Academic Excellence | കേരള കേന്ദ്ര സർവകലാശാലയ്ക്ക് ശാസ്ത്ര പശ്ചാത്തലത്തിൽ നിന്നുള്ള വൈസ് ചാൻസലർ ചരിത്രത്തിലാദ്യം; പുതിയ വിസി ഡോ. സിദ്ദു പി അൽഗൂറിനെക്കുറിച്ച് അറിയാം

● കമ്പ്യൂട്ടർ സയൻസിൽ അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയാണ്.
● വിജയനഗര ശ്രീകൃഷ്ണദേവരായ സർവകലാശാലയുടെ മുൻ വിസിയാണ്.
● റാണി ചന്നമ്മ സർവകലാശാലയുടെ രജിസ്ട്രാറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാസർകോട്: (KasargodVartha) കമ്പ്യൂട്ടർ സയൻസിലെ പ്രഗത്ഭനും അക്കാദമിക് രംഗത്തെ അതികായനുമായ ഡോ. സിദ്ദു പി അൽഗൂർ കേരള കേന്ദ്ര സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി നിയമിതനായപ്പോൾ ചരിത്രത്തിൽ പുതിയ അധ്യായം കൂടി കുറിക്കപ്പെടുകയാണ്. ഇതാദ്യമായാണ് ശാസ്ത്ര പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾ കേരള കേന്ദ്ര സർവകലാശാലയുടെ പരമോന്നത സ്ഥാനത്തേക്ക് എത്തുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഉത്തരവിലൂടെയാണ് ഡോ. സിദ്ദു ഈ സുപ്രധാന പദവിയിലേക്ക് നിയമിതനായത്.
പുതിയ വൈസ് ചാൻസലറായി ചുമതലയേൽക്കുന്ന ഡോ. സിദ്ദു പി അൽഗൂർ കമ്പ്യൂട്ടർ സയൻസിൽ അഗാധമായ അറിവുള്ള വ്യക്തിയാണ്. 2019 മുതൽ 2024 വരെ കർണാടകയിലെ വിജയനഗര ശ്രീകൃഷ്ണദേവരായ സർവകലാശാലയുടെ വൈസ് ചാൻസലറായി അദ്ദേഹം മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്. ഈ കാലയളവിലെ അദ്ദേഹത്തിൻ്റെ ഭരണപരമായ കഴിവുകൾ ഏറെ പ്രശംസ നേടിയതാണ്. കമ്പ്യൂട്ടർ സയൻസിലെ പ്രൊഫസർ എന്ന നിലയിലും പ്രമുഖ അക്കാദമിക് വിദഗ്ധൻ എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു.
2009-ൽ സ്ഥാപിതമായ കേരള കേന്ദ്ര സർവകലാശാല വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സ്ഥാനo നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 28ന് അന്നത്തെ വൈസ് ചാൻസലറായിരുന്ന പ്രൊഫസർ എച്ച് വെങ്കടേശ്വർലു അന്തരിച്ചതിനെ തുടർന്ന് ഈ സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. .
വിദ്യാഭ്യാസവും വൈദഗ്ധ്യവും:
കമ്പ്യൂട്ടർ സയൻസിൽ ഡാറ്റാ മൈനിംഗ്, നോളജ് ഡിസ്കവറി, ബിഗ് ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഡോ. സിദ്ദുവിന് പ്രത്യേക വൈദഗ്ധ്യമുണ്ട്. മൈസൂർ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദവും, അലഹബാദിലെ മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും, ഗുൽബർഗ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനോടകം അഞ്ച് പിഎച്ച്ഡി ഗവേഷകർക്ക് അദ്ദേഹം ഗൈഡ് ചെയ്യുകയും ദേശീയ അന്തർദേശീയ ജേണലുകളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ച് വർഷത്തെ കാലാവധി:
65 വയസുള്ള പ്രൊഫസർ സിദ്ദു അൽഗൂർ ഈ സ്ഥാനത്ത് അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ 70 വയസ് തികയുന്നതുവരെയോ സേവനമനുഷ്ഠിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് സർവകലാശാലാ രജിസ്ട്രാർക്ക് ലഭിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1959ൽ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ടെർദാലിലാണ് അദ്ദേഹം ജനിച്ചത്. പ്രൊഫസർ അൽഗൂറിന് ഭരണപരമായ രംഗത്തും വലിയ പരിചയമുണ്ട്. അദ്ദേഹം ബെലഗാവിയിലെ റാണി ചന്നമ്മ സർവകലാശാലയുടെ രജിസ്ട്രാറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അവിടെ അദ്ദേഹം സർവകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക് പരിഷ്കാരങ്ങൾക്കും നേതൃത്വം നൽകുകയും സുപ്രധാനമായ ഗവേഷണ ഫണ്ടിംഗ് നേടിയെടുക്കാൻ സഹായിക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ ആജീവനാന്ത അംഗവും, കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിന്റെയും അംഗവുമാണ് അദ്ദേഹം.
ദീർഘകാലത്തെ അക്കാദമിക് ജീവിതം:
ഡോ. സിദ്ദുവിന് 32 വർഷത്തിലധികം നീണ്ട അക്കാദമിക് ജീവിതമുണ്ട്. ധാർവാഡിലെ എസ്ഡിഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ഹുബ്ബള്ളിയിലെ ബിവിബി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ബെളഗാവിയിലെ കെഎൽഇ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി തുടങ്ങിയ നിരവധി പ്രമുഖ സ്ഥാപനങ്ങളിൽ അദ്ദേഹം വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റാണി ചന്നമ്മ സർവകലാശാലയിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കർണാടക സർക്കാരിൻ്റെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ 40 ലക്ഷം രൂപയുടെ അത്യാധുനിക ലാബാണ് അദ്ദേഹം അവിടെ സ്ഥാപിച്ചത്.
റാണി ചന്നമ്മ സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗം, അക്കാദമിക് കൗൺസിൽ അംഗം, പിജി പ്രോഗ്രാം ഡയറക്ടർ, സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് സയൻസസ് ഡീൻ, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ എന്നീ സുപ്രധാന സ്ഥാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, വിവിധ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും അക്കാദമിക് കൗൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2014ലെ പിജിസിഇടി (എംബിഎ, എംസിഎ പ്രവേശന പരീക്ഷ) ചീഫ് കോ-ഓർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചു. ഗ്രാമീണ വിദ്യാർത്ഥികളുടെ സൗകര്യത്തിനായി ജമഖണ്ഡിയിൽ പിജി സെൻ്റർ സ്ഥാപിക്കുന്നതിലും അദ്ദേഹത്തിൻ്റെ പങ്ക് വളരെ വലുതായിരുന്നു. ഡോ. സിദ്ദുവിന്റെ ഈ അനുഭവസമ്പത്തുകൾ കേരള കേന്ദ്ര സർവകലാശാലയുടെ വളർച്ചയ്ക്ക് നിർണായകമാകും.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Dr. Siddhu P Algur, a computer science expert, has been appointed as the new Vice-Chancellor of Central University of Kerala. This is the first time a person with a science background is appointed to this position. He has served as Vice-Chancellor of Vijayanagara Sri Krishnadevaraya University and has extensive academic and administrative experience.
#KeralaUniversity, #ViceChancellor, #DrSiddhuAlgur, #EducationNews, #AcademicExcellence, #Kasaragod