടെ പഠനം പൂര്‍ത്തിയാക്കുന്നു എന്ന് ഉറപ്പുവരുത്തുക മികച്ച ഉന്നത വിദ്യഭ്യാസ അവസരങ്ങള്‍ക്കായി പ്രാപ്തരാക്കുക, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും മത്സര പരീക്ഷകള്‍ക്കും പരിശീലനം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ‘മുന്നേറ്റം’പദ്ധതി വിഭാവനം ചെയ്യുന്നു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലെ അപര്യാപ്തതകളും മോശമായ ഗൃഹാന്തരീക്ഷവും മൂലം ഈ വിഭാഗത്തില്‍പ്പെട്ട പലവിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നോക്കം പോകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് മറികടക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷം കൊണ്ട് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ജില്ലയിലെ ആയിരത്തോളം പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അതത് കോളനികളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒത്തു ചേര്‍ന്ന് പഠിക്കുവാനുള്ള കേന്ദ്രമായിരിക്കും ഇത്. ഫര്‍ണിച്ചറുകള്‍, ലഘുഭക്ഷണം, പത്ര-മാസികകള്‍, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ക്രമാനുഗതമായി പഠന കേന്ദ്രത്തില്‍ ലഭ്യമാക്കും. ഒഴിവു ദിവസങ്ങളില്‍ കലാ-സാംസ്‌ക്കാരിക പരിപാടികള്‍ ഒരുക്കും. പത്ര-പുസ്തക പാരായണവും, സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളും പഠന കേന്ദ്രത്തില്‍ സംഘടിപ്പിക്കും. ഗൈഡന്‍സ്-കോച്ചിംഗ് ക്ലാസുകള്‍, തുല്യതാ പരീക്ഷാ പരിശീലനം എന്നിവയും കോളനികളിലെ പഠന കേന്ദ്രത്തില്‍ സംഘടിപ്പിക്കും. ഇവിടങ്ങളില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ജില്ലാ-പഞ്ചയത്ത്-കോളനി തലങ്ങളില്‍ ജനകീയ സമിതിയും അക്കാദമിക്ക് സമിതിയും രൂപീകരിച്ചാണ് പദ്ധതി നിര്‍വ്വഹണം നടത്തുക. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ വിപുലമായ സര്‍വ്വെ നടത്തും. ജൂലൈ 14 ന് നടത്തുന്ന സര്‍വ്വെയില്‍ ലഭിക്കുന്ന വിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ജൂലൈ 25 ന് വിശലകനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കും. കോളനികളില്‍ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പ്രോജക്ടുകള്‍ തയ്യാറാക്കി കൊണ്ടായിരിക്കും. പഠനകേന്ദ്രങ്ങളില്‍ ജനകീയ അക്കാദമിക്ക് സമിതികളുടെ നിരന്തര മൂല്യനിര്‍ണ്ണയവും ഉറപ്പാക്കും.

മുന്നേറ്റം’പദ്ധതി വിശദീകരിക്കുന്നതിനായി കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്വാമളാദേവി അധ്യക്ഷയായി. ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്‍, പഞ്ചായത്ത്- നഗരസഭ അധ്യക്ഷന്മാര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Education projects, SC students, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia